Top Stories
കുടിവെള്ളത്തിനായി രണ്ട് പതിറ്റാണ്ടിലേറെക്കാലത്തെ കാത്തിരിപ്പിന് വിരാമമാകുന്നു
May 26, 2017

26-May-2017
കൊണ്ടോട്ടി: ഭൂദാനപ്രസ്ഥാനത്തിലൂടെ പേരു കേട്ട ചെറുകാവിലെ ദാനഗ്രാമില്‍ കുടിവെള്ളത്തിനായി രണ്ട് പതിറ്റാണ്ടിലേറെക്കാലത്തെ കാത്തിരിപ്പിന് വിരാമമാകുന്നു. മുന്‍ ജില്ലാ പഞ്ചായത്ത് മെമ്പറായിരുന്ന ടി വനജ ടീച്ചറുടെ പ്രയത്‌നഫലമായി 43 ലക്ഷം രൂപ ചെലവില്‍ പൂര്‍ത്തിയായ കുടിവെള്ള പദ്ധതി ഇന്ന് വൈകുന്നേരം 3 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തംഗം പി ആര്‍ രോഹില്‍നാഥ് ചടങ്ങിന് അധ്യക്ഷത വഹിക്കും. ഉപതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തെത്തുടര്‍ന്ന് നേരത്തെ പദ്ധതി പൂര്‍ത്തിയായെങ്കിലും ഉദ്ഘാടനം ചെയ്യാനായില്ല. വര്‍ഷങ്ങളായി ഈ പ്രദേശത്തെ മുപ്പത്തെട്ടോളം പട്ടികജാതി കുടുംബങ്ങള്‍ അടക്കമുള്ളവര്‍ കുടിവെള്ളത്തിനായി ഏറെ പ്രയാസപ്പെടുകയായിരുന്നു.

1999 ല്‍ കൃഷി വകുപ്പിന് തെങ്ങുകൃഷിക്കുള്ള പ്രത്യേക പദ്ധതിക്കായി ദാന ഗ്രാമിന്റെ ശില്പി രാധാകൃഷ്ണമേനോന്‍ എന്ന രാധേട്ടന്‍ വിട്ടു കൊടുത്ത സ്ഥലത്ത് നിര്‍മ്മിച്ച കുളമാണ് കുടിവെള്ള പദ്ധതിക്കുള്ള ജലസ്രോതസായി ഇപ്പോള്‍ ഉപയോഗിക്കുന്നത്.

Share this post: