26-Nov-2016
പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം ഐ എച്ച് ആര് ഡിയുടെ ടെക്നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍, ഗവ. പോളി ടെക്നിക്ക് കോളേജ്, പെരിന്തല്‍മണ്ണ ഗവ. ഹൈസ്കൂള്‍ ഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കും ചെറുപ്പക്കാര്‍ക്കും കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിനെ പെരിന്തല്‍മണ്ണ റേഞ്ച് എക്സൈസ് പിടികൂടി. തേലക്കാട് താളിയില്‍ വീട്ടില്‍ വേലു മകന് രത്നകുമാര്‍ എന്ന കുഞ്ഞിമണി (39), പടപ്പറമ്പ് കുറിച്ചോലപ്പാടം ദേശത്ത് പാലാപറമ്പന് വീട്ടില്‍ ഹംസ മകന് അബ്ദുല്‍റസാക്ക് (41) എന്നിവരെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്യുന്നതിനിടയില്‍ പെരിന്തല്‍മണ്ണ റേഞ്ച് ഓഫീസിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍ ഇ ഉണ്ണികൃഷ്ണന് നമ്പൂതിരിയും പാര്‍ട്ടിയും അറസ്റ്റ് ചെയ്തത്.
അങ്ങാടിപ്പുറം റെയില്‍വേ പരിസരത്ത് കുട്ടികള്‍ക്കും മറ്റും കഞ്ചാവ് വില്‍പ്പന നടത്തുന്നതു ശ്രദ്ധയില്‍പ്പെട്ട ഒരു വീട്ടമ്മ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ റേഞ്ചിലെ പ്രത്യേക സ്ക്വാഡ് നടത്തിയ രഹസ്യ നീക്കത്തിലാണ് അങ്ങാടിപ്പുറം പോളിടെക്നിക് കോളേജ്, ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ പ്രവേശനകവാടം എന്നിവിടങ്ങളില്‍ നിന്നായി പ്രതികളെ പിടികൂടിയത്. ഇവരില്‍ നിന്നും 200 പൊതി കഞ്ചാവ് ഹീറോ ഹോണ്ട പാഷന് മോട്ടോര്‍ സൈക്കിള്‍ എന്നിവ കണ്ടെടുത്തു. കുട്ടികളെ ആകര്‍ഷിക്കുന്നതിനും കുട്ടികള്‍ക്ക് വാങ്ങാന്‍ സാധിക്കുന്നതിനുമായി ഒരു ഗ്രാം വീതമുള്ള പൊതികളാക്കിയാണ് ഇവര്‍ കഞ്ചാവ് വിറ്റിരുന്നത്. മറ്റുള്ളവര്‍ക്ക് അഞ്ച് ഗ്രാമിന്റെ പൊതികള്‍ 500 രൂപ നിരക്കിലാണ് വില്‍ക്കുന്നതെന്നും വിദ്യാര്‍ത്ഥികളെ ആകര്‍ഷിച്ച് ഇടപാടുകരാക്കുന്നതിനാണ് ചെറിയ തുകയ്ക്കുള്ള പൊതികള്‍ നല്‍കുന്നതെന്നും പ്രതികള്‍ എക്സൈസിനോട് പറഞ്ഞു. കുട്ടികളെ ലക്ഷ്യം വെച്ച് വന്‍ സംഘം പ്രവര്‍ത്തിക്കുന്നതായി പ്രതികളെ ചോദ്യം ചെയ്തതില്‍ എക്സൈസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.