Top Stories
ജിഷാ വധം : പുതിയ സംഘത്തെ ചുമതലപ്പെടുത്തും: മുഖ്യമന്ത്രി പിണറായി വിജയന്‍
May 26, 2016

26, May 2016
തിരുവനന്തപുരം : പെരുമ്പാവൂര്‍ ജിഷ കൊലപാതക കേസ് അന്വേഷണത്തിന് എ.ഡി.ജി.പി ബി.സന്ധ്യയുടെ നേത്യത്വത്തില്‍ പുതിയ സംഘത്തെ ചുമതലപ്പെടുത്താന്‍ ഇന്ന് ചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകക്കുകയായിരുന്നു അദ്ദേഹം. ജിഷയുടെ അമ്മയ്ക്ക് 5000 രൂപ പ്രതിമാസ പെന്‍ഷന്‍ നല്‍കും. സഹോദരിയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനുളള തീരുമാനം ഉടന്‍ നടപ്പാക്കും. വീട് നിര്‍മ്മാണം 45 ദിവസത്തിനകം പൂര്‍ത്തിയാക്കും. എറണാകുളം ജില്ലാ കളക്ടറെ ഇതിനായി ചുമതലപ്പെടുത്തി. സര്‍ക്കാര്‍ വകുപ്പുകളില്‍ നിലവിലുളള ഒഴിവുകള്‍ പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് ചെയ്യണം. ചീഫ് സെക്രട്ടറി ദൈനംദിനം ഇതിന്റെ പുരോഗതി വിലയിരുത്തും. പി.എസ്.സി ലിസ്റ്റ് നിലവിലില്ലാത്ത തസ്തികകളില്‍ ഒഴിവുകള്‍ നികത്തുന്നത് സംബന്ധിച്ച് പി.എസ്.സിയുമായി ചര്‍ച്ച നടത്തും. ക്ഷേമ പെന്‍ഷന്‍ കുടിശിക കൊടുത്തു തീര്‍ക്കും, പെന്‍ഷന്‍ 1000 രൂപയാക്കും, ഇതിന്റെ വിശദാംശം ബഡ്ജറ്റില്‍ പ്രഖ്യാപിക്കും. പെന്‍ഷന്‍, ഗുണഭോക്താക്കളുടെ വീട്ടില്‍ എത്തിക്കുന്നതിനുളള സംവിധാനം ഒരുക്കും. ഇതിനുളള മാര്‍ഗം രൂപീകരിക്കുന്നതിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനെ ശക്തിപ്പെടുത്തും. ഇതിന്റെ ഭാഗമായി നിലവില്‍ വില നിയന്ത്രണത്തിന് അനുവദിച്ചുളള 75 കോടി രൂപ ഇരട്ടിയാക്കും. ആവശ്യമെങ്കില്‍ അധികം തുക അനുവദിക്കും. കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം പ്രൊഫഷണല്‍ രീതിയിലാക്കും. സംഭരണരീതി ആവശ്യമെങ്കില്‍ പരിഷ്‌കരിക്കും. മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനം വിലയിരുത്താന്‍ മെയ് 27 ന് വിവിധ വകുപ്പുകളുടെ ഉന്നതതലയോഗം ചേരും. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ പ്രവര്‍ത്തനം തുടരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ജനുവരിക്ക് ശേഷം മന്ത്രിസഭ കൈക്കൊണ്ട വിവാദ തീരുമാനങ്ങളില്‍ നിയമവിരുദ്ധമായവ ഉണ്ടെങ്കില്‍ പരിശോധിക്കാന്‍ മന്ത്രി എ.കെ ബാലന്റെ അധ്യക്ഷതയില്‍ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തി. ഗവര്‍ണറുടെ സൗകര്യം അനുസരിച്ച് എം.എല്‍.എ മാരുടെ സത്യപ്രതിജ്ഞ ചടങ്ങ് നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മന്ത്രിമാര്‍ക്ക് സ്വീകരണം ഏര്‍പ്പെടുത്തുമ്പോള്‍ കുട്ടികളെയും,താലപ്പൊലി ഏന്തിയ വനിതകളെയും അണിനിരത്തുന്ന സമ്പ്രദായം ഒഴിവാക്കണമെന്നും ആര്‍ഭാടം ഒഴിവാക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Share this post: