Exclusive News
കേരളത്തിന്റെ പ്രിയപ്പെട്ട പാണക്കാട് തങ്ങൾ

by :
കബീർ മുതുപറമ്പ്
പ്രസിഡൻ്റ്, എം.എസ്.എഫ്
മലപ്പുറം ജില്ലാ കമ്മിറ്റി

ഉമ്മറത്തുണ്ടാകുമായിരുന്നു ആ സ്നേഹ വിളക്ക്…
അഭയത്തിന്റെ
ആശ്രയത്തിന്റെ
സാന്ത്വനത്തിന്റെ ആൾരൂപം…
കൊടപ്പനക്കൽ വീട്ടിലെ തങ്ങൾ,
കേരളത്തിന്റെ പ്രിയപ്പെട്ട പാണക്കാട് തങ്ങൾ…


പ്രയാസങ്ങളും വേദനകളുമായി വരുന്നവർക്ക് നേരെ പുഞ്ചിരിച്ച് കൊണ്ട് അവരുടെ എല്ലാ ആധികൾക്കും പുഞ്ചിരി കൊണ്ട് പരിഹാരം തീർക്കുമായിരുന്നു, പ്രിയ തങ്ങൾ…

വായന ഒരു ശീലമാക്കിയ തങ്ങൾ, കുട്ടികളെയും
യാത്രകളെയും ഏറെ ഇഷ്ട്ടപ്പെട്ട തങ്ങൾ…

ഭരണ കേന്ദ്രങ്ങളില്‍ അസ്വസ്ഥത തീപ്പടര്‍ന്ന നാളുകളില്‍
അഭയം തേടി അവരൊക്കെയും വന്നത് പാണക്കാട്ടേക്കായിരുന്നു…

പരസ്പരം അകന്നപ്പോഴും
അടുത്തപ്പോഴും,
മനം മടുത്തപ്പോഴും
ഇനിയെന്തെന്ന
ചോദ്യചിഹ്നമുയർന്നപ്പോഴും
അവര്‍ തങ്ങളുടെ സാമീപ്യം ആഗ്രഹിച്ചു.
അധികാരത്തിന്റെ മേലങ്കിയഴിച്ച് ജനനായകർ ആശ്വാസത്തിന്റെ തെളിനീരിനായി വന്നതും അവിടെക്കായിരുന്നു…
അതായിരുന്നു രാഷ്ട്രീയ കേരളത്തിന്റെ തങ്ങള്‍!

അധികാര സ്ഥാനങ്ങള്‍ വഹിച്ചിട്ടില്ല,
ഒരു സ്ഥാനത്തേക്കും മത്സരിച്ചിട്ടില്ല,
ഭരണഘടനപരമായോ
വ്യവസ്ഥാപിതമായോ മറ്റേതെങ്കിലും സ്ഥാനവും കയ്യാളിയിട്ടില്ല,
നെടുനീളൻ പ്രസംഗങ്ങളോ
പ്രസ്ഥാവനകളോ നടത്തിയിട്ടില്ല…എന്നിട്ടും പതിഞ്ഞ സ്വരത്തിലുള്ള ആ വാക്കുകൾക്കായി കേരളം കാതോർത്തു നിന്നു…

വിവിധ മതാനുയായികള്‍ക്കിടയില്‍ സ്പര്‍ദ്ധയല്ല,
സൗഹാര്‍ദ്പൂര്‍ണമായ സമ്പര്‍ക്കമാണ് വേണ്ടതെന്നും തന്റെ അനുയായികളെ
പഠിപ്പിച്ച തങ്ങള്‍…

അമരത്തുണ്ടായിരുന്നു
ഏതു കൊടുങ്കാറ്റിലും പതറാത്ത വൃക്ഷമായി….

അവസാനമായി സന്ദര്‍ഷിച്ചത് വിടപറയുന്നതിന് ഒരാഴ്ച മുമ്പായിരുന്നിരിക്കണം.പരിപൂര്‍ണ്ണവിശ്രമം നിര്‍ദ്ദേശിക്കപ്പെട്ട സമയം,കോളേജ് ഇലക്ഷനുമായി ബന്ധപ്പെട്ട് msf കാര്‍ വന്നിട്ടുണ്ടെന്ന് അലവിക്ക വഴി അറിയിച്ചപ്പോള്‍ അകത്തേക്ക് വരാന്‍ ക്ഷണം.ഒരു പിതാവിന്‍റെ വാത്സല്യത്തോടെയുള്ള പെരുമാറ്റം,ഒരു നേതാവിന്‍റെ പക്വതയോടുള്ള നിര്‍ദ്ദേശങ്ങള്‍,കോളേജില്‍ മാത്രമല്ല സ്വന്തം നാട്ടിലും രാഷ്ട്രീയ സാംസ്കാരിക മേഖലകളില്‍ നിറഞ്ഞ് നില്‍ക്കണമെന്ന ഉപദേശം…..

അല്‍പം ആശങ്കയോടെ അകത്ത് കയറിയ കോളേജ് യൂണിയന്‍ സ്ഥാനാര്‍ത്ഥികളുടെ മുഖത്തൊക്കെ തിരിച്ചിറങ്ങുമ്പോള്‍ തെളിഞ്ഞ ആത്മവിശ്വാസം,തെരെഞ്ഞടുപ്പിന് മുന്‍പേ വിജയിച്ച ജേതാവിന്‍റെ പുഞ്ചിരി….

ഏതു പെരുമഴയിലും
ചേര്‍ന്നു നില്‍ക്കാനോരു മരച്ചുവടായ്മാറിയിരുന്ന തങ്ങൾ നമ്മോട് വിട പറഞ്ഞിട്ട് 11 വർഷം തികയുന്നു…… പ്രാർത്ഥനാപൂർവ്വം…

Share this post: