Top Stories
ജനപക്ഷ ബദല്‍ വികസന നയങ്ങള്‍ വിജയിപ്പിക്കുക. : കേരള എന്‍.ജി.ഒ യൂണിയന്‍
May 29, 2016

28, May 2016
മലപ്പുറം : ജനപക്ഷ ബദല്‍ വികസന നയങ്ങള്‍ വിജയിപ്പിക്കണമെന്ന്‌ കേരള എന്‍.ജി.ഒ യൂണിയന്‍ 53-ാം സംസ്ഥാനസമ്മേളനം മുഴുവന്‍ ജീവനക്കാരോടും അഭ്യര്‍ത്ഥിച്ചു.
കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരമേറ്റിരിക്കുന്നു. മാറ്റത്തിനായി കാത്തിരുന്ന കേരളം ഏറെ പ്രതീക്ഷയോടെയാണ്‌ എല്‍ഡിഎഫ്‌ ഗവണ്‍മെന്റിന്റെ തിരിച്ചുവരവിനെ വീക്ഷിക്കുന്നത്‌. പൂര്‍വ്വകാല അനുഭവങ്ങളാണ്‌ ഇടതുപക്ഷ ഗവണ്‍മെന്റില്‍ ജനങ്ങള്‍ പ്രതീക്ഷയര്‍പ്പിക്കുന്നതിന്‌ കാരണമായിട്ടുള്ളത്‌.

വികസനമെന്നാല്‍ എല്ലാവിഭാഗം ജനങ്ങളുടെയും അടിസ്ഥാന ജീവിതസൗകര്യങ്ങളുടെ വികസനമാണെന്ന്‌ തെളിയിച്ച ‘കേരളമോഡല്‍’ മാനവ വികസന സൂചികയില്‍ കേരളത്തെ ഒന്നാമതെത്തിച്ചു. നവോത്ഥാനപ്രസ്ഥാനത്തെയും, ദേശീയ പ്രസ്ഥാനത്തേയും പിന്‍പറ്റി ഇടതുപക്ഷ പുരോഗമനശക്തികളുടെ നേതൃത്വത്തില്‍ ഉയര്‍ന്നുവന്ന സാമൂഹിക മുന്നേറ്റമാണ്‌ കേരളവികസനത്തിന്‌ ദിശാബോധം നല്‍കിയത്‌.

1957 ല്‍ അധികാരത്തില്‍ വന്ന ഇ.എം.എസ്‌ ഗവണ്‍മെന്റ്‌ ജന്മിവ്യവസ്ഥക്കറുതി വരുത്തി കൃഷിഭൂമി കര്‍ഷകരുടേതാക്കുന്നതിനും, വിദ്യാഭ്യാസ പരിഷ്‌ക്കരണത്തിനും, ആരോഗ്യമേഖലയുടെ വളര്‍ച്ചക്കും ശിലകള്‍ പാകി. അധികാരവികേന്ദ്രീകരണത്തിലേക്ക്‌ വഴിയൊരുക്കുവാനും ഈ ഗവണ്‍മെന്റിന്‌ കഴിഞ്ഞു. കേരളത്തിന്റെ സമഗ്രപുരോഗതി ലക്ഷ്യംവച്ചുള്ള കര്‍മ്മപദ്ധതികള്‍ക്കാണ്‌ ആദ്യ സംസ്ഥാന സര്‍ക്കാര്‍ അടിത്തറയിട്ടത്‌. തുടര്‍ന്ന്‌ വിവിധ ഘട്ടങ്ങളിലായി അധികാരത്തില്‍വന്ന എല്‍ഡിഎഫ്‌ ഗവണ്‍മെന്റുകള്‍ അടിസ്ഥാന ജനവിഭാഗത്തിന്റെ ജീവിതോന്നതിക്കും സംസ്ഥാനത്തിന്റെ സുസ്ഥിരവളര്‍ച്ചയ്‌ക്കും ഉതകുന്ന ശ്രദ്ധേയമായ കര്‍മ്മപദ്ധതികള്‍ക്കാണ്‌ പ്രായോഗിക രൂപം നല്‍കിയത്‌. എല്ലാവര്‍ക്കും ഭൂമി എന്ന സ്വപ്‌നസാക്ഷാത്‌കാരത്തിന്‌ അടിത്തറപാകിയ ഭൂപരിഷ്‌ക്കരണവും മിച്ചഭൂമി വിതരണവും, നിരക്ഷരരെ അക്ഷരവെളിച്ചത്തിലേക്ക്‌ നയിച്ച സമ്പൂര്‍ണ്ണസാക്ഷരത, അധികാരം ജനങ്ങളിലെത്തിച്ച ജനകീയാസൂത്രണം, എല്ലാവര്‍ക്കും പാര്‍പ്പിടം യാഥാര്‍ത്ഥ്യമാക്കുന്ന ഇ.എം.എസ്‌ സമ്പൂര്‍ണ്ണ ഭവനപദ്ധതി, വനിതകള്‍ക്ക്‌ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ 50% സംവരണം, കര്‍ഷകതൊഴിലാളി പെന്‍ഷന്‍, രാജ്യത്തിനാകെ മാതൃകയായി പൊതുവിതരണരംഗത്തെ കേരളമോഡല്‍ മാവേലി, നീതി സ്റ്റോറുകള്‍, പരിസ്ഥിതി സംരക്ഷണത്തിന്‌ ഊന്നല്‍ നല്‍കിയ കേരള തണ്ണീര്‍ത്തട, നെല്‍വയല്‍ സംരക്ഷണ നിയമം, പോലീസിനെ ജനതയുടെ സംരക്ഷകരാക്കിയ ജനമൈത്രി പോലീസ്‌, പൊതുമേഖലാ വ്യവസായ വികസനം, ഊര്‍ജ്ജപ്രതിസന്ധിക്ക്‌ പരിഹാരമേകല്‍, സ്‌ത്രീ സുരക്ഷയ്‌ക്കും തുല്യതയ്‌ക്കും മികച്ച പരിഗണന, ജെന്‍ഡര്‍ ഓഡിറ്റിംഗ്‌, കുടുംബശ്രീ സംവിധാനം, സാമൂഹിക വികസനത്തില്‍ സിവില്‍സര്‍വ്വീസിന്റെ സ്ഥാനം അടയാളപ്പെടുത്തിയ വിവിധ വകുപ്പുകളുടെ രൂപീകരണം, ഭരണപരിഷ്‌ക്കരണ കമ്മീഷനുകളും നടപടികളും, തദ്ദേശ സ്വയംഭരണ സര്‍വ്വീസ്‌ തുടങ്ങിയ സമൂഹത്തിന്റെ സമസ്‌തമേഖലക്കും തണലൊരുക്കിയ വികസനരംഗത്തെ നാഴികക്കല്ലായ കര്‍മ്മപദ്ധതികളിലൂടെയാണ്‌ ഇടതുപക്ഷം കേരള ജനതയുടെ ഹൃദയപക്ഷമായത്‌.

ജീര്‍ണ്ണതയുടെയും, അഴിമതിയുടെയും, കെടുകാര്യസ്ഥതയുടെയും പ്രതീകമായി മാറിയ യുഡിഎഫ്‌ ഗവണ്‍മെന്റിനെ ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരഭ്രഷ്‌ടമാക്കി. വന്‍ഭൂരിപക്ഷത്തോടെ കേരളജനത വീണ്ടും അധികാരത്തിലെത്തിച്ചത്‌. ഇടതുപക്ഷം മുന്നോട്ടുവച്ച പ്രകടനപത്രിക നാളത്തെ കേരളത്തെക്കുറിച്ച്‌ പുതിയ പ്രതീക്ഷകളാണ്‌ കേരളീയസമൂഹത്തിന്‌ പകര്‍ന്നുനല്‍കുന്നത്‌.
ജനകീയാസൂത്രണത്തിന്റെ അടുത്തഘട്ടം, പൊതു വിദ്യാഭ്യാസമേഖലയുടെ സംരക്ഷണം, നഷ്‌ടത്തില്‍ നിന്നും പൊതുമേഖലാ വ്യവസായങ്ങളെ സംരക്ഷിക്കാന്‍ ഊര്‍ജ്ജോല്‍പ്പാദന വര്‍ദ്ധന,, പൊതുവിതരണ ശൃംഖലയുടെ ശാക്തീകരണം, ഐ.ടി രംഗത്ത്‌ നൂതന സംരംഭങ്ങള്‍, പശ്ചാത്തല സൗകര്യങ്ങളുടെ വികസനം, കാര്‍ഷികമേഖലയിലെ പ്രതിസന്ധികള്‍ക്കുള്ള പരിഹാരം, നികുതി ചോര്‍ച്ച തടഞ്ഞ്‌ സമ്പദ്‌രംഗം മെച്ചപ്പെടുത്തല്‍ തുടങ്ങി പൊതുസമൂഹത്തിന്റെ വികസനാവശ്യങ്ങള്‍ക്ക്‌ പ്രായോഗിക രൂപം നല്‍കാന്‍ എല്‍ഡിഎഫ്‌ പ്രകടനപത്രിക നിരവധിയായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്‌ക്കുന്നു.
പങ്കാളിത്ത പെന്‍ഷന്‍ പുനഃപരിശോധന, സമയബന്ധിത ശമ്പളപരിഷ്‌ക്കരണം, ആരോഗ്യവിദ്യാഭ്യാസ – പൊതുവിതരണ ശൃംഖലയുടെ സംരക്ഷണവും വ്യാപനവും തുടങ്ങിയ കാര്യങ്ങള്‍ അടിവരയിട്ടുറപ്പിക്കുന്ന പ്രകടനപത്രിക തദ്ദേശ സ്വയംഭരണ സര്‍വ്വീസിന്റെ പുനഃസ്ഥാപനവും ലക്ഷ്യമിടുന്നു. 2-ാം ഭരണപരിഷ്‌ക്കാര കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുവാനും, സിവില്‍സര്‍വ്വീസിനെ നവീകരിക്കുവാനും അഴിമതിരഹിതവും കാര്യക്ഷമവും ജനപക്ഷവുമായ സര്‍വ്വീസ്‌ മേഖല യാഥാര്‍ത്ഥ്യമാക്കുവാനുമുള്ള ദൃഢനിശ്ചയമാണ്‌ ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റ്‌പ്രകടമാക്കുന്നത്‌. കേരളം ആര്‍ജിച്ച നേട്ടങ്ങള്‍ സംരക്ഷിക്കുവാനും ജനപക്ഷവികസനം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള എല്‍.ഡി.എഫ്‌ ഗവണ്‍മെന്റിന്റെ പരിശ്രമങ്ങളെ പിന്തുണയ്‌ക്കുവാനും ബദല്‍ വികസനനയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിന്‌ രംഗത്തിറങ്ങുവാനും മുഴുവന്‍ ജീവനക്കാരോടും സമ്മേളനം പ്രമേയത്തിലൂടെ അഭ്യര്‍ത്ഥിച്ചു.

സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം തടയുക, സ്‌ത്രീസുരക്ഷ ഉറപ്പ്‌ വരുത്തുക, വിലക്കയറ്റം തടയുക പൊതു വിതരണ ശൃംഖല ശക്തിപ്പെടുത്തുക, പങ്കാളിത്തപെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക, 01.04.2013നു ശേഷം സര്‍വീസില്‍ വന്നവര്‍ക്കും നിര്‍വചിക്കപ്പെട്ട പെന്‍ഷന്‍ ഉറപ്പാക്കുക, പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.

Share this post:
MORE FROM THIS SECTION