Top Stories
കുനിയില്‍ ഇരട്ട കൊലപാതകം: സബൂറിനെ റിമാന്റ് ചെയ്തു
December 01, 2016

01-Dec-2016

മഞ്ചേരി: അരീക്കോട് കുനിയില്‍ കുറുവങ്ങാടന്‍ അതിഖു റഹ്മാന്‍ വധക്കേസില്‍ പ്രതികളായ കൊളക്കാടന്‍ അബ്ദുല്‍ കലാം ആസാദ്, കൊളക്കാടന്‍ അബുബക്കര്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയെന്ന കേസിലെ പതിനേഴാം പ്രതിയായ സബൂറിനെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഹരിപ്രിയ പി നമ്പ്യാര്‍ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. അറസ്റ്റിലായി ജാമ്യത്തിലിറങ്ങി ഗള്‍ഫിലേക്ക് മുങ്ങിയ സബൂറിനെ ഇന്റര്‍പോളിന്റെ സഹായത്തോടെ സൗദിയില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. കുറ്റവാളികളെ പരസ്പരം കൈമാറുന്നത് സംബന്ധിച്ച് ഇന്ത്യയും സൗദി അറേബ്യയും തമ്മിലുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ സബൂറിനെ സൗദി പൊലീസ് ഡല്‍ഹിയില്‍ എത്തിക്കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ പെരിന്തല്‍മണ്ണ ഡിവൈഎസ്പി എംപി മോഹനചന്ദ്രനാണ് പ്രതിയെ ഏറ്റുവാങ്ങി മഞ്ചേരി ജെഎഫ്‌സിഎം (ഒന്ന്) കോടതിയില്‍ ഹാജരാക്കിയത്.
2012 ജനുവരി അഞ്ചിനായിരുന്നു അതീഖ് റഹ്മാനെ കുനിയില്‍ അങ്ങാടിയില്‍ നടുറോഡിലിട്ട് കൊലപ്പെടുത്തിയത്. ഈ കൊലപാതകത്തിനു പ്രതികാരമായി 2012 ജൂണ്‍ 10ന് രാത്രി രണ്ടു പേരെ വെട്ടികൊലപ്പെടുത്തിയതെന്നാണ് കേസ്.
സംഭവത്തില്‍ കുറ്റകരമായ ഗൂഡാലോചനയില്‍ പങ്കെടുത്തുവെന്നാണ് ഇന്നലെ റിമാന്റ് ചെയ്യപ്പെട്ട സബൂറിനെതിരെ ചാര്‍ത്തിയ കുറ്റം. ആകെ 21 പ്രതികളുള്ള കേസില്‍ ആദ്യം അറസ്റ്റിലായ ഫിറോസ് മാപ്പു സാക്ഷിയാണ്. വിദേശത്തായിരുന്ന പതിനഞ്ചാം പ്രതി കുനിയില്‍ അന്‍വാര്‍ നഗര്‍ കോലോത്തും തൊടി മുജീബ് റഹ്മാന്‍ (33)നെ ഇന്റര്‍പോള്‍ സഹായ ത്തോടെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ മൊത്തം 340 സാക്ഷികളുണ്ട്.
പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പി ജി മാത്യു, പ്രതിക്കു വേണ്ടി അഡ്വ. എം പി അബ്ദുല്‍ ലത്തീഫ് എന്നിവര്‍ ഹാജരായി.

Share this post: