Top Stories
അന്തരീക്ഷം കാര്‍മേഘം മൂടുമ്പോള്‍ ഉളളില്‍ തീയുമായി ആദിവാസി കുടുംബങ്ങള്‍
May 30, 2017

30-May-2017
കാളികാവ്: അന്തരീക്ഷം കാര്‍മേഘം മൂടുമ്പോള്‍ ഉളളില്‍ തീയുമായി കഴിയുകയാണ് ആദിവാസി കുടുംബങ്ങള്‍. അന്തിയുറങ്ങുന്ന ഓലക്കീറിനുമുകളില്‍ ചുറ്റുമുളള വന്‍മരങ്ങള്‍ കടപുഴകുമെന്നാണ് ഇവര്‍ ആശങ്കപ്പെടുന്നത്. ചോക്കാട് പഞ്ചായത്തിലെ ചിങ്കക്കല്ല് കോളനിയിലെ ഏതാനും കുടുംബങ്ങള്‍ക്കാണ് കാലവര്‍ഷം അടുത്തെത്തുമ്പോള്‍ ഭീതിയേറുന്നത്. വനത്തോട് ചേര്‍ന്ന് ഇവര്‍ താമസിക്കുന്ന കുടിലുകള്‍ക്ക് ചുറ്റും വന്‍വൃക്ഷങ്ങള്‍ പടര്‍ന്ന് പന്തലിച്ച് നില്‍ക്കുകയാണ്. പന്ത്രണ്ടോളം കുടുംബങ്ങളാണ് പതിറ്റാണ്ടുകളായി കോളനിയിലുളളത്. പാറക്കെട്ടുകള്‍ നിറഞ്ഞ പ്രദേശത്തെ കൂരകള്‍ക്ക് സമീപം വന്‍മരങ്ങള്‍ മുറിക്കണമെന്ന് ദീര്‍ഘകാലമായി ഇവര്‍ ആവശ്യപ്പെടുന്നത്.

മരം മുറിക്കാന്‍ തടസങ്ങളുണ്ടെങ്കില്‍ തങ്ങളെ മറ്റെവിടേക്കെങ്കിലും മാറ്റിപ്പാര്‍പ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ചിങ്കക്കല്ലില്‍ നിന്നും ആദിവാസികളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിപ്പാര്‍പ്പിക്കണമെന്ന ആവശ്യത്തിന് ആരും ചെലികൊണ്ടില്ല. ഇതിനടുത്ത് തന്നെയുളള ആദിവാസി കോളനിയായ ചേനപ്പാടിയില്‍ മൂന്നു വര്‍ഷം മുമ്പ് കാറ്റില്‍ മരം കടപുഴകി വീണ് ഒരു ബാലന്‍ മരിച്ചിരുന്നു. അതോടെ മാത്രമാണ് ഇവരെ കാടിറക്കി കൊണ്ടുവന്ന് സ്ഥലവും വീടും നല്‍കി പരുത്തിപെറ്റയില്‍ കുടിയിരുത്തിയത്. വീണ്ടും ഒരു പ്രകൃതി ദുരന്തമുണ്ടായാല്‍ മാത്രമേ ചിങ്കക്കല്ലില്‍ അധികൃതര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയുളളൂവെന്നാണ് ചോദ്യമുയരുന്നത്.

Share this post: