Exclusive News
സംസ്ഥാനം ഭരിക്കുന്നത് കേരളത്തെ ഉദ്യോഗാര്‍ത്ഥികളുടെ ശവപ്പറമ്പാക്കിയ സര്‍ക്കാര്‍- മുജീബ് കാടേരി

മലപ്പുറം : രാജ്യത്തെ തന്നെ ഏറ്റവും മികച്ച മാനവവിഭവ ശേഷി ലഭ്യമായ കേരളത്തില്‍ ഉദ്യോഗാര്‍ത്ഥികളുടെ മുഴുവന്‍ സ്വപ്്‌നങ്ങളും കരിച്ചു കളഞ്ഞ് സംസ്ഥാനത്തെ ഉദ്യോഗാര്‍ത്ഥികളുടെ ശവപ്പറമ്പാക്കി മാറ്റിയ സര്‍ക്കാറാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി പ്രസ്താവിച്ചു. മലപ്പുറത്ത് നിയമനാംഗീകാരവും ശമ്പളവും ലഭിക്കാത്ത എയ്ഡഡ് മേഖലയിലെ അധ്യാപകരുടെ സംഘടനയായ നോണ്‍ അപ്രൂവ്ഡ് ടീച്ചേഴ്‌സ് യൂണിയന്റെ അനിശ്ചിതകാല ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2016 മുതല്‍ 2020 വരെയുള്ള കാലയളവില്‍ സംസ്ഥാനത്തെ വിവിധ എയ്ഡഡ് സ്‌കൂളുകളില്‍ നിയമനം ലഭിച്ചിട്ടും നിയമന അംഗീകാരമോ, ശമ്പളമോ ലഭിക്കാത്ത മൂവായിരത്തിലേറെ അധ്യാപകര്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി ദുരിതം പേറുകയാണ്. 50 ശതമാനം അധ്യാപക ബാങ്കില്‍ നിന്നാകണമെന്ന  2016 ഡിസംബറിലെ കെ.ഇ.ആര്‍. ഭേഗഗതിയാണ്  ഉദ്യോഗാര്‍ത്ഥികളെ ദുരിത ജീവിതത്തിലേക്ക് തള്ളിവിട്ടത്. അധ്യാപക ബാങ്കിലുള്ള മുഴുവന്‍ ജീവനക്കാരെയും മാനേജ്‌മെന്റ് അസോസിയേഷന്‍ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടും സര്‍ക്കാര്‍ നിസ്സംഗത പുലര്‍ത്തുന്നത് ന്യായീകരിക്കാനാവാത്തതാണ്. പല ജില്ലകളിലും അധ്യാപക ബാങ്കില്‍ അധ്യാപകര്‍ ലഭ്യമല്ലാതിരിക്കുമ്പോഴും അന്യായമായ വാദഗതികളുയര്‍ത്തി സര്‍ക്കാര്‍ മുഖം തിരിഞ്ഞു നില്‍ക്കുന്നത് ഉദ്യോഗാര്‍ത്ഥികളോടുള്ള വെല്ലുവിളിയാണ്. സംസ്ഥാനത്ത് ഗവ. മേഖലയില്‍ നിയമന രീതികളായി പരിഗണിക്കുന്ന എംപ്ലോയ്‌മെന്റ് , പി എസ് സി നിയമന രീതികള്‍ക്കു പകരം എ കെ ജി സെന്ററില്‍ നിന്നും ഉദ്യോഗാര്‍ത്ഥികളെ നിയമിച്ചു തുടങ്ങിയത് യുവാക്കളോടുള്ള വെല്ലുവിളിയാണ്. പത്താം തരംപോലും പൂര്‍ത്തിയാവാത്തവര്‍ക്ക് സംസ്ഥാന സര്‍ക്കാറിന്റെ ഐ ടി വകുപ്പിന് കീഴിലും തന്ത്രപ്രധാനമേറിയ സ്‌പെയ്‌സ് പാര്‍ക്കിലുമെല്ലാം നിയമനം ലഭ്യമാകുന്ന നിയമന രീതി ഉദ്യോഗാര്‍ത്ഥികളുടെ മനോവീര്യം തകര്‍ക്കും. പട്ടിണിയും പ്രയാസവും മൂലം പെരുവഴിയിലായ നിയമനാംഗീകാരം ലഭിക്കാത്ത അധ്യാപകര്‍ക്ക് മുഴുവന്‍ പിന്തുണയും നല്‍കാന്‍ എല്ലാം മറന്ന് ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കെ പി സല്‍മാന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഷെരീഫ് മുടിക്കോട്, അബ്ദുല്‍റഷീദ് കൂമണ്ണ, നിഖില്‍ കെ, അഹമ്മദ് അമീന്‍ ചൂനൂര്‍ പ്രസംഗിച്ചു.

Share this post: