Top Stories
കാര്‍ഷിക പ്രതിസന്ധി; കര്‍ഷക കോണ്‍ഗ്രസ്‌ ധര്‍ണ്ണ നടത്തി
December 03, 2016

03-Dec-2016

ചങ്ങരംകുളം: കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിക്ക്‌ പരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട്‌ ആലങ്കോട്‌ മണ്ഡലം കര്‍ഷക കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലങ്കോട്‌ പഞ്ചായത്ത്‌ കൃഷി ഓഫീസിന്‌ മുന്നില്‍ ധര്‍ണ്ണ നടത്തി. ആലങ്കോട്‌ മണ്ഡലം കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ മുന്‍ പ്രസിഡണ്ട്‌ പി ടി സുബ്രഹ്‌മണ്യന്‍ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. സംഭരിച്ച തേങ്ങക്ക്‌ മാസങ്ങള്‍ കഴിഞ്ഞിട്ടും വില നല്‍കുന്നില്ലെന്ന്‌ മാത്രമല്ല സംഭരണം പോലും നര്‍ത്തിവെച്ച സാഹചര്യമാണ്‌ ഇപ്പോഴുള്ളത്‌. ഇതിനു വേണ്ടി നിയമിച്ചിരുന്ന താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടുകഴിഞ്ഞു. കൊട്ടിയാഘോഷിച്ചു മറ്റു പല പെന്‍ഷനുകള്‍ നല്‍കുകയും കര്‍ഷകര്‍ക്ക്‌ പെന്‍ഷന്‍ നല്‍കാതെ അവരെ ചതിക്കുകയായിരുന്നു.

കൂടാതെ വരുമാനടിസ്ഥാനത്തില്‍ പെന്‍ഷന്‍ നല്‍കാനുള്ള തീരുമാനം കര്‍ഷകരെ വീണ്ടും പ്രതിസന്ധിയിലാക്കാനുള്ള നടപടിയാണ്‌ ഗവണ്‍മെന്റ്‌ ചെയ്‌ത്‌ വരുന്നത്‌. ഇത്‌ നിലവില്‍ വന്നാല്‍ പകുതിയോളം കര്‍ഷകര്‍ക്കാണ്‌ പെന്‍ഷന്‍ നഷ്‌ടപ്പെടുക. പന്താവൂര്‍ ഇറിഗേഷന്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച്‌ പ്രവര്‍ത്തനത്തിന്‌ സ്ഥിര സംവിധാനമൊരുക്കുക, ആലങ്കോട്‌ കൃഷി ഓഫീസറെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ധര്‍ണ്ണയില്‍ ഉയര്‍ന്നു. ചങ്ങരംകുളത്ത്‌ നിന്ന്‌ ആരംഭിച്ച ജാഥക്ക്‌ എ എന്‍ ശ്രീകുമാര്‍, ബാലന്‍ പന്താവൂര്‍, മൂസ്സക്കുട്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ധര്‍ണ്ണയില്‍ യൂത്ത്‌കോണ്‍ഗ്രസ്‌ സംസ്ഥാന സെക്രട്ടറി സിദ്ദീഖ്‌ പന്താവൂര്‍, ടി കൃഷ്‌ണന്‍ നായര്‍, പി ടി എ ഖാദര്‍, വി കമറുദ്ദീന്‍, സിദ്ദീഖ്‌ ചുള്ളിയില്‍ സംസാരിച്ചു.

Share this post: