26-Nov-2016
(ബഷീര്‍ കല്ലായി)
മഞ്ചേരി: 500, 1000 രൂപയുടെ ഇന്ത്യന്‍ കറന്‍സി അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ രാജ്യം വിവാദച്ചുഴിയില്‍ അകപ്പട്ടിരിക്കയാണ്. ഏറെ പ്രതിഷേധങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും കാരണമായ ഈ നടപടി ഇന്ത്യയിലെ കറന്‍സി പിന്‍വലിക്കല്‍ ചരിത്രത്തിലെ സുപ്രധാന സംഭവമായി മാറിയിരിക്കയാണ്. മുന്‍പും രാജ്യത്ത് പലതവണ കറന്‍സികള്‍ പിന്‍വലിച്ചിട്ടുണ്ടെങ്കിലും അത് ജനങ്ങളില്‍ കാര്യമായ ചലനം സൃഷ്ടിച്ചിരുന്നില്ല. ഇന്ന് ബാങ്കുകള്‍ക്കും പോസ്റ്റോഫീസുകള്‍ക്കും എടിഎം കൗണ്ടറുകള്‍ക്ക് മുമ്പിനും രാവേറെ ചെല്ലുവോളം വരി നില്ക്കാന് ജനങ്ങള്‍ നിര്ബ്ബന്ധിതമായിരിക്കയാണ്.
1947 വരെ ഇന്ത്യയില്‍ ബ്രിട്ടീഷ് കറന്‍സികളാണ് ഉപയോഗിച്ച് വന്നിരുന്നത്. 1949-51 കാലഘട്ടങ്ങളില്‍ ഒരു രൂപയുടെ കറന്‍സി ഇറക്കിയതോടെയാണ് ഇന്ത്യന്‍ കറന്‍സി യുഗത്തിന് തിരശ്ശീല ഉയരുന്നത്. 1954ല്‍ രാമറാവു ഗവര്‍ണ്ണറായിരുന്ന സമയത്ത് 5000 രൂപയുടെയും 10000 രൂപയുടെയും കറന്‍സികള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കി. എന്നാല്‍ ഏറെതാമസിയാതെ തന്നെ ഈ നോട്ടുകള്‍ പിന്‍വലിക്കുകയായിരുന്നു. ഇതാണ് ഇന്ത്യന്‍ ചരിത്രത്തിലെ ആദ്യ കറന്‍സി അസാധുവാക്കല്‍. സാധാരണക്കാര്‍ക്ക് മാത്രമല്ല വന്പണക്കാര്ക്കും ഈ നോട്ടുകള്‍ കാണാന്‍ പോലും ലഭിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ഈ അസാധുവാക്കല്‍ രാജ്യത്ത് ചലനം സൃഷ്ടിച്ചില്ല. ഇന്ന് ഈ കറന്‍സികള്‍ക്ക് ലക്ഷങ്ങളുടെ വില നല്കാന് നാണയ ശേഖരക്കാര് തയ്യാറാണ്. ഏകദേശം ഇതേ കാലത്ത് ആയിരം രൂപയുടെ കറന്‍സി പുറത്തിറക്കിയിരുന്നുവെങ്കിലും ഇതിനും അല്‍പ്പായുസ്സായിരുന്നു.
1959ല്‍ പേര്‍ഷ്യന്‍ ഗള്‍ഫ് എന്ന പേരില്‍ ഒന്ന്, അഞ്ച്, പത്ത്, നൂറ് എന്നീ കറന്‍സികള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കി. കുവൈത്ത്, ബഹറൈന്‍, ഖത്തര്‍, മസ്ക്കത്ത്, യു എ ഇ എന്നിവിടങ്ങളില്‍ ഈ കറന്‍സി ഉപയോഗിക്കാമായിരുന്നു. എന്നാല്‍ താമസിയാതെ ഈ കറന്‍സികളും പിന്വലിക്കപ്പെട്ടവയുടെ ലിസ്റ്റിലേക്ക് മാറി.
ഗാന്ധിജി സബര്‍മതി ആശ്രമത്തിനു മുന്നില്‍ ചമ്രം പടിഞ്ഞിരിക്കുന്ന ചിത്രം ആലേഖനം ചെയ്ത രണ്ട്, അഞ്ച്, പത്ത്, നൂറ് എന്നീ കറന്‍സികള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 1969ല്‍ പുറത്തിറക്കിയെങ്കിലും പിന്നീട് ഇവയും പിന്‍വലിക്കപ്പെട്ടു. ആദ്യമായി പുറത്തിറക്കിയ അമ്പതു രൂപ നോട്ട് പിന്‍വലിക്കാന്‍ മറ്റൊരു കാരണമുണ്ടായിരുന്നു. ഇതില്‍ ആലേഖനം ചെയ്ത ഇന്ത്യന്‍ പാര്‍ലമെന്റ് ചിത്രത്തിലെ കൊടിമരത്തില്‍ പതാക ഇല്ലാത്തതായിരുന്നു കാരണം.
1975ല്‍ സെന്‍ഗുപ്ത റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണറായിരിക്കെ ആയിരം രൂപയുടെ കറന്‍സി പുറത്തിറക്കിയെങ്കിലും പിന്നീട് അധികാരത്തിലെത്തിയ മൊറാര്‍ജി ദേശായി സര്‍ക്കാര്‍ ഇത് പിന്‍വലിക്കുകയായിരുന്നു. രണ്ടു ദശാബ്ദക്കാലത്തിനു ശേഷമാണ് പിന്നീട് ആയിരം രൂപയുടെ നോട്ട് പുറത്തിറക്കുന്നത്. എന്നാല്‍ വര്‍ഷം രേഖപ്പെടുത്തിയില്ലെന്ന കാരണത്താല്‍ 2005ല്‍ ഇവയും തിരിച്ചു വിളിച്ചു.
തഞ്ചാവൂരിലെ ബ്രഹ്ദേശ്വര ക്ഷേത്രത്തിന്റെ സഹസ്ര വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ആയിരം രൂപയുടെ നാണയം പുറത്തിറക്കിയെങ്കിലും ഇതും പൊതുവിപണിയില്‍ സാര്‍വത്രികമായില്ല.
950ലാണ് ആദ്യമായി രണ്ട് രൂപ, അഞ്ച് രൂപ നോട്ടുകള്‍ സര്‍ക്കാര്‍ പുറത്തിറക്കിയത്. ഇരു നോട്ടുകളും വിവിധങ്ങളായ ഒമ്പതുതരത്തിലുള്ളവയായിരുന്നു. പതിനൊന്ന് തരത്തിലാണ് 1949ല്‍ പത്തു രൂപ നോട്ടുകള്‍ അടിച്ചിറക്കിയത്. 1950ല്‍ നൂറു രൂപയുടെ നോട്ടുകളിറക്കി. എട്ടു തരത്തിലായിരുന്നു ഈ നോട്ടുകള്‍. 1972ല്‍ പുറത്തിറക്കിയ 20 രൂപ നോട്ടുകള്‍ നാലുതരത്തിലായിരുന്നു. മൂന്നു വര്‍ഷത്തിനു ശേഷം നാലു തരത്തിലുള്ള അമ്പതു രൂപയുടെ നോട്ടുകളും പുറത്തിറക്കി. 1987ലാണ് 500 രൂപയുടെ കറന്‍സി ഭാരതം പുറത്തിറക്കുന്നത് അഞ്ച് തരത്തിലായിരുന്നു ഇവ. 1954ലും 1975ലും 2000ലും ആയിരം രൂപയുടെ കറന്‍സികള്‍ ഇറക്കിയിട്ടുണ്ട്.5000, 10000, പേര്‍ഷ്യന്‍ ഗള്‍ഫ് കറന്‍സിയിലെ 100 എന്നീ നോട്ടുകള്‍ ഒഴികെ ബ്രിട്ടീഷ് ഇന്ത്യന്‍ കറന്‍സികളടക്കം എണ്ണൂറോളം ഇനങ്ങള്‍ തൃപ്പനച്ചി എ യു പി സ്കൂള്‍ സാമൂഹ്യശാസ്ത്ര അദ്ധ്യാപകനായ എം സി അബ്ദുല്‍ അലിയുടെ ശേഖരത്തില്‍ കാണാം.