Top Stories
കരനെല്‍ കൃഷി നിലമ്പൂര്‍ ബ്ലോക്കില്‍ കൂടുതല്‍ സ്ഥലത്തേക്ക്
June 17, 2017

17-Jun-2017
നിലമ്പൂര്‍: സംസ്ഥാനത്ത് നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൃഷിവകുപ്പ് നടപ്പാക്കിവരുന്ന കരനെല്‍ കൃഷി നിലമ്പൂര്‍ ബ്ലോക്കില്‍ കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിക്കുന്നു. ഈ വര്‍ഷം 23 ഹെക്ടര്‍ സ്ഥലത്താണ് കരനെല്‍കൃഷിക്ക് തുടക്കം കുറിച്ചതെന്ന് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി ടി ഗീത പറഞ്ഞു. ചാലിയാര്‍ പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ കരനെല്‍ കൃഷിയുള്ളത്. ഏഴര ഹെക്ടര്‍ സ്ഥലത്താണ് ഇവിടെ കൃഷി ചെയ്യുന്നത്. നിലമ്പൂര്‍ നഗരസഭയില്‍ മൂന്ന്, വഴിക്കടവ് രണ്ട്, പോത്ത്കല്ല് രണ്ട്, മൂത്തേടം രണ്ടര ഹെക്ടറുകളിലായാണ് കൃഷി. ചുങ്കത്തറ, എടക്കര പഞ്ചായത്തുകളിലും മൂന്ന് ഹെക്ടറോളം സ്ഥലത്ത് കരനെല്‍ കൃഷിയുണ്ട്. ഒരു ഹെക്ടറിന് 13,600 രൂപയാണ് സര്‍ക്കാര്‍ ധനസഹായം. ഇതില്‍ 3,600 വിത്തിനും 10,000 രൂപ കൃഷി ചെലവിനുമായാണ് നല്‍കുന്നത്. മട്ടത്രിവേണി ഇനത്തില്‍പ്പെട്ട വിത്തുകളാണ് കരനെല്‍കൃഷിക്കായി നല്‍കുന്നത്. 125 ദിവസം പ്രായമായാല്‍ വിളവെടുക്കാം. മെയ് മാസത്തില്‍ കര്‍ഷകര്‍ക്കാവശ്യമായ വിത്തുകള്‍ നല്‍കുകയും ജൂണ്‍ ആദ്യത്തോടെ നെല്‍ വിതക്കുകയും ചെയ്തിട്ടുണ്ട്. സെപ്റ്റംബര്‍ അവസാനത്തോടെയോ ഒക്ടോബര്‍ ആദ്യവാരമോ വിളവെടുക്കാം. സംസ്ഥാനത്തെ നെല്‍ വയലുകള്‍ വ്യാപകമായി മറ്റുകൃഷികള്‍ക്കായി വകമാറ്റുകയും ശേഷിക്കുന്ന നെല്‍വയലുകളില്‍ പോലും കൃഷിയിറക്കാന്‍ കര്‍ഷകന്‍ മടിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നെല്‍കൃഷിയുടെ പുനര്‍ജീവനത്തിനായി കൃഷിവകുപ്പിന്റെ ചുവടുവെയ്പ്പ്. 2016 നിലമ്പൂര്‍ ബ്ലോക്കില്‍ ഏഴ് ഹെക്ടര്‍ സ്ഥലത്ത് മാത്രമാണ് കരനെല്‍കൃഷിയുണ്ടായിരുന്നെങ്കില്‍ ഈ വര്‍ഷമത് മൂന്ന് ഇരട്ടിയിലേറെ സ്ഥലത്തേക്ക് വ്യാപിച്ചുകഴിഞ്ഞു. ആന്ധ്ര, പഞ്ചാബ്, ബംഗാള്‍ എന്നിവടങ്ങളില്‍ നിന്നാണ് അരി എത്തുന്നത്. ഈ സംസ്ഥാനങ്ങളില്‍ കാലാവസ്ഥയില്‍ ഉണ്ടായ തിരിച്ചടിയെ തുടര്‍ന്ന് അരിയുടെ സംസ്ഥാനത്തേക്കുള്ള വരവ് ഗണ്യമായി കുറഞ്ഞതോടെ തൊട്ടാല്‍ പൊള്ളുന്ന വിലയാണ് നിലവില്‍ അരിക്കുള്ളത്. ഇതിനെ മറികടക്കാന്‍ കരനെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിനൊടൊപ്പം ഒരുപ്പൂ കൃഷികള്‍ ഇരിപ്പൂ കൃഷിയാക്കാനുള്ള തീവ്രശ്രമവും കൃഷിവകുപ്പ് ആരംഭിച്ചുകഴിഞ്ഞു.

Share this post: