Top Stories
എറിഞ്ഞ്‌ വീഴ്‌ത്തുന്നത്‌ സ്വര്‍ണ്ണമെഡലുകള്‍; സ്വന്തമായൊരു കൂര അതുല്യയ്‌ക്ക്‌ ഇനിയും സ്വപ്‌നം
December 05, 2016

discuss-throw-athulya04-Dec-2016

തേഞ്ഞിപ്പാലം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ മാറ്റുരച്ച മൂന്ന്‌ തവണയും ഡിസ്‌കസ്‌ ത്രോയില്‍ സ്വര്‍ണ്ണം. ഇതില്‍ രണ്ട്‌ തവണയും മീറ്റ്‌ റിക്കോര്‍ഡ്‌. കഴിഞ്ഞതവണ ദേശീയ സ്‌കൂള്‍ മീറ്റിലും ഈയിനത്തില്‍ സ്വര്‍ണ്ണം. സബ്‌ ജൂനിയര്‍ തലത്തില്‍ തുടര്‍ച്ചയായ രണ്ട്‌ തവണയും ഷോട്ട്‌പുട്ടില്‍ സ്വര്‍ണം. ദേശീയ സ്‌കൂള്‍ കായികമേളയില്‍ ഷോട്ട്‌പുട്ടില്‍ നേടിയ വെങ്കലമെഡല്‍ നേട്ടം ഇത്തവണ സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിലും ആവര്‍ത്തിച്ച മികവ്‌. നേട്ടങ്ങളുടെ പട്ടികയേറെ നിരത്താനുണ്ട്‌, നാട്ടിക ഗവ. ഫിഷറീസ്‌ ഹൈസ്‌കൂളിലെ ഈ ഒമ്പതാംക്ലാസ്‌ വിദ്യാര്‍ത്ഥിനിയ്‌ക്ക്‌. അറുപതാമത്‌ കേരള സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ തേഞ്ഞിപ്പാലം കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി സിന്തറ്റിക്‌ സ്റ്റേഡിയത്തില്‍ തുടര്‍ച്ചയായ രണ്ടാം തവണ ഡിസ്‌കസ്‌ ത്രോയില്‍ മീറ്റ്‌റിക്കോര്‍ഡ്‌ പഴങ്കഥയാക്കിയ അതുല്യ പി എ ജൂനിയര്‍ ഗേള്‍സ്‌ ഷോട്ട്‌പുട്ടില്‍ വെങ്കലവും നേടിക്കഴിഞ്ഞു. ഇനി ഹാമര്‍ത്രോയിലും മാറ്റുരയ്‌ക്കാനിരിക്കെ ഫീല്‍ഡില്‍ നിന്ന്‌ നേടിയെടുക്കാവുന്ന നേട്ടങ്ങളെക്കുറിച്ച്‌ അതുല്യയ്‌ക്ക്‌ വേവലാതിയില്ല. വാടകവീടിനപ്പുറത്തേക്ക്‌ വീടെന്ന സ്വപ്‌നത്തെ മുന്നോട്ട്‌ നയിക്കാന്‍ തന്റെ കുടുംബത്തിന്‌ ഇതുവരെ സാധിച്ചിട്ടില്ലെന്നതാണ്‌ ഈ വിദ്യാര്‍ത്ഥിനിയുടെ ഏകവിഷമം.
ജൂനിയര്‍ ഗേള്‍സ്‌ ഡിസ്‌കസ്‌ ത്രോയില്‍ 35.17 മീറ്റര്‍ ദൂരത്തേക്ക്‌ എറിഞ്ഞെത്തിച്ച അതുല്യ പതിമൂന്ന്‌ വര്‍ഷം മുമ്പ്‌ അനിത അബ്രഹാം സ്ഥാപിച്ച 35.17 ന്റെ റിക്കാര്‍ഡാണ്‌ ചരിത്രമാക്കിയത്‌. കഴിഞ്ഞ വര്‍ഷം കോഴിക്കോട്ട്‌ നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സബ്‌ജൂനിയര്‍ ഗേള്‍സ്‌ വിഭാഗം ഡിസ്‌കസ്‌ ത്രോയില്‍ 30.35 അടി ദൂരത്തേക്ക്‌ അതുല്യ ഡിസ്‌ക്‌ എറിഞ്ഞപ്പോള്‍ അന്ന്‌ 2008 ല്‍ ആതിര മുരളീധരന്‍ സ്ഥാപിച്ച 28.19 റിക്കോര്‍ഡ്‌ പഴങ്കഥയായിരുന്നു.
ബസ്‌ ഡ്രൈവറായ നാട്ടിക പരുവത്തിങ്കല്‍ അജയഘോഷിന്റെയും രതികയുടെയും മകളായ അതുല്യ നാട്ടിക സ്‌പോര്‍ട്‌ അക്കാദമിയിലെ കണ്ണന്റെ ശിക്ഷണത്തിലാണ്‌ കളത്തില്‍ നേട്ടങ്ങള്‍ കൊയ്യുന്നത്‌. ഗുസ്‌ഡ്‌ ഓട്ടോ ഓടിച്ചാണ്‌ ഉപജീവനത്തിനുള്ള വക കണ്ടെത്തുന്ന കണ്ണനും തന്റെ ശിഷ്യസമ്പത്തിലനപ്പുറത്ത്‌ മറ്റൊന്നും സമ്പാദിക്കാന്‍ സാധിച്ചിട്ടില്ല.

Share this post: