21-Dec-2016
മലപ്പുറം: എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ദക്ഷിണേന്ത്യന്‍ അന്തര്‍ സര്‍വകലാശാലാ കലോത്സവ കിരീടം തിരിച്ചുപിടിച്ച കാലിക്കറ്റ് സര്‍വകലാശാലാ സംഘത്തിന് സര്‍വകലാശാലയില്‍ ഉജ്ജ്വലവരവേല്പ്പ്. ബാംഗ്ലൂരില്‍ സമാപിച്ച കലോത്സവത്തില്‍ 52 പോയിന്റ് നേടിയാണ് 32-ാമത് കിരീടം കാലിക്കറ്റ് സ്വന്തമാക്കിയത്. വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍, പ്രോവൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍, രജിസ്ട്രാര്‍ ഡോ.ടി.എ.അബ്ദുല്‍ മജീദ്, ഫിനാന്‍സ് ഓഫീസര്‍ കെ.പി.രാജേഷ് തുടങ്ങിയവര്‍ ജേതാക്കളെയും വ്യത്യസ്ത കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥി സംഘത്തെ നയിച്ച വിദ്യാര്‍ത്ഥി ക്ഷേമ ഡീന്‍ പി.വി.വല്സരാജിനെയും സ്വീകരിച്ചു. സിന്റിക്കേറ്റ് അംഗം കെ വിശ്വനാഥ്, ദിവ്യ ശശിധരന്, ഡിപ്പാര്‍ട്ടുമെന്റല്‍ സ്റ്റുഡന്റ്സ് യൂണിയന് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അന്തര്‍ സര്‍വകലാശാലാ കലോത്സവത്തിലെ വിജയികള്‍ക്ക് സര്‍വകലാശാല നല്കുന്ന സമ്മാനതുക വര്‍ധിപ്പിക്കുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. മത്സരങ്ങളില്‍ ബിപിന്‍ ആന്റണി പോസ്റ്റര്‍ മേക്കിംഗ് കൊളാഷില്‍ ഒന്നാം സ്ഥാനവും തല്‍സമയ പെയിന്റിംഗില്‍ രണ്ടാം സ്ഥാനവും നേടി. മൈമിന് ശ്രീരാജ് മുരളീധരനും സംഘവും ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആനന്ദ് വിശ്വനാഥ്, അബ്ദുല്‍ വാഹിദ്, ജോയല്‍ ഉമ്മന്‍ എന്നിവരുള്‍പ്പെട്ട ക്വിസ് ടീമും ഒന്നാം സ്ഥാനത്തെത്തി. ക്ലാസിക്കല്‍ പര്ക്കഷനില് കെ.നിഖിലിനും, ക്ലാസിക്കല്‍ നോണ്‍-പര്ക്കഷനില് കെ.സി.വിവേകിനും, ഇന്ത്യന്‍ സംഘഗാനത്തില്‍ വിന്ദുജ മേനോനും രാഹുല്‍ സത്യനാഥും നയിച്ച സംഘങ്ങള്‍ക്കും ഒന്നാം സ്ഥാനമുണ്ട്. വിന്ദുജ മേനോന് ലൈറ്റ് വോക്കലില്‍ രണ്ടാം സ്ഥാനവും നേടി. ഫോക്ക് ഓര്‍ക്കസ്ട്രയില്‍ അതുല്‍ കൃഷ്ണ നയിച്ച സംഘത്തിന് മൂന്നാം സ്ഥാനം ലഭിച്ചു. വെസ്റ്റേണ്‍ വോക്കലില്‍ ആഷിഷ് രമേശിനും മൂന്നാം സ്ഥാനമുണ്ട്.