Top Stories
‘ജലസുഭിക്ഷ’: കിണര്‍ റീചാര്‍ജ്‌ പദ്ധതി ഉദ്‌ഘാടനം ചെയ്‌തു
November 26, 2016

26-Nov-2016

412 കോടി ചെലവില്‍ നാലര ലക്ഷം കിണറുകള്‍ റീചാര്‍ജ്‌ ചെയ്യാന്‍ പദ്ധതി: മന്ത്രി കെ.ടി. ജലീല്‍

ഈ വര്‍ഷം നേരിടാനിരിക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ വരള്‍ച്ച മുന്നില്‍ക്കണ്ട്‌ ജലസുരക്ഷ ഉറപ്പു വരുത്തുന്നതിനായി സംസ്ഥാനത്തെ 4.6 ലക്ഷം കിണറുകള്‍ റീചാര്‍ജ്‌ ചെയ്യുന്നതിന്‌ പദ്ധതി ആവിഷ്‌കരിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി ഡോ. കെ.ടി. ജലീല്‍ പറഞ്ഞു. 412 കോടി ചെലവില്‍ രണ്ട്‌ ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്‌ പൂര്‍ത്തിയാക്കുക. ആദ്യഘട്ടത്തില്‍ 141 ഗ്രാമപഞ്ചായത്തുകളിലാണ്‌ സമ്പൂര്‍ണ കിണര്‍ റീചാര്‍ജ്‌ പദ്ധതി നടപ്പാക്കുന്നത്‌. ഒരു നിയോജക മണ്ഡലത്തില്‍ ഒരു പഞ്ചായത്തില്‍ വീതം. തുടര്‍ന്ന്‌ കുടിവെള്ള പ്രശ്‌നം രൂക്ഷമായ 100 പഞ്ചായത്തുകളെ കൂടി ഉള്‍പ്പെടുത്തും. ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയുടെ തൊഴിലാളികളെ പ്രയോജനപ്പെടുത്തി സാമഗ്രികളുടെ ചെലവ്‌ ഉല്‍പ്പെടെ ഒരു കിണറിന്‌ 6800 രൂപ അനുവദിക്കും. ആദ്യഘട്ടത്തില്‍ 2.25 ലക്ഷം കിണറുകളാണ്‌ റീചാര്‍ജ്‌ ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന്‌ മന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ജലസുരക്ഷ ഉറപ്പു വരുത്താന്‍ ‘ജലസുഭിക്ഷ’ എന്ന പേരില്‍ നടപ്പാക്കുന്ന സമ്പൂര്‍ണ കിണര്‍ റീചാര്‍ജ്‌ പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം എടപ്പാള്‍ അംശക്കച്ചേരി ജി.എം.യു.പി. സ്‌കൂള്‍ അങ്കണത്തില്‍ നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി. എടപ്പാള്‍ ഗ്രാമപഞ്ചായത്ത്‌ തൊഴിലുറപ്പ്‌ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 6800 രൂപ ചെലവില്‍ സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്ത്‌ നിര്‍മിച്ച കിണര്‍ റീചാര്‍ജ്‌ പദ്ധതി മന്ത്രി ഉദ്‌ഘാടനം ചെയ്‌തു. ‘ജലസുഭിക്ഷ’ സമ്പൂര്‍ണ കിണര്‍ റീചാര്‍ജ്‌ പദ്ധതി കൈപ്പുസ്‌തകം പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.
ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ്‌ 46 നദികള്‍ കൊണ്ട്‌ സമ്പന്നമായ കേരളം എങ്കിലും രൂക്ഷമായ കുടിവെള്ള ക്ഷാമമാണ്‌ സംസ്ഥാനം നേരിടുന്നതെന്ന്‌ തദ്ദേശ സ്വയംഭരണ വകുപ്പ്‌ മന്ത്രി പറഞ്ഞു. ഈ വര്‍ഷം മഴയില്‍ 40 ശതമാനമാണ്‌ കുറവ്‌ അനുഭവപ്പെട്ടത്‌. ഈ സാഹചര്യത്തില്‍ മഴവെള്ളം ഓടകളിലേക്കും തോട്ടിലേക്കും പുഴകളിലേക്കും ഒഴുകി കടലിലേക്ക്‌ ചേരാന്‍ അനുവദിക്കാതെ പാടത്തും പറമ്പിലും തടഞ്ഞുനിര്‍ത്താന്‍ ഓരോരുത്തരും പരിശ്രമിക്കണമെന്ന്‌ മന്ത്രി അഭ്യര്‍ഥിച്ചു. ജല അതോറിറ്റിക്ക്‌ പൈപ്പിടാനും യന്ത്രങ്ങള്‍ സ്ഥാപിക്കുവാനും മാത്രമേ കഴിയൂ. ഭൂമിക്കടിയില്‍ വെള്ളമുണ്ടാകാന്‍ പണിയെടുക്കേണ്ടത്‌ നമ്മളാണ്‌.
പൈപ്പ്‌ വെള്ളം കാത്തിരിക്കുന്നവരായി നാം മാറരുത്‌. നമ്മുടെ പഴമക്കാര്‍ മഴയ്‌ക്കു മുമ്പ്‌ പറമ്പുകള്‍ കിളച്ചു മറിക്കലും തെങ്ങുകള്‍ തടംതുറയ്‌ക്കലും പതിവുണ്ടായിരുന്നു. പഴയകാലത്തെ മഴക്കുഴികളായിരുന്നു അവ. ഇന്ന്‌ പരിഷ്‌കൃതരായതോടെ നാം അതൊക്കെ നിര്‍ത്തി. നെല്‍പാടങ്ങള്‍ ഇല്ലാതായതോടെ പാടശേഖരങ്ങളിലും വെള്ളം കിട്ടിനിന്ന്‌ ഭൂമിയിലേക്ക്‌ ഊര്‍ന്നിറങ്ങുന്നത്‌ ഇല്ലാതായി. ദാഹിക്കുമ്പോള്‍ കുടിക്കാന്‍ വെള്ളം തന്നെ വേണമെന്നും സ്വര്‍ണ ശേഖരവും കറന്‍സി ശേഖരവും ഉണ്ടായിട്ട്‌ കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.
കുടിക്കാന്‍ മാത്രമല്ല നമ്മുടെ ദൈനംദിന ആവശ്യങ്ങള്‍ക്കും ധാരാളം വെള്ളം വേണം. കടല്‍വെള്ളം ശുദ്ധീകരിക്കുന്നതിനെ കുറിച്ച്‌ ആലോചിക്കാന്‍ സമയമായെന്നും എന്നാല്‍ അതിന്‌ വലിയ പണച്ചെലവാണെന്നും മന്ത്രി പറഞ്ഞു. വരാനിരിക്കുന്ന പ്രതിസന്ധി കണക്കിലെടുത്ത്‌ സ്വന്തം വീടുകളില്‍ കിണര്‍ റീചാര്‍ജ്‌ പദ്ധതി നടപ്പാക്കി മാതൃക കാണിക്കാന്‍ ജനപ്രതിനിധികള്‍ മുന്നോട്ട്‌ വരണം. തന്റെ വീട്ടില്‍ മഴക്കുഴി സ്ഥാപിച്ച്‌ വിജയകരമായ രീതിയില്‍ കിണര്‍ റീചാര്‍ജിങ്‌ നടത്തി വരുന്നതായി മന്ത്രി അറിയിച്ചു.
ചടങ്ങില്‍ പൊന്നാനി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. ലക്ഷ്‌മി അധ്യക്ഷയായി. തദ്ദേശ സ്വയംഭരണ വകുപ്പ്‌ സ്‌പെഷല്‍ സെക്രട്ടറി ഡോ.വി.കെ. ബേബി റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. ബ്ലോക്ക്‌ വൈസ്‌ പ്രസിഡന്റ്‌ അഡ്വ.പി.പി. മോഹന്‍ദാസ്‌, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റുമാരായ പി.പി. ബിജോയ്‌, എന്‍.പി. റഹ്മത്ത്‌ സൗദ, ശ്രീജ പാറക്കല്‍, കെ.പി. കവിത, ആയിശ ഹസന്‍, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ കെ. ദേവിക്കുട്ടി, എം.ബി. ഫൈസല്‍, എ.പി. സജിത, തൃപ്രങ്ങോട്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ശരീഫ, വാര്‍ഡ്‌ മെമ്പര്‍ പി.വി. രാധിക, ജലനിധി ഡയറക്ടര്‍ കെ. ശ്യാമള, പ്രോജക്ട്‌ ഡയറക്ടര്‍ പി.സി. ബാലഗോപാല്‍, ജോയിന്റ്‌ ഡവലപ്‌മെന്റ്‌ കമ്മീഷണര്‍ എം.എസ്‌. അബ്ദുല്‍കലാം ആസാദ്‌, എ.ഡി.സി. (ജനറല്‍) പ്രീതി മേനോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share this post: