04 മാര്‍ച്ച് 2016
തിരുവനന്തപുരം : എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) പദ്ധതിയില്‍, ചില മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് കേന്ദ്ര ഗവണ്മെന്റ് 2016 ഫെബ്രുവരി 10 ല്‍ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതനുസരിച്ച് ആധാര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ സഹിതം യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പര്‍ എടുത്തിട്ടുള്ള ഇപിഎഫ് അംഗങ്ങള്‍ പിഎഫ് അക്കൗണ്ട് അന്തിമ സെറ്റില്‍മെന്റ്, പിഎഫ് അഡ്വാന്‍സ്, പെന്ഷന് പദ്ധതിയ്ക്ക് കീഴിലുള്ള പണം പിന്‍വലിക്കല്‍ എന്നിവയ്ക്ക് തൊഴിലുടമയുടെ സാക്ഷ്യപ്പെടുത്തല്‍ കൂടാതെ, ബന്ധപ്പെട്ട പിഎഫ് ഓഫീസുകളില്‍ നേരിട്ട് അപേക്ഷാ ഫോറം സമര്‍പ്പിച്ചാല്‍ മതിയാകും.
കൂടാതെ 57 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ഇപിഎഫ് തുകയുടെ 90 ശതമാനം പിന്‍വലിക്കാനും സൗകര്യമുണ്ട്. 58 വയസ്സില്‍ താഴെ പ്രായമുള്ള ഇപിഎഫ് അംഗങ്ങള്‍ക്ക് നിബന്ധനകള്‍ക്ക് ബാധകമായി ഇപിഎഫ് അക്കൗണ്ടിലെ തൊഴിലാളി വിഹിതം പലിശസഹിതം പിന്‍വലിക്കാനും സൗകര്യമുണ്ട്. ഇപിഎഫ് അക്കൗണ്ടിലെ തുക പൂര്‍ണ്ണമായും പിന്‍വലിക്കുന്നതിനുള്ള പ്രായപരിധി 55 ല്‍ നിന്നും 58 ആയി ഉയര്‍ത്തി. വിശദവിവരങ്ങള്‍ അടങ്ങിയ ഗസറ്റ് വിജ്ഞാപനം ഇപിഎഫ് വെബ്സൈറ്റായ www.epfindia.gov.in ല്‍ for office use എന്ന വിഭാഗത്തിലെ 705, 706 എന്നീ നമ്പരുകളിലുള്ള സര്‍ക്കുലറുകളില്‍ ലഭ്യമാണ്.