24-Dec-2016
മഞ്ചേരി: അഞ്ചു വര്‍ഷം മുമ്പ് അരീക്കോട് കീഴുപറമ്പില്‍ ബൈക്ക് യാത്രികനെ കൊള്ളയടിച്ച് മുങ്ങിയ പ്രതികളെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പറവൂര്‍ കല്ലൂര്‍ വീട്ടില്‍ ബിബീഷ് (36), എറണാകുളം പറവൂര്‍ ആലങ്ങാട് പഴംപള്ളി വീട്ടില്‍ സിനോഷ് (30) എന്നിവരാണ് അറസ്റ്റിലായത്. 2011 ആഗസ്റ്റ് മൂന്നിനാണ് കേസിന്നാസ്പദമായ സംഭവം. ബൈക്കില്‍ കൊടുവള്ളിയിലെ ജ്വല്ലറിയിലേക്ക് പോകുകയായിരുന്ന തൊള്ളറമ്മല്‍ അബ്ദുസ്സലാം (40)നെയാണ് കൊള്ളയടിച്ചത്. ഇന്നോവ കാറില്‍ പിന്തുടര്ന്നെത്തിയ അഞ്ചംഗ സംഘം അരീക്കോട് കീഴുപറമ്പില്‍ വെച്ച് ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം അബ്ദുല്‍ സലാമിനെ കാറില്‍ കയറ്റി മര്‍ദ്ദിക്കുകയും കൈവശമുണ്ടായിരുന്ന ഏഴ് ലക്ഷം രൂപ തട്ടിയെടുത്ത ശേഷം റോഡില്‍ ഉപേക്ഷിക്കുകയുമായിരുന്നു. ഇവര്‍ സഞ്ചരിച്ച വാഹനം കോട്ടക്കല്‍ വെച്ച് പൊലീസ് തടഞ്ഞെങ്ങിലും പൊലീസ് വാഹനത്തെ ഇടിച്ച് ഇവര്‍ രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ വാഹനം ഓടിച്ച തൃശൂര്‍ പൂന്തോള്‍ സ്വദേശി അരീക്കാട്ടില്‍ ബൈജു, വടുകര സ്വദേശി ബിനോയ്, വേങ്ങര എട്ടുവീട്ടില്‍ നിസാമുദ്ദീന്‍ എന്നിവരടക്കം 15 പ്രതികളെ പിടികൂടിയിരുന്നു. ഇതില്‍ നിസാമുദ്ദീനെതിരെ മലപ്പുറം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ സമാന കേസുകള്‍ നിലവിലുണ്ട്. ആറുമാസം മുമ്പ് വേങ്ങരയില്‍ നടത്തിയ കവര്‍ച്ച കേസില്‍ ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ബിനോയ് സ്പിരിറ്റ് കടത്ത്, കവര്‍ച്ച തുടങ്ങിയ കേസുകളിലും പ്രതിയാണ്.
അരീക്കോട് സംഭവത്തിനു ശേഷം ഒളിവില്‍ പോയ ബിബീഷ് ഗോവ, മംഗലാപുരം, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍ കറങ്ങിയ ശേഷം എത്തിപ്പെട്ടത് സിനിമയിലാണ്. പല സിനിമകളിലും തലകാണിച്ച ബിബീഷ് ഈയിടെ റിലീസ് ചെയ്ത ‘കട്ടപ്പനയിലെ ഋത്വിക് റോഷന്’ എന്ന സിനിമയിലും ചെറിയ വേഷം ചെയ്തു. സിനോഷ് തൃശൂരില്‍ ചെറുകിട കരാര്‍ ജോലികള്‍ ഏറ്റെടുത്ത് ചെയ്തുവരികയായിരുന്നു. ഇവരെ സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഞ്ചേരി സിഐ കെഎം ബിജുവിന്റെ നേതൃത്വത്തില്‍ എസ് ഐ എസ്ബി കൈലാസ് നാഥ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ പി സഞ്ജീവ്, സലീം, ജോഷി തൃശൂര്‍, സുബൈര്‍, വാരിസ്, യൂനസ് എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
പ്രതികളെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഹരിപ്രിയ പി നമ്പ്യാര്‍ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.