Top Stories
കിഡ്‌നി രോഗികളുടെ ഡയാലിസിസ്‌ മുടങ്ങുന്നത്‌ പതിവാകുന്നു
December 11, 2016

10-Dec-2016

നിലമ്പൂര്‍: കിഡ്‌നി രോഗികളുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുമ്പോഴും ആവശ്യത്തിന്‌ ഡയാലിസ്‌ മെഷിനുകള്‍ ഇല്ലാത്തതിനാല്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ അടക്കം കിഡ്‌നി രോഗികളുടെ ഡയാലിസിസ്‌ മുടങ്ങുന്നത്‌ പതിവാകുന്നു. നാല്‌ വര്‍ഷം മുന്‍പ്‌ നിലമ്പൂര്‍ താലൂക്കിലെ പാവപ്പെട്ട കിഡ്‌നി രോഗികള്‍ക്ക്‌ വേണ്ടി നിലമ്പൂര്‍ ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച്‌ ഡയാലിസിസ്‌ നടത്തുന്നതിന്‌ വേണ്ടി രൂപീകരിച്ച സംഘടനയാണ്‌ സ്‌പര്‍ശം. 75 ലക്ഷം രൂപ ചെലവില്‍ ഡയാലിസിസ്‌ നടത്താനാവശ്യമായ ഭൗതിക സൗകര്യങ്ങളും മെഷിനുകളും ഒരുക്കിയിട്ടുണ്ടെങ്കിലും രോഗികളുടെ എണ്ണത്തിലുണ്ടായി വര്‍ദ്ധനവ്‌ മൂലം ഇവിടെ രജിസ്‌റ്റര്‍ ചെയ്‌ത മുഴുവന്‍ ആളുകള്‍ക്കും യഥാസമയം ഡയാലിസിസ്‌ നല്‍കാനാവാത്ത അവസ്ഥയാണ്‌. നിലവില്‍ ഒമ്പത്‌ മെഷിനുകളാണ്‌ ഡയാലിസിസ്‌ സെന്ററിലുള്ളത്‌. അമരമ്പലം വ്യാപാരി വ്യവസായി ഏകോപന സമിതി ഇതിലേക്ക്‌ 29 ലക്ഷം സംഭാവനയായി നല്‍കി. കൂടാതെ നിരവധി സുമനസ്സുകള്‍ പദ്ധതിയെ കയ്യയച്ചുസഹായിച്ചു. കുറഞ്ഞത്‌ എട്ട്‌ മെഷിനുകള്‍ കൂടിയെങ്കിലും സ്ഥാപിച്ചാല്‍ മാത്രമേ ഇന്നത്തെ അവസ്ഥക്ക്‌ മാറ്റം വരൂ. ഇതിന്‌ വേണ്ടിയാണ്‌ വിപുലമായ വിഭവസമാഹരണത്തിന്‌ സൊസൈറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ പി ഉണ്ണികൃഷ്‌ണന്റെ അധ്യക്ഷതയില്‍ വെള്ളിയാഴ്‌ച വ്യാപാരഭവനില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായത്‌. ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ ഒ.ടി. ജെയിംസ്‌, ഇസ്‌മായീല്‍ മൂത്തേടം, ടി.പി. അഷ്‌റഫലി, ആലിപ്പറ്റ ജമീല, നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ്‌, മമ്പാട്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കണ്ണിയന്‍ റുഖിയ, ചോക്കാട്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അന്നമ്മ മാത്യു, പി.വി. ഹംസ, എ. ഗോപിനാഥ്‌, എം. കുഞ്ഞിമുഹമ്മദ്‌, ജസ്‌മല്‍ പുതിയറ, എന്‍. മജീദ്‌, കെ.എന്‍. ബഷീര്‍, വിനോദ്‌ പി. മേനോന്‍ എന്നിവര്‍ സംസാരിച്ചു.

Share this post: