Top Stories
കുട്ടികല്ല്യാണത്തിനെതിരെ കൗമാരക്കാര്‍ ഒത്തുചേര്‍ന്നു
June 05, 2017

05-Jun-2017
മലപ്പുറം : കുട്ടികല്ല്യാണത്തിനെതിരെ കാളികാവ്‌ ബ്ലോക്കിലെ കൗമാരകാരികള്‍ ഒത്തുചേര്‍ന്നു. 2017 ഏപ്രില്‍ വരെ കാളികാവ്‌ ബ്ലോക്കില്‍ മാത്രമായി 26 പെണ്‍കുട്ടികളുടെ ബാല്യവിവാഹങ്ങള്‍ കോടതി ഉത്തരവ്‌ മുഖേന തടയുകയും മറ്റ്‌ നാല്‌ ബാല്യ വിവാഹങ്ങള്‍ ബാല്യ വിവാഹ നിരോധന ഓഫീസറുടെ നേരിട്ടുള്ള ഇടപെടലിലൂടെ തടയുകയും ചെയ്‌ത സാഹചര്യത്തിലായിരുന്നു ഒത്തുചേരല്‍. ഉള്ളാട്‌ അങ്കണവാടിയില്‍ സംഘടിപ്പിച്ച കൂടായ്‌മയില്‍ കാളികാവ്‌ ശിശുവികസന പദ്ധതിക്ക്‌ കീഴിലെ അഞ്ച്‌ അങ്കണവാടിയില്‍ നിന്നുള്ള കൗമാരക്കാരികളാണ്‌ ബാല്യ വിവാഹത്തിനെതിരെ നിലകൊള്ളുന്നതിന്നും സംരക്ഷണ കവചം കുട്ടികള്‍ക്കും കൂട്ടുകാര്‍ക്കുമൊപ്പം ഒരുക്കുന്നതിനുമായി ഒത്തുചേര്‍ന്നത്‌.
മലപ്പുറം ജില്ലാ ചൈല്‍ഡ്‌ പ്രൊട്ടക്ഷന്‍ യൂണിറ്റും കാളികാവ്‌ ബ്ലോക്ക്‌ ശിശു വികസന പദ്ധതിയും സംയുക്തമായി സംഘടിപ്പിച്ച ഒത്തുചേരലില്‍ ബാല്യ വിവാഹത്തില്‍ നിന്നും രക്ഷ തേടുന്നതിനായി പതിനാറുകാരി പോലീസ്‌ സ്റ്റേഷനില്‍ നേരിട്ട്‌ ഹാജരായി സ്വന്തം ബാല്യ വിവാഹം തടഞ്ഞതിനെ ആസ്‌പദമാക്കി ജില്ലാ ചൈല്‍ഡ്‌ പ്രൊട്ടക്ഷന്‍ ഓഫിസ്‌ നിര്‍മ്മിച്ച പതിനെട്ട്‌ എന്ന ഹ്രസ്വ ചിത്രം പ്രദര്‍ശിപ്പിക്കുകയും ചര്‍ച്ച സംഘടിപ്പിക്കുകയും ചെയ്‌തു.
ബാല്യ വിവാഹ നിരോധന നിയമത്തെ കുറിച്ചും കുട്ടികളുടെ അവകാശങ്ങളെ കുറിച്ചും കേന്ദ്ര സര്‍വ്വകലാശാലയിലെ സോഷ്യല്‍ വര്‍ക്ക്‌ ട്രൈനികളായ ഫൗസിയ, റിന്‍ഷാദ്‌ എന്നിവര്‍ ക്ലസ്സെടുത്തു. കൗമാരം നേരിടുന്ന വെല്ലുവിളികളെ കുറിച്ചും ആത്മഹത്യ പ്രവണതകളെ കുറിച്ചും ജില്ലാ ചൈല്‍ഡ്‌ പ്രൊട്ടക്ഷന്‍ യൂണിറ്റ്‌ കൗണ്‍സിലര്‍ ജഫ്‌ന വിഷയം അവതരിപ്പിച്ചു. നൂറ്റിപതിനാറ്‌ കുട്ടികള്‍ പങ്കെടുത്ത പരിപാടിയില്‍ ഉള്ളാട്‌ അങ്കണവാടി ടീച്ചര്‍ ഫൗസിയ നന്ദി പറഞ്ഞു.

Share this post: