Top Stories
എടക്കര ഏരിയ സെക്രട്ടറി എം ആര്‍ ജയചന്ദ്രനെ പാര്‍ട്ടി ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കി
December 25, 2016

25-Dec-2016

നിലമ്പൂര്‍: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പി വി അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് എടക്കര ഏരിയ കമ്മിറ്റിയിലുണ്ടായ വിഭാഗീയതക്ക് നേതൃത്വം നല്‍കിയ എടക്കര ഏരിയ സെക്രട്ടറി എം ആര്‍ ജയചന്ദ്രനെ പാര്‍ട്ടി ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കി. പാര്‍ട്ടി ഏരിയ കമ്മിറ്റി ഓഫീസില്‍ വെള്ളിയാഴ്ച നടന്ന യോഗത്തിലാണ് ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍ നടപടി വിശദീകരിച്ചത്.

ഏരിയസെന്റര്‍ അംഗങ്ങളായ ടി പി ജോര്‍ജ്, ജി ശശിധരന്‍, എ ടി റെജി എന്നിവരെ ശാസനയിലും ഒതുക്കി. ടി പി ജോര്‍ജ് സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടിയാണ്. എ ടി റെജി മൂത്തേടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും ജി ശശിധരന്‍ മുന്‍ എടക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാണ്.

ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി നന്ദകുമാര്‍ അന്വേഷണ കമ്മീഷനായി നടത്തിയ അന്വേഷണത്തിന്റെ ഫലമായാണ് നടപടി.
വിഭാഗീയത ഒതുക്കേണ്ട നേതാക്കള്‍ തന്നെ വിഭാഗീയതക്ക് നേതൃത്വം നല്‍കിയെന്നതാണ് അച്ചടക്കലംഘനമായി കണക്കാക്കുന്നത്. എം ആര്‍ ജയചന്ദ്രന്‍ 2011 ലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രൊ. തോമസ് മാത്യുവിന് വേണ്ടി പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നും പരസ്യമായി ചുങ്കത്തറ പാര്‍ട്ടി ഓഫീസ് പിടിച്ചെടുക്കുകയും ബ്രാഞ്ച് അംഗങ്ങളെ കൊണ്ട് രാജി വെപ്പിക്കുകയും ചെയ്തതും അച്ചടക്കലംഘനമായാണ് കണക്കാക്കുന്നത്.

സിപിഎം ഏരിയ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി എം ഷൗക്കത്തിന് നല്‍കി. പാര്‍ട്ടി വിഭാഗീയതയുടെ പേരില്‍ നടപടിയെടുക്കുമ്പോഴും ശക്തമായ നടപടി ഉണ്ടായില്ലെന്ന ആക്ഷേപവും ഉണ്ട്.
എം ആര്‍ ജയചന്ദ്രനെ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കിയെങ്കിലും ഏരിയ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയിട്ടില്ല.
അന്വേഷണ കമ്മീഷന്റെ മുന്നില്‍ നേരിട്ട് ഹാജരാകാന്‍ തയ്യാറാകാതിരുന്ന ജി. ശശിധരന്‍ ഫോണിലൂടെയാണ് അന്വേഷണ കമ്മീഷന് മൊഴി നല്‍കിയത്.

അന്‍വറിനെതിരായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും എന്നാല്‍ അന്‍വറിന് അനുകൂലമായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും മൊഴി നല്‍കിയ ശശിധരനെ ശാസനയില്‍ ഒതുക്കിയത് അച്ചടക്ക നടപടി മൂലം നിലമ്പൂരിലെ പാര്‍ട്ടിയുടെ അവസ്ഥ എടക്കരയിലും ഉണ്ടാകുമോ എന്ന ആശങ്കയുടെ ഫലമായാണെന്നുംസൂചനയുണ്ട്. എം ആര്‍ ജയചന്ദ്രനെ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയത് ഒഴിച്ചാല്‍ കാര്യമായ നടപടിയൊന്നും ഉണ്ടായിട്ടുമില്ല. സിപിഎമ്മിലെ വിഭാഗീയത മുതലെടുക്കാന്‍ സിപിഐ രംഗത്തെത്തിയതായാണ് സൂചന. അച്ചടക്ക നടപടിയുണ്ടായ നേതാക്കളുമായി ഇവര്‍ ബന്ധപ്പെട്ടതായും അറിയുന്നു.

നിലമ്പൂര്‍ മണ്ഡലത്തില്‍ പി.വി. അന്‍വറിനോട് അകലം പാലിക്കുന്ന സിപിഐ അന്‍വര്‍ വിരുദ്ധരായ സിപിഎം നേതാക്കളെയും പ്രവര്‍ത്തകരെയും തങ്ങളുടെ പാളയത്തില്‍ എത്തിക്കുന്നതിനുള്ള നീക്കങ്ങളാണ് നടത്തുന്നത്.

Share this post: