Top Stories
കോളറ: മഴക്കാല പൂര്‍വശുചീകരണം ഏപ്രില്‍ ഒന്ന് മുതല്‍ തുടങ്ങും – മന്ത്രി കെ.ടി. ജലീല്‍
July 26, 2016

26-July-2016
മലപ്പുറം : ജില്ലയില്‍ കോളറ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ അടുത്ത വര്‍ഷം മുതല്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള മഴക്കാല പൂര്‍വശുചീകരണ പ്രവര്‍ത്തനങ്ങള്‍ നേരത്തേ തുടങ്ങുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി ഡോ.കെ.ടി. ജലീല്‍ പറഞ്ഞു. ഏപ്രില്‍ ഒന്നിന് തുടങ്ങി ഒരാഴ്ചയ്ക്കകം ശുചീകരണം പൂര്‍ത്തിയാക്കും. മലിനജലം ശുചീകരിച്ച ശേഷം മാത്രം ഭാരതപ്പുഴയിലേക്ക് ഒഴുക്കിവിടുന്നതിന് ജലനിധിയുടെ സഹായത്തോടെ കുറ്റിപ്പുറത്ത് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കും. ഇതിനായി ത്വരിതഗതിയില്‍ സ്ഥലം കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു. കോളറ കേസുകളുടെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് കുറ്റിപ്പുറം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹാളില്‍ വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ – കുടുംബക്ഷേമ -സാമൂഹിക നീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ യോഗം ഉദ്ഘാടനം ചെയ്തു. കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ., ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വസീമ വലേരി, ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍. രമേശ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ഉമ്മര്‍ ഫാറൂഖ്, ജില്ലാ സര്‍വലന്‍സ് ഓഫീസര്‍ ഡോ.ഷിബുലാല്‍, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിജിത്ത് വിജയ്ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share this post: