Top Stories
എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ് : മെയ് 20 വരെ പരിശോധന ഊര്‍ജിതമാക്കും
April 16, 2016

16, April 2016
മലപ്പുറം : മദ്യത്തിന്റെയും മയക്കു മരുന്നിന്റെയും അനധികൃത സംഭരണവും വിതരണവും തടയുന്നതിനും രഹസ്യ വിവരങ്ങള്‍ ശേഖരിക്കുന്നതിനുമായി എക്‌സൈസ് ഇന്റലിജന്‍സ് വിങിനെ ചുമതലപ്പെടുത്തിയതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ടി.വി റാഫേല്‍ അറിയിച്ചു. ഇതിനായി ഏപ്രില്‍ 11ന് തുടങ്ങിയ സ്‌പെഷല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ് മെയ് 20 വരെ തുടരും. വോട്ടെടുപ്പ് അവസാനിക്കുന്നതിനു മുമ്പള്ള 48 മണിക്കൂര്‍, വോട്ടെടുക്കുന്ന ദിവസം , ഡ്രൈഡെ എന്നീ ദിവസങ്ങളില്‍ മദ്യത്തിന്റെ ലഭ്യതയില്ലെന്ന് ഉറപ്പു വരുത്തുന്നതിനായി എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. അന്യസംസ്ഥാനത്ത് നിന്നും മദ്യം, മയക്കു മരുന്നുകള്‍ എന്നിവ കടത്തിക്കൊണ്ടു വരുന്നത് തടയുന്നതിനായി നിലമ്പൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ നിലമ്പൂര്‍ സര്‍ക്കിള്‍, നിലമ്പൂര്‍ റെയ്ഞ്ച്, കാളികാവ് റെയ്ഞ്ച് എന്നിവ ഉള്‍കൊള്ളിച്ച് വാഹന പരിശോധന, ബോര്‍ഡര്‍ പട്രോളിങ് എന്നിവയ്ക്കായി പ്രത്യേക ടീമിനെ ചുമതലപ്പെടുത്തി. ആഴ്ചയില്‍ രണ്ട് തവണ രാത്രി 12 മുതല്‍ രാവിലെ അഞ്ച് വരെ കോമ്പിങ് ഓപ്പറേഷന്‍ നടത്തിവരുന്നുണ്ട്. എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധന കര്‍ശനമാക്കി. കള്ള് ഷാപ്പുകളില്‍ വിതരണം ചെയ്യുന്ന കള്ള് രാസപരിശോധനയ്ക്ക് അയക്കുകയും ഷാപ്പുകളില്‍ മിന്നല്‍ പരിശോധന നടത്തി സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്തുവരുന്നു. സ്ഥിരം കുറ്റവാളികളെ നിരീക്ഷിക്കുന്നതിനായി യൂനിറ്റ് തലത്തില്‍ നിര്‍ദേശം നല്‍കി.

Share this post: