13, April 2016
തിരുവനന്തപുരം : കുസാറ്റിന്റെ (കൊച്ചിന് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്നോളജി) കീഴില്‍ എംടെക് (എയറോനോട്ടിക്സ്), മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, എവിയോണിക്സ് എന്നിവയില്‍ ബിരുദകോഴ്സുകള്‍ എന്നിവ പൂര്‍ത്തിയാക്കിയ നേവല്‍ എയര്‍ആം, തീരസംരക്ഷണസേനാ അംഗങ്ങളുടെ ബിരുദദാന ചടങ്ങ് കൊച്ചി നേവല്‍ ബേസിലെ നേവല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എയ്റോനോട്ടിക്കല്‍ ടെക്നോളജിയില്‍ നടന്നു. വൈസ് അഡ്മിറല്‍ ഗിരീഷ് ലുത്ര മുഖ്യാതിഥിയായിരുന്നു.വ്യോമയാനരംഗത്തെ വിദഗ്ദരെ സൃഷ്ടിക്കാന്‍ പരിശീലനത്തില്‍ ഉയര്‍ന്ന നിലവാരം ഉറപ്പുവരുത്താന്‍ നേവല്‍ ഇന്‍സ്റ്റിറ്റിയൂട്ട് നടത്തുന്ന ശ്രമങ്ങളെ വൈസ് അഡ്മിറല്‍ പ്രശംസിച്ചു. നാവിക സേനയിലെ ഉദ്യോഗസ്ഥര്‍ക്ക് മികച്ച വിദ്യാഭ്യാസം നല്കാന് കുസാറ്റും ഇന്ത്യന്‍ നേവിയും തമ്മില്‍ 2002 ല്‍ ധാരണാപത്രം ഒപ്പുവെച്ചിരുന്നു. ഇതനുസരിച്ച് നേവല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എയറോനോട്ടിക്കല്‍ ടെക്നോളജി നടത്തുന്ന പരിശീലന പരിപാടി കുസാറ്റ് അംഗീകരിച്ച് എം.ടെക്, ബി.എസ്.സി ബിരുദങ്ങള്‍ നല്‍കുകയായിരുന്നു.ഇതിനായി കുസാറ്റും ഇന്ത്യന്‍ നാവികസേനയും യോജിച്ച് നടത്തിയ ശ്രമങ്ങളെ വൈസ് അഡ്മിറല്‍ അഭിനന്ദിച്ചു. കുസാറ്റ്വൈസ് ചാന്‍സലര്‍ ഡോ.ജെ ലത, പ്രോ.വൈസ് ചാന്‍സലര്‍ ഡോ.കെ പൗലോസ്ജേക്കബ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.