Top Stories
ചെറുകിട ധാതു ഖനനത്തിന്‌ പാരിസ്ഥിതികാനുമതി നിര്‍ബന്ധമാക്കിയത്‌ നിര്‍മാണ മേഖലക്ക്‌ തിരിച്ചടിയാവും
November 24, 2016

24-Nov-2016

മലപ്പുറം: ചെറുകിട ധാതുഖനനത്തിന്‌ പാരിസ്ഥിതികാനുമതി നിര്‍ബന്ധമാക്കിയത്‌ നിര്‍മ്മാണ മേഖലക്ക്‌ കടുത്ത തിരിച്ചടിയാകും. കരിങ്കല്ല്‌, ചെങ്കല്ല്‌ ഖനനത്തെ ഇത്‌ ബാധിക്കും. വിലകുതിക്കുമെന്നതിനൊപ്പം ഖനന വസ്‌തുക്കള്‍ക്ക്‌ സമീപ ഭാവിയില്‍ ക്ഷാമവും രൂക്ഷമാകും.
അഞ്ച്‌ ഹെക്ടറില്‍ കുറവുളള കരിങ്കല്ല്‌, ചെങ്കല്ല്‌ ഖനനത്തിന്‌ ഇനി മുതല്‍ പാരിസ്ഥിതികാനുമതി വാങ്ങാണമെന്നാണ്‌ വ്യാവസായ വകുപ്പിന്റെ നിര്‍ദേശം. നിലവിലെ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടെ ഇത്‌ കെട്ടിട നിര്‍മ്മാണ മേഖലക്ക്‌ തിരിച്ചടിയാവും. കരിങ്കല്ലിനും ചെങ്കല്ലിനും വില കുതിക്കുകയും ആവശ്യത്തിന്‌ സാമഗ്രികള്‍ ലഭിക്കാതെയും വരും. ചെറുകിട ധാതുഖനനത്തിന്‌ ജില്ലാ കലക്ടര്‍ ചെയര്‍മാനായുളള ജില്ലാതല പരിസ്ഥിതി ആഘാത നിര്‍ണയ അഥോറിറ്റിയില്‍ നിന്ന്‌ പാരിസ്ഥിതികാനുമതി വാങ്ങാണമെന്നാണ്‌ വ്യാവസായ വകുപ്പിന്റെ പുതിയ നിയമം.
അഞ്ച്‌ ഹെക്ടറിനു മുകളിലുളളവക്കായിരുന്നു നേരത്തെ നിയമം കര്‍ക്കശമായിരുന്നത്‌. എന്നാല്‍ അഞ്ചോ, അതില്‍ കുറവോയുളള ചെറുകിട ധാതുഖനനത്തിനും ഇനിമുതല്‍ പാരിസ്ഥിതികാനുമതി വാങ്ങാണമെന്നാണ്‌ നിയമം. കേന്ദ്ര സര്‍ക്കാറിന്റെ വെബ്‌സൈറ്റില്‍ ഇതിനായി സജീകരണങ്ങളൊരുക്കിയിട്ടുണ്ട്‌.

അനുമതി വാങ്ങുന്നതിനുളള വ്യക്തമായ നിര്‍ദേശം ജിയോളജി വകുപ്പില്‍ നിന്നും ലഭ്യമാകും. സംസ്ഥാനത്ത്‌ ഏറ്റവും കൂടുതല്‍ ചെറുകിട കരിങ്കല്ല്‌, ചെങ്കല്ല്‌ ഖനനം നടക്കുന്ന ജില്ലകളിലൊന്നാണ്‌ മലപ്പുറം. 10,15 സെന്റില്‍ ഖനനത്തിന്‌ അനുമതി ലഭിക്കുമെന്നതിനാല്‍ ചെറുകിട ധാതുഖനനത്തിന്‌ പ്രയാസമുണ്ടായിരുന്നില്ല. എന്നാല്‍ അഞ്ച്‌ ഹെക്ടറിനു മുകളിലുളളവക്ക്‌ പാരിസ്ഥിതികാനുമതി വേണമെന്ന്‌ നിയമമുളളതിനാല്‍ ഇതിനുളള അനുമതിക്ക്‌ ചിലവ്‌ കൂടുതലായിരുന്നു.പാരിസ്ഥിതക പഠനം നടത്തി അനുമതി ലഭിക്കാന്‍ കാവാതാമസവും എടുക്കും. ഇത്‌ ചെറുകിട ഖനനത്തിനും നടപ്പിലാക്കുന്നതോടെ നിര്‍മ്മാണ മേഖലയില്‍ ചെങ്കല്ല്‌,കരിങ്കല്ല്‌ സാധനങ്ങള്‍ ലഭിക്കാതെ വരും.മാത്രവുമല്ല ഖനന ഉത്‌പ്പന്നങ്ങളുടെ വിലവര്‍ധനവിനും ഇടയാക്കും.

Share this post: