Top Stories
ഇനി ആത്മസംസ്‌കരണത്തിന്റെ രാപകലുകള്‍
May 27, 2017

27-May-2017
പുണ്യങ്ങളുടെ പൂക്കാലവുമായി പടിഞ്ഞാറന്‍ ചക്രവാളത്തില്‍ റംസാന്‍ പിറതെളിഞ്ഞു. വ്രതാനുഷ്ഠാനങ്ങള്‍ക്കൊരുങ്ങി നിന്ന വിശ്വാസികള്‍ക്ക് ഇനി ആത്മസംസ്‌കരണത്തിന്റെ രാപകലുകള്‍ .കാരുണ്യത്തിന്റെയും സഹനത്തിന്റെയും സന്ദേശവുമായി എത്തുന്ന റംസാന്‍ ആരാധനകള്‍ക്കും സത്കര്‍മ്മങ്ങള്‍ക്കും അളവറ്റ പ്രതിഫലം നല്‍കുന്ന മാസം കൂടിയാണ്. വിശുദ്ധ ഖുറാന്‍ അവതീര്‍ണ്ണമായ മാസമായ റംസാന്‍ വിശ്വാസികള്‍ക്ക് അവരുടെ വ്യക്തി ജീവിതത്തിലെ കണക്കെടുപ്പിന്റെ കാലം കൂടിയാണ്.
ബന്ധങ്ങള്‍ക്കും സ്‌നേഹസൗഹാര്‍ദങ്ങള്‍ക്കും വിലയില്ലാതെ, അക്രമവും അരാജകത്വവും വിളവെടുക്കുന്ന ആനുകാലിക ലോകത്ത് നന്മതിന്മകളാല്‍ സ്വജീവിതത്തില്‍ സംഭവിക്കപ്പെടുന്ന ലാഭനഷ്ടങ്ങള്‍ വിലയിരുത്താനും മനസ്സറിഞ്ഞ് പശ്ചാത്തപിക്കാനും വിശ്വാസികള്‍ക്ക് റംസാന്‍ അവസരം നല്‍കുന്നു. അങ്ങനെ നഷ്ടങ്ങള്‍ നികത്തി സാമൂഹിക ഐക്യം ഊട്ടിയുറപ്പിക്കാനുള്ള ഏക പോംവഴിയും റംസാന്‍ തന്നെ.
പകലുകളില്‍ അന്നപാനീയങ്ങള്‍ വെടിഞ്ഞ് വ്രതം നോറ്റ് വിശപ്പിന്റെയും ആരാധനയുടെയും വഴി പരിശീലിച്ചു വരുന്നവര്‍ക്ക് ജീവിതത്തില്‍ എത്ര വലിയ പ്രതിസന്ധികളെയും തരണം ചെയ്യാനും ക്ഷമിക്കാനും സഹജീവികളോട് കരുണ കാണിക്കാനുമാകുമെന്ന് പഴമക്കാര്‍ പറയുന്നു. ആരാധനയിലൂടെയാണ് റംസാനെ ധ്യമാക്കുന്നത്. പള്ളികളില്‍ ‘ഇഅത്തിക്കാഫ് ‘ ഇരിക്കുകയും വിശുദ്ധ ഖുറാന്‍ പാരായണം ചെയ്യുകയും ദാനധര്‍മ്മങ്ങള്‍ പതിവാക്കുകയും ചെയ്ത് റംസാന്‍ വ്രതം വിശ്വാസികള്‍ അനുഭൂതിയാക്കുന്നു. മതപ്രഭാഷണങ്ങളും സക്കാത്ത് വിതരണവും ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് നടക്കും. തനിക്കുള്ളതില്‍ ഒരു ഭാഗം ഇല്ലാത്തവന് നല്‍കി സമന്മാരാക്കുക എന്നതാണ് സക്കാത്തിന്റെ സന്ദേശം.
റംസാനിലെ 30 ദിനങ്ങളിലെ ഓരോ പത്തു ദിനങ്ങളും വിശേഷകരമാണ്. സര്‍വ്വശക്തന്റ കാരുണ്യം പെയ്തിറങ്ങുന്ന ദിവസങ്ങളാണ് ആദ്യ പത്ത്. രണ്ടാമത്തെ പത്ത് ദിനങ്ങളാകട്ടെ എത്ര കഠിനമായ തെറ്റ് ചെയ്താലും നാഥന്റെ അളവില്ലാത്ത കാരുണ്യത്താല്‍ എല്ലാം പൊറുക്കപ്പെടുകയും പ്രാര്‍ത്ഥനക്ക് ഉത്തരം നല്‍കുകയും ചെയ്യുന്ന പാപമോചനത്തിന്റെ ദിനങ്ങളാണ്. അവസാനത്തെ പത്ത് ദിവസങ്ങള്‍ ഏറെ ശ്രേഷ്ഠവും പുണ്യദായകവുമാണ്. ഇതിലെ ഒറ്റയിട്ട രാവുകളിലൊന്നിലാണ് ആയിരം മാസങ്ങളെക്കാള്‍ പുണ്യകരമായ ‘ലൈലത്തുല്‍ ഖദ്ര്‍ ‘ ( ശ്രേഷ്ഠ രാവ്) ഇറങ്ങുന്നത്. പുണ്യ ഗ്രന്ഥമായ ഖുറാര്‍ അവതരിച്ച ദിനം കൂടിയാണിതെന്ന് വിശ്വസിക്കുന്നു.
നാട്ടിലെ സന്നദ്ധ സാംസ്‌കാരിക സംഘടനകള്‍ നടത്തുന്ന ഇഫ്താര്‍ സംഗമങ്ങളും റിലീഫ് പ്രവര്‍ത്തനങ്ങളും റംസാന് മതേതര മുഖം നല്‍കുന്നു. വിശ്വാസപരമായി വിവിധ ചിന്താഗതികള്‍ പുലര്‍ത്തുന്നവരോട് പോലും സ്‌നേഹവിശ്വാസങ്ങള്‍ കാട്ടണമെന്ന നബി തിരുമേനിയുടെ ഉത്തമോപദേശം സ്വജീവിതത്തില്‍ പകര്‍ത്താന്‍ വിശ്വാസികള്‍ക്ക് റംസാന്‍ അവസരമേകുന്നു.

Share this post: