25-Nov-2016
മലപ്പുറം: പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടുമാവോയിസ്റ്റുകള് കൊല്ലപ്പെട്ട നിലമ്പൂര്‍ മൂത്തേടം പടുക്ക വനത്തിലും വനാതിര്‍ത്തിയോടുചേര്‍ന്ന സ്ഥലങ്ങളിലും പോലീസ് കാവല്‍ ശക്തമാക്കി. പടുക്ക വനമേഖലയില്‍ പോലീസും തണ്ടര്‍ബോള്‍ട്ടും ഇന്നലെ സംയുക്തമായി ദീര്‍ഘനേരം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തൃശ്ശൂര്മേഖല ഐജിഎം ആര് അജിത്കുമാര്‍ അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. വെടിവെയ്പ്പിനിടെ രക്ഷപ്പെട്ട പത്തിലധികം വരുന്ന മാവോയിസ്റ്റ് സംഘം രക്ഷപ്പെടാതിരിക്കാന്‍ വനത്തിന്റെ നാലുഭാഗത്തും സായുധ പോലീസിനെ വ്യന്യസിച്ചിട്ടുണ്ട്. വയനാട്, കണ്ണൂര്‍, പാക്കാട്, തമിഴ്നാട്, കര്‍ണ്ണാടക അതിര്‍ത്തികളിലും കാവല്‍ ശക്തമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഐ ജി അറിയിച്ചു.
മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നിലമ്പൂര്‍ മേഖലയിലെ ഏഴ് പോലീസ് സ്റ്റേഷനുകള്‍ക്കും ആദിവാസി ഊരുകള്‍ക്കും പ്രത്യേക സുരക്ഷ ഒരുക്കും. പടുക്ക വനമേഖലയോടെ ചേര്‍ന്ന് കിടക്കുന്ന ആദിവാസി ഊരുകള്‍ക്കാണ് പ്രത്യേക സംരക്ഷണം ഉറപ്പാക്കുന്നത്. പോത്ത്കല്ല്, വഴിക്കടവ്, എടക്കര, നിലമ്പൂര്‍, പൂക്കോട്ടുംപാടം, കാളികാവ്, കരുവാരകുണ്ട് സ്റ്റേഷനുകള്‍ക്കാണ് പ്രത്യേക സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കുന്നത്. പോലീസ് സ്റ്റേഷനുകള്‍ക്ക് താല്‍ക്കാലിക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും പ്രത്യാക്രമണം ഉണ്ടായാല്‍ അത് അപര്യാപ്തമാകുമെന്ന തിരിച്ചറിവാണ് സുരക്ഷാക്രമീകരണങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കാനുള്ള തീരുമാനത്തിലേക്കെത്തിയത്. ഒന്‍പതു മാസം മുന്‍പാണ് മാവോയിസ്റ്റ് സേനാ വിഭാഗമായ പീപ്പള്‍സ് ആര്‍മി നിലമ്പൂരില്‍ താവളമടിച്ചിരുന്നതായാണ് വിവരം.
ഒരു വര്‍ഷത്തോളം പഴക്കമുള്ള രണ്ട് താല്കാലിക ഷെഡ്ഡുകളാണ് ഉണക്കപ്പാറ വനമേഖലയില്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. പതിനഞ്ച് പേര്‍ക്ക് വീതം താമസിക്കാവുന്നതാണ് ഷെഡ്ഡുകള്‍. ഷെഡ്ഡില്‍ നിന്നും ബോംബ് നിര്‍മിക്കാനാവശ്യമായ അസംസ്കൃത വസ്തുക്കളും ആയുധങ്ങളും കണ്ടെത്തിയതും പ്രത്യാക്രമണമുണ്ടാകുമോ എന്ന ചിന്തയുമാണ് കാവല്‍ ശക്തമാക്കാന്‍ പോലീസിനെ പ്രേരിപ്പിക്കുന്നത്.