Top Stories
കുതിപ്പ്‌ തുടര്‍ക്കഥയാക്കി എറണാകുളം ഗ്ലാമര്‍ പോരാട്ടത്തില്‍ ഫോട്ടോഫിനിഷ്‌ വിപ്ലവം; പോയിന്റ്‌ നിലയിലും ഇഞ്ചോടിഞ്ച്‌ പോരാട്ടം
December 05, 2016

04-DEc-2016

തേഞ്ഞിപ്പാലം: കായികമാമാങ്കത്തിലെ ഗ്ലാമര്‍ ഇനമായ നൂറ്‌ മത്സരത്തില്‍ ട്രാക്കിലും പുറത്തും ആവേശത്തിന്റെ തീപ്പൊരി. ഒന്നാമനാരെന്ന്‌ നിര്‍ണയിക്കാനാവാതെ മത്സരങ്ങള്‍ ഫോട്ടോഫിനിഷിംഗിലേക്ക്‌ നീണ്ടതോടെ ലൈവ്‌ റിപ്പോര്‍ട്ടിംഗിനെത്തിയ ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ രണ്ടാമനെയും മൂന്നാമനെയും വരെ തല്‍ക്കാലത്തേക്ക്‌ `ഒന്നാമനാക്കി’. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുപോലെ വീറും വാശിയും മുറ്റിനിര്‍ത്തി സിന്തറ്റിക്‌ ട്രാക്കില്‍ അശ്വവേഗത്തിന്റെ സുവര്‍ണകുതിപ്പ്‌ നടത്തിയപ്പോള്‍ അറുപതാമത്‌ സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന്റെ രണ്ടാംദിനം താരങ്ങളുടെയും കാഴ്‌ചക്കാരുടെയും ആവേശത്തിര കൊണ്ട്‌ ശ്രദ്ധേയമായി. ട്രാക്കിലെ ഫോട്ടോ ഫിനിഷിംഗ്‌ ഓവറോള്‍ പോയിന്റ്‌ നിലയിലേക്ക്‌ ഒരു നിയോഗം പോലെ പടര്‍ന്നതോടെ എറണാകുളവും പാലക്കാടും ഒന്നാമതെത്താന്‍ ഫോട്ടോഫിനിഷിംഗ്‌ നടത്തുന്ന കാഴ്‌ചയ്‌ക്കും യൂണിവേഴ്‌സിറ്റി സ്റ്റേഡിയം സാക്ഷ്യം വഹിച്ചു.
ട്രാക്കിലും ഫീല്‍ഡിലുമായി 39 ഇനങ്ങളില്‍ മത്സരം പൂര്‍ത്തിയായപ്പോള്‍ പന്ത്രണ്ട്‌ സ്വര്‍ണവും പതിനഞ്ച്‌ വെള്ളിയും എട്ട്‌ വെങ്കലവും നേടി 113 പോയിന്റ്‌ അക്കൗണ്ടിലാക്കിയാണ്‌ നിലവിലെ ചാംപ്യരായ എറണാകുളം ജില്ല ഒന്നാം സ്ഥാനത്ത്‌ നിലയുറപ്പിക്കുന്നത്‌. സ്വര്‍ണ-വെങ്കല നേട്ടത്തില്‍ എറണാകുളത്തിനൊപ്പമെത്തിയ പാലക്കാടാവട്ടെ പന്ത്രണ്ട്‌ സ്വര്‍ണവും എട്ട്‌ വെള്ളിയും എട്ട്‌ വെങ്കലവും നേടി 92 പോയിന്റ്‌ കരസ്ഥമാക്കി തൊട്ടുപിന്നിലുണ്ട്‌. നാല്‌ വീതം സ്വര്‍ണവും വെള്ളിയും വെങ്കലവും നേടിയ കോഴിക്കോട്‌ ജില്ലയാണ്‌ 36 പോയിന്റോടെ മൂന്നാം സ്ഥാനത്ത്‌ നില്‍ക്കുന്നത്‌. തിരുവനന്തപുര(32)വും, തൃശൂരും(26), മലപ്പുറവും(16), പത്തനംതിട്ടയു(10)മെല്ലാം പോയിന്റ്‌ നിലയില്‍ രണ്ടക്കം തികച്ച്‌ മാറ്റുരയ്‌ക്കുന്നു. ഇടുക്കി(9), കണ്ണൂര്‍(7), കോട്ടയം(3), കാസര്‍ഗോഡ്‌(3), കൊല്ലം(3), ആലപ്പുഴ(1) ജില്ലകളും കായികമാമാങ്കത്തില്‍ മത്സരം കാഴ്‌ച വെക്കുന്നു.
പ്രതീക്ഷിച്ചത്‌ പോലെ പോയിന്റ്‌ നിലയില്‍ ഒന്നാമതെത്തി ചാംപ്യന്‍സ്‌കൂള്‍ സ്ഥാനത്ത്‌ നിലയുറപ്പിക്കുകയാണ്‌ കോതമംഗലം മാര്‍ബേസില്‍ എച്ച്‌ എസ്‌ എസ്‌. ഏഴ്‌ സ്വര്‍ണവും എട്ട്‌ വെള്ളിയും രണ്ട്‌ വെങ്കലവും നേടി 61 പോയിന്റാണ്‌ എറണാകുളം ജില്ലയ്‌ക്ക്‌ വേണ്ടി മാര്‍ബേസില്‍ വാരിയത്‌. ഏഴ്‌ സ്വര്‍ണവും രണ്ട്‌ വീതം വെള്ളിയും വെങ്കലവും നേട 43 പോയിന്റ്‌ നേടിയ പാലക്കാട്‌ കുമരംപുത്തൂര്‍ കെ എച്ച്‌ എസ്‌ വെല്ലുവിളിയുയര്‍ത്തി തൊട്ടുപിന്നിലുണ്ട്‌. എറണാകുളത്തിന്റെ തന്നെ കോതമംഗലം സെന്റ്‌ജോര്‍ജ്ജ്‌ എച്ച്‌ എസ്‌ എസാണ്‌ 27 പോയിന്റോടെ മൂന്നാം സ്ഥാനത്ത്‌.
നാല്‌ മീറ്റ്‌ റിക്കോര്‍ഡുകളാണ്‌ ഇന്നലെ പിറന്നത്‌. ജൂനിയര്‍ ബോയ്‌സ്‌ അഞ്ച്‌ കിലോമീറ്റര്‍ നടത്തത്തില്‍ 22.53 മിനുറ്റില്‍ നടന്നെത്തി കല്ലടി സ്‌കൂളിന്റെ അശ്വിന്‍ ശങ്കര്‍ എ പി, ജൂനിയര്‍ ഗേള്‍സ്‌ ഡിസ്‌കസ്‌ ത്രോയില്‍ 35.41 മീറ്റര്‍ ദുരത്തേക്ക്‌ ഡിസ്‌ക്‌ എറിഞ്ഞെത്തിച്ച ജി എഫ്‌ എച്ച്‌ എസ്‌ നാട്ടികയുടെ അതുല്യ പി എ, സീനിയര്‍ ഗേള്‍സ്‌ അയ്യായിരം മീറ്റര്‍ ഓട്ടത്തില്‍ 17.14 മിനുറ്റില്‍ ലാപ്‌ ഫിനിഷ്‌ ചെയ്‌ത കോതമംഗലം മാര്‍ ബേസിലിന്റെ അനുമോള്‍ തമ്പി, ജൂനിയര്‍ ഗേള്‍സ്‌ പോള്‍വാള്‍ട്ടില്‍ 3.45 മീറ്റര്‍ ചാടിയ കല്ലടിയുടെ നിവ്യ ആന്റണി എന്നിവര്‍ മീറ്റ്‌ റിക്കോര്‍ഡിന്റെ പകിട്ടോടെയാണ്‌ സ്റ്റേഡിയം വിട്ടത്‌.
യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലെ സിന്തറ്റിക്ക്‌ ട്രാക്കില്‍ വേഗത്തിന്റെ മിന്നല്‍പ്പിണരുയര്‍ത്തിയ നൂറ്‌ മീറ്റര്‍ ഓട്ടമത്സരമാണ്‌ ഇന്നലെ കായികപ്രേമികളുടെ നിറഞ്ഞ കരഘോഷത്തിന്‌ വേദിയൊരുക്കിയത്‌. പാലക്കാടിന്റെ ആധിപത്യമാണ്‌ സീനിയര്‍ വിഭാഗത്തില്‍ ഇന്നലെ ദൃശ്യമായത്‌. കല്ലടി കുമരംപുത്തൂര്‍ എച്ച്‌ എസിന്റെ മുഹമ്മദ്‌ അജ്‌മല്‍ 10.97 സെക്കന്റില്‍ ഫിനിഷ്‌ ചെയ്‌ത്‌ വേഗരാജാവായപ്പോള്‍ സീനിയര്‍ ഗേള്‍സ്‌ വിഭാഗത്തില്‍ പാലക്കാട്‌ മുണ്ടൂര്‍ ഹൈസ്‌കൂളിന്റെ വിനി പി വി 12.63 സെക്കന്റില്‍ ലാപ്‌ പൂര്‍ത്തിയാക്കി അതിവേഗക്കാരിയായി. സബ്‌ ജൂനിയര്‍ ഗേള്‍സില്‍ പൂവമ്പായി എ എം എച്ച്‌ എസ്‌ എസിന്റെ എല്‍ഗ തോമസ്‌ 13.69 സെക്കന്റില്‍ നൂറ്‌ മീറ്റര്‍ ഓടിയെത്തിയപ്പോള്‍ ബോയ്‌സ്‌ വിഭാഗത്തില്‍ മലപ്പുറം ആലത്തൂര്‍ കെ എം എന്‍ എസ്‌ എസ്‌ യു ഇ എം ഹൈസ്‌കൂളിലെ ശ്രീരാഗ്‌ ടി 12.21 സെക്കന്റില്‍ ഓട്ടം പൂര്‍ത്തിയാക്കി. ജൂനിയര്‍ ബോയ്‌സില്‍ സായ്‌ തിരുവനന്തപുരത്തിന്റെ അഭിനവ്‌ സി 11.25 സെക്കന്റിലാണ്‌ നൂറ്‌ മീറ്റര്‍ ഫിനിഷ്‌ ചെയ്‌തത്‌. ജൂനിയര്‍ ഗേള്‍സില്‍ കോതമംഗലം മാര്‍ ബേസിലിന്റെ സോഫിയ സണ്ണി 12.49 സെക്കന്റില്‍ ഓടിയെത്തി എറണാകുളത്തിന്‌ സ്വര്‍ണ്ണം നേടിക്കൊടുത്തു.

Share this post: