Top Stories
വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ മുഖ്യതെരഞ്ഞെടുപ്പ്‌ ഓഫീസറും ഫേസ്‌ബുക്കും കൈകോര്‍ക്കുന്നു
April 16, 2016

16, April 2016
തിരുവനന്തപുരം : കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ സാമൂഹ്യ മാധ്യമമായ ഫേസ്‌ബുക്കിന്റെ സഹായം പ്രയോജനപ്പെടുത്തും. ഇതു സംബന്ധിച്ച്‌ കേരളത്തിന്റെ മുഖ്യതെരഞ്ഞെടുപ്പ്‌ ഓഫീസറും ഫേസ്‌ബുക്കും തമ്മില്‍ ധാരണയായി. ഇതനുസരിച്ച്‌ തെരഞ്ഞെടുപ്പിന്റെ തലേദിവസമായ മെയ്‌ 15 ന്‌ ഫേസ്‌ബുക്ക്‌ യൂസര്‍മാരുടെ ന്യൂസ്‌ഫീഡില്‍ വോട്ടര്‍മാരെ ബോധവത്‌കരിക്കുകയും വോട്ട്‌ ചെയ്യാന്‍ പ്രേരിപ്പിക്കുകയുംചെയ്യുന്ന ഒരു ഓര്‍മ്മപ്പെടുത്തല്‍ (റിമൈന്‍ഡര്‍) ഫേസ്‌ബുക്ക്‌ പ്രസിദ്ധീകരിക്കും. ഇംഗ്ലണ്ട്‌, അമേരിക്ക, കാനഡ എന്നിവിടങ്ങളില്‍ നടത്തിയ അതേ രീതിയിലുള്ള ബോധവത്‌കരണമാണ്‌ ഫേസ്‌ബുക്ക്‌ കേരള നിയമസഭാതെരഞ്ഞെടുപ്പിലും നടത്തുക. മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസറുടെ സിസ്റ്റമാറ്റിക്‌ വോട്ടേഴ്‌സ്‌ എഡുക്കേഷന്‍ ആന്റ്‌ ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ (സ്വീപ്പ്‌) പ്രചാരണ പരിപാടിയുടെ ഭാഗമായിട്ടാണ്‌ ജനങ്ങളെവോട്ട്‌ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഈ പദ്ധതി നടപ്പിലാക്കുന്നത്‌. തെരഞ്ഞടുപ്പില്‍ യുവാക്കളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ ഇതു സഹായിക്കുമെന്ന്‌ മുഖ്യതെരഞ്ഞെടുപ്പ്‌ ഓഫീസര്‍ ശ്രീ.ഇ.കെ മാജി പറഞ്ഞു. ഒരുവോട്ടറും പിന്തള്ളപ്പെടാന്‍ പാടില്ല’ എന്നതാണ്‌ തെരഞ്ഞെടുപ്പ്‌ കമീഷന്റെ മുദ്രവാക്യമെന്ന്‌ അദ്ദേഹംവ്യക്തമാക്കി.

Share this post: