തിരൂര്‍: കോണ്‍ഗ്രസിനെ മുന്നില്‍കണ്ട് ബി.ജെ.പി. കേരളത്തില്‍ സ്വപ്നം കാണുന്നതായി സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ സഹായത്തോടെയാണു ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചത്. ഇവിടങ്ങളില്‍ പരാജയപ്പെട്ടിട്ടുപോലും കോണ്‍ഗ്രസുമായി കൂട്ടുകൂടിയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചത്. കേരളത്തിലും സമാനരീതി പയറ്റാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. തിരൂര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഗഫൂര്‍ പി.ലില്ലീസിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ 35തങ്ങള്‍ക്ക് ലഭിച്ചാല്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബി.ജെ.പി. പ്രഖ്യാപിച്ചത് കോണ്‍ഗ്രസിനെ മുന്നില്‍കണ്ടാണ്. ബി.ജെ.പിയെ എതിര്‍ത്താല്‍ സി.ബി.ഐ, ഇ.ഡി എന്നിവരെ കാണിച്ചു ഭീഷണിപ്പെടുത്താനാണു ശ്രമങ്ങള്‍ നടക്കുന്നത്. ഭരണഘടനയുടെ മറ്റൊരു പ്രധാനപ്പെട്ട സ്തംഭമാണ് ഫെഡറല്‍ സംവിധാനം. ഇന്ത്യയുടെ ഫെഡറല്‍ സംവിധാനം ഇന്ന് ഏറ്റവും കൂടുതല്‍ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഒരു സ്ഥാനവും അനുവദിച്ചുകൊടുക്കുന്നില്ല. ജി.എസ്.ടി.യുടെ വിഹിതം സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം വീതിച്ചുകൊടുക്കുന്നില്ല. സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുകയാണ്. ജി.എസ്.ടി. കൗണ്‍സിലില്‍ ബി.ജെ.പി ഇതര സംസ്ഥാനങ്ങിലെ സര്‍ക്കാറുകള്‍ ശബ്ദം ഉയര്ത്തിയതുകൊണ്ടാണു അവര്‍ക്ക് എന്തെങ്കിലും ലഭിക്കുന്ന സാഹചര്യമുണ്ടായത്. സ്വശ്രയമായിട്ടുള്ള സ്വന്തംകാലില്‍ നില്ക്കാന് സാധിക്കുന്ന സംസ്ഥാനങ്ങള്‍ ഉണ്ടാകരുതെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. എല്ലാ സംസ്ഥാനങ്ങളും എപ്പോള്‍ കേന്ദ്രത്തെ ആശ്രയിച്ചുനില്ക്കണമെന്നാണ് കേന്ദ്രനിലപാട്. അവര്‍ക്കൊരു തുല്യസ്ഥാനമോ, പദവിയോ അനുവദിക്കാന്‍ സര്‍ക്കാര്‍ തെയ്യാറാകുന്നില്ല. രാജ്യത്തിന്റെ വൈവിധ്യം നശിപ്പിച്ചു ഹിന്ദുത്വ ആശയംകൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്.