Top Stories
ഇടതുപക്ഷ സര്‍ക്കാറിന്‌ പോലീസ്‌ നയവും നിയന്ത്രണവുമില്ല: രമേശ്‌ ചെന്നിത്തല
December 21, 2016

ramesh-chennithala21-Dec-2016
മലപ്പുറം: ഇടതുപക്ഷ സര്‍ക്കാറിന്‌ പോലീസ്‌ നയവും നിയന്ത്രണവുമില്ലെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല. സംസ്ഥാനത്ത്‌ പോലീസിന്റെ കിരാത വാഴ്‌ചയാണ്‌ നടക്കുന്നത്‌. നിസാര കേസുകളില്‍ യുഎപിഎ ചുമത്തുന്ന പോലീസ്‌ നടപടി അംഗീകരിക്കാനാവില്ലെന്നും രമേശ്‌ ചെന്നത്തല പറഞ്ഞു. മലപ്പുറത്ത്‌ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഫോര്‍ട്ട്‌ കൊച്ചിയിലുണ്ടായ പോലീസ്‌ നടപടി ആരെയും ഞെട്ടിപ്പിക്കുന്നതാണ്‌. ഇത്തരം നടപടി കേരളത്തില്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കരുത്‌. യുഎപിഎ നടപ്പാക്കുമ്പോള്‍ പോലീസ്‌ ജാഗ്രത കാണിക്കുന്നില്ല. കിരാത നടപടിയാണ്‌ ഇക്കാര്യത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്‌. ബിജെപി പ്രവര്‍ത്തകര്‍ നല്‍കുന്ന പരാതിയില്‍ ആര്‍ക്കെതിരെയും യുഎപിഎ ചുമത്താമെന്നത്‌ അംഗീകരിക്കാനാവില്ല. മുഖ്യമന്ത്രി ഇതെല്ലാം കണ്ടില്ലെന്ന്‌ നടിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ അറിവോടെയാണിതെല്ലാം നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ്‌ പറഞ്ഞു. ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക്‌ പോലീസിനുമേല്‍ നിയന്ത്രണം നഷ്ടപ്പെട്ടതിന്റെ തെളിവാണിതെല്ലാം. റേഷന്‍ കടകളില്‍ അരിവിതരണം മുടങ്ങിയതിന്റെ പൂര്‍ണ ഉത്തരവാദിത്വം സര്‍ക്കാറിനാണ്‌. ഭക്ഷ്യമന്ത്രി നിരുത്തരവാദിത്തത്തോടെ പെരുമാറുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെഎസ്‌ആര്‍ടിസി മിനിമം ചാര്‍ജ്‌ ഏഴ്‌ രൂപയാക്കി വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം പ്രതിഷേധാര്‍ഹമാണ്‌. ഇതില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്നും അദ്ദേഹം പറഞ്ഞു.

Share this post: