12-Aug-2016
കോള്‍ കര്‍ഷകര്‍ക്ക് കേന്ദ്ര ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കി കൂടുതല്‍ പരിരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി കാര്‍ഷിക -വികസന-കര്‍ഷകക്ഷേമ മന്ത്രി വി.എസ്. സുനില്‍കുമാര്‍ അറിയിച്ചു. പെരുമ്പടപ്പില്‍ കോള്‍ കര്‍ഷക സംഗമത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മന്ത്രി. അടുത്ത വര്‍ഷം മുതല്‍ നെല്‍ കര്‍ഷകര്‍ക്ക് നെല്ലിന് ഏറ്റവും കൂടുതല്‍ വില നല്കാന് സര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്നും പൊന്നാനി കോള്‍ നിലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് കര്‍ഷകരുമായി ചര്‍ച്ച ചെയ്ത് അനുകൂല തീരുമാനമെടുക്കുമെന്നും മന്ത്രി ഉറപ്പ് നല്കി. നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് പരിപാടി ഉദ്ഘാടനം ചെയ്തു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. ആറ്റുണ്ണി തങ്ങള്‍ അധ്യക്ഷനായി. കോള്‍ പടവ് കര്‍ഷക പ്രതിനിധികളായ ആലിക്കുട്ടി ഹാജി, എം.എ. വേലായുധന് മാസ്റ്റര്‍, വി.വി. കരുണാകരന്, നവാസ് ചങ്ങനാത്ത്, കെ.എ. ജയാനന്ദന്, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദ ബക്കര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ മുഹമ്മദ് വാക്കേത്ത് എ.ഡി.എ കെ. ചന്ദ്രന്, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ഇ.വി. അബ്ദുട്ടി എന്നിവര്‍ സംസാരിച്ചു. തൃശൂര്‍ ജില്ലയിലെ തലപ്പിള്ളി, ചാവക്കാട് താലൂക്കുകളും മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലും കൂടി ഉള്‍പ്പെടുന്നതാണ് 3400 ഹെക്ടര്‍ പൊന്നാനി കോള്‍ മേഖല. കോള്‍ നിലങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമാക്കി നടപ്പാക്കിയ നൂറാടിത്തോട് വികസനവും സമഗ്ര കോള്‍നില വികസനും പൂര്ണമായായല് മാത്രമേ കോള്‍നിലങ്ങളിലെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമാവൂയെന്ന് കര്‍ഷകര്‍ പറഞ്ഞു. ഒന്നും രണ്ടും ഘട്ടങ്ങളില്‍ ബണ്ടുകളും സ്ലൂയിസ്സുകളുടെയും നിര്‍മാണ പ്രവൃത്തികളാണ് പൊന്നാനി കോളില്‍ നടക്കുന്നത്. മൂന്നാം ഘട്ടം കൂടിലഭിച്ചാല് മാത്രമേ വിഭാവനം ചെയ്ത രീതിയില്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കൂയെന്നും അറിയിച്ചു. പൊന്നാനി കോളില്‍ ചില ഭാഗങ്ങളില്‍ പഴയ കാല മരങ്ങളുടെ അവശിഷ്ടങ്ങള്‍ പകുതി ദ്രവ രൂപത്തില്‍ (പൂതചേര്) ഉള്ളതിനാല്‍ ബണ്ടുകള്‍ തെന്നി നീങ്ങുന്നതിനും ബണ്ടു തകരുന്നതിനും ഇടയാകാറുണ്ട്. ഇത്തരം അപകടങ്ങള്‍ മൂലം കൃഷിയുടെ വിവിധ ഘട്ടങ്ങളില്‍ കൃഷിനാശം സംഭവിക്കുന്നതായും കര്‍ഷകര്‍ അറിയിച്ചു. സാമ്പത്തിക ഭദ്രത കുറവുള്ള കര്‍ഷകര്‍ ധനകാര്യ സ്ഥാപനങ്ങളെ ആശ്രയിച്ചാണ് കൃഷിക്കുള്ള മൂലധനം കണ്ടെത്തുന്നത്. അത്യുത്പാദനശേഷിയുള്ള ഉമ, ജ്യോതി, കാഞ്ചന ശ്രേയസ്സ് ,മട്ട, തൃവേണി എന്നിവയാണ് കൃഷി ചെയ്യുന്ന ഇനങ്ങള്‍. പ്രകൃതി ക്ഷോഭങ്ങള്‍, ബണ്ടു തകര്‍ച്ച എന്നിവ ബാധിച്ചില്ലെങ്കില്‍ നല്ല വിളവു ലഭിക്കാറുണ്ട്. ഹെക്ടറിനു ആറു മുതല്‍ ഒമ്പതുവരെ ടണ്‍ നെല്ലുത്പാദിപ്പിക്കുന്ന പാടശേഖരങ്ങളാണ് പൊന്നാനി കോളിലുള്ളത്. അതിനാല്‍ കോള്‍ സംരക്ഷണം ഗൗരവമായി പരിഗണിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.