26-July-2016
കൊണ്ടോട്ടി : കൊണ്ടോട്ടി നഗരസഭയുടെ കീഴില്‍ മുസ്ലിയാരങ്ങാടിയില്‍ തുടങ്ങുന്ന നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം ആരോഗ്യ – കുടുംബക്ഷേമ -സാമൂഹിക നീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ നിര്‍വഹിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് സര്‍ക്കാര്‍ ശ്രമിക്കുമെന്നും കുടുംബ ഡോക്ടര്‍ സംവിധാനം യാഥാര്‍ഥ്യമാക്കുന്നതിന് ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കുമെന്നും മന്ത്രി പറഞ്ഞു. നിലവിലുള്ള ആശുപത്രികള്‍ ക്രമീകരിക്കാന്‍ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നുണ്ട്. പഴയ അഞ്ച് മെഡിക്കല്‍ കോളെജുകള്‍ മികവിന്റെ കേന്ദ്രങ്ങളാക്കും. പുതിയ മെഡിക്കല്‍ കോളെജുകളുടെ സ്ഥിതി ക്രമേണ മെച്ചപ്പെടുത്തും. മുന്‍ സര്‍ക്കാറിന്റെ കാലത്ത് അപ്ഗ്രേഡ് ചെയ്ത ആശുപത്രികളില്‍ തസ്തികകള്‍ സൃഷ്ടിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു. പരിപാടിയില്‍ ടി.വി ഇബ്രാഹീം എം.എല്‍.എ. അധ്യക്ഷനായി. മുസ്ലിയാരങ്ങാടി നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സ്ഥിരം കെട്ടിടം നിര്‍മിക്കുന്നതിന് അയ്യാടന്‍ ഷാഹുല്‍ ഹമീദ് സംഭാവന നല്കിയ 10 സെന്റ് ഭൂമിയുടെ കരാര്‍ പത്രം നഗരസഭാ അധ്യക്ഷന്‍ സി.കെ. നാടിക്കുട്ടി ഏറ്റുവാങ്ങി. നഗരസഭാ വൈസ് ചെയര്‍പെഴ്സണ്‍ ഇ. നഫീസ, സ്ഥിരംസമിതി അധ്യക്ഷരായ മുഹമ്മദിശ മാസ്റ്റര്‍, പുളിക്കല്‍ അഹമ്മദ് കബീര്‍, കെ.കെ. അബ്ദുസ്സമദ്, കെ.കെ. അസ്മാബി, സൗദാമിനി, സെക്രട്ടറി അനില്‍കുമാര്‍, എന്‍.എച്ച്.എം. ഡയറക്ടര്‍ ജി.ആര്. ഗോകുല്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ഉമ്മര്‍ ഫാറൂഖ്, ഡി.പി.എം. ഡോ.വി. വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.