16-Jul-2017
മലപ്പുറം : ആര്‍ദ്രം മിഷന്റെ ഭാഗമായി ജില്ലയിലെ ഫാമിലി ഹെല്‍ത്ത് കമ്മിറ്റി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്നു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും ജില്ലാ കലക്ടര്‍ കോ- ചെയര്‍മാനും ജില്ലാ പ്രോഗ്രാം മാനേജര്‍ കണ്‍വീനറുമായ കമ്മിറ്റി രൂപീകരിച്ചു. ജില്ലയിലെ തിരഞ്ഞെടുത്ത പി. എച്ച്. സികളെ കുടുംബ ആരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് ഡി.പി.എം ഡോ.എ ഷിബുലാല്‍ യോഗത്തില്‍ വിശദീകരിച്ചു. ആര്‍ദ്രം പദ്ധതിയില്‍ ജില്ലയിലെ ഗവ.മെഡിക്കല്‍ കോളേജുകളിലും ഗവ. ആയൂര്‍വേദ ആശുപത്രികളിലും തിരൂര്‍ ജില്ല ആശുപത്രിയിലും ജില്ല ഹോമിയോ ആശുപത്രികളിലും നടപ്പിലാക്കാന്‍ ഉദേശിക്കുന്ന ഔട്ട് പേഷ്യന്റ് വിഭാഗത്തെ രോഗി സൗഹൃദങ്ങളാക്കാനും ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായും യോഗത്തില്‍ അറിയിച്ചു.
എസ്.സി എസ്.ടി, ആദിവാസി മേഖലകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് എഡിഎം റ്റി വിജയന് പറഞ്ഞു. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെട്ട 17 പി.എച്ച്. സികളില്‍ തിരുന്നാവായ, പാണ്ടിക്കാട് എന്നീ പി.എച്ച്.സി.കളെ ചിങ്ങം ഒന്നിന് ഉദ്ഘാടനത്തിന് സജ്ജമാക്കുമെന്നും ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു.
ഓരോ പൗരന്റെയും ആരോഗ്യ വിവരങ്ങള്‍ ഡിജിറ്റലായി സൂക്ഷിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയായ ഇ-ഹെല്‍ത്ത് പദ്ധതി ആദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഏഴ് ജില്ലകളിലാണ് നടപ്പാക്കുന്നത്. ഇതില്‍ ജില്ലയും ഉള്‍പ്പെടുന്നു. സംസ്ഥാന തലത്തിലെ തീരുമാന പ്രകാരം പുനരുദ്ധാരണ പ്രവര്‍ത്തിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി അവതരിപ്പിക്കുന്നതിനും ആശുപത്രികളുടെ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഹിന്ദുസ്ഥാന്‍ ലാറ്റെക്സ് ലിമിറ്റഡ്നെ ഏല്‍പ്പിക്കുവാനും എത്രയും വേഗം പ്രവൃത്തി ആരംഭിക്കുന്നതിന് വേണ്ട നടപടി കൈകൊള്ളാനും തീരുമാനമായി.
എഡിഎം റ്റി വിജയന് ,മഞ്ചേരി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് കെ. വി. നന്ദകുമാര്‍, ആയുര്‍വേദ ഡിഎംഒ ഡോ. കെ.എം മന്‍സൂര്‍, കുടുംബശ്രീ മിഷന് ഡി.പി.എം മാരായ അലി ഹസ്സന്, കെ.എസ് അസ്കര്‍, ഐടിഡിപി ജൂനിയര്‍ സൂപ്രണ്ട് സിന്ധു ടെക്നിക്കല്‍ അസിസ്റ്റന്റ് ടി.ഭാസ്കരന്, പി.എ.യു. എ.പി.ഒ (വി.& എം) അജീഷ് സി.കെ. എന്‍ആര്‍എച്ച്എം എഞ്ചിനീയര്‍ ഒ.എസ് രേഖശ്രീ, അനില്‍കുമാര്‍, എന്‍.എച്ച്.എം ഹെഡ് ക്വാര്‍ട്ടേഴ്സ് പി.ആര്.ഒ എ സംഗീത കുമാരി, ബിസിസി കണ്‍സള്‍ട്ടന്റ് ഇ.ആര്. ദിവ്യ, ബ്ലോക്ക് പി.ആര്.ഒമാരായ സീന പി.കെ. അനീഷ്. റ്റി. എ.,. സുബിന്. കെ. സാന്ദിനി. എന്നിവര്‍ പങ്കെടുത്തു.