Top Stories
എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ നടപ്പിലാക്കുന്നത് മദ്യ വ്യാപന നയം : പി കെ കുഞ്ഞാലികുട്ടി
July 02, 2017

02-Jul-2017
മലപ്പുറം : മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ നടപ്പിലാക്കുന്നത് മദ്യ വ്യാപന നയമാണെന്ന് മുസ്്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി. മദ്യനയത്തില്‍ പ്രതിഷേധിച്ച് യുഡി എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത മാര്‍ച്ച് മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു. മദ്യവ്യാപനത്തിന് ഉദാഹരണമാണ് ഇടത് സര്‍ക്കാറിന്റെ പുതിയ മദ്യനയം. മദ്യ നിരോധനമല്ല വര്‍ജനമാണ് നാടിനാവശ്യം എന്ന് പറഞ്ഞാണ് പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയത്. എന്നാല്‍ ഇപ്പോള്‍ നടക്കുന്നത് നേരെ മറിച്ചാണ്. യുഡിഎഫ് ഭരണ കാലത്ത് കേരളത്തില്‍ റേഷന്‍ഷാപ്പുകള്‍ നല്‍കിയപ്പോള്‍ ഇടത് സര്‍ക്കാര്‍ കള്ളുഷാപ്പുകള്‍ അനുവദിച്ചാണ് ലക്ഷ്യം പൂര്‍ത്തീകരിക്കുന്നത്. എഞ്ചിനീയറിങ് കോളജുകള്‍ക്കും മെഡിക്കല്‍ കോളജുകള്‍ക്കും പകരം ബീവറേജുകളാണ് കേളത്തില്‍ വര്‍ദ്ധിക്കുന്നത്. ഇതിന്റെ അവശ്യകത എന്താണെന്ന് ആര്‍ക്കും ഒരുപിടിയും കിട്ടുന്നില്ല. പനി മൂലം ജനങ്ങള്‍ മരിക്കുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. എന്നാല്‍ ഇതിനെ പ്രതിരോധിക്കാന്‍ നടപടി കൈക്കൊള്ളുന്നതിന് പകരം മദ്യം കുടിപ്പിച്ച് ഉള്ള പ്രതിരോധ ശേഷിയും നശിപ്പിക്കാനാണ് ശ്രമിക്കുന്നത്. കേരളത്തില്‍ മദ്യ വിളമ്പി ആത്മ സംതൃപ്തി അടയാനുള്ള ശ്രമം ചിലര്‍ക്കുള്ള ഉപകാര സ്്മരണ കൂടിയാണ്. ഇതിനെതിരെ യുഡിഎഫ് ഒറ്റക്കെട്ടായി രംഗത്തുണ്ടെന്നും ശക്തമായ സമര പരിപാടികള്‍ തുടര്‍ന്നും സംസ്ഥാനത്തുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ടാക്‌സ് സംവിധാനം ഒന്നാക്കിയ കേന്ദ്ര സര്‍ക്കാര്‍ വര്‍ഗീയത അവസാനിപ്പിച്ച് മനുഷ്യരേയും ഒന്നായി കാണാന്‍ സംവിധാനമൊരുക്കണമെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.

നരേന്ദ്രമോദി ഇന്ത്യന്‍ മതേതരത്വത്തിനും ജനാധിപത്യത്തിനുമെതിരെ വെല്ലുവിളി ഉയര്‍യത്തികൊണ്ട് വര്‍ഗ്ഗീയ രാഷ്ട്രീയം കളിക്കുമ്പോള്‍, അധികാരത്തിന്റെ പിന്‍ബലത്തില്‍ ഏകാധിപതിയെപ്പോലെ ജനങ്ങളെ വെല്ലുവിളിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. വി വി പ്രകാശ് പറഞ്ഞു. യുഡിഎഫ് മാര്‍ച്ചില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യ നയം അട്ടിമറിച്ച് കേരളത്തെ സാമൂഹ്യവിരുദ്ധരുടെ താവളമാക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.സര്‍ക്കാറിന്റെ തെറ്റായ മദ്യനയം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഡിഎഫ് ജില്ലാ കണ്‍വീനര്‍ അഡ്വ. കെ എന്‍ എ ഖാദര്‍, ഇ മുഹമ്മദ് കുഞ്ഞി, വെന്നിയൂര്‍ മുഹമ്മദ് കുട്ടി, വാസു കാരയില്‍, കെ പി അനസ്, എംഎല്‍ എമാരായ എ പി അനില്‍ കുമാര്‍, മഞ്ഞളാംകുഴി അലി, അഡ്വ. എം ഉമര്‍, പി അബ്ദുല്‍ ഹമീദ്, കെ കെ ആബിദ് ഹുസൈന്‍ തങ്ങള്‍, പി ഉബൈദുല്ല, ടി.വി ഇബ്രാഹീം, അഷ്‌റഫ് കോക്കൂര്‍, അരിമ്പ്ര മുഹമ്മദ്, പി സൈതലവി, വി എ കരീം, എം എ ഖാദര്‍, സലീം കുരുവമ്പലം, അഡ്വ. എം റഹ്മത്തുല്ല, പ്രഫ. ഹരിപ്രിയ, സുഹറാ മമ്പാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share this post: