Top Stories
ജാഫര്‍ മാലിക്കിനെ മാറ്റി നിര്‍ത്തണമെന്ന്‌ അഭിഭാഷകന്‍
November 30, 2016

30-Nov-2016
മഞ്ചേരി: നിലമ്പൂര്‍ വനത്തില്‍ മാവോയിസ്റ്റ്‌ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പെരിന്തല്‍മണ്ണ ആര്‍ ഡി ഒ ജാഫര്‍ മാലിക്കിനെ മജിസ്റ്റീരിയല്‍ അന്വേഷണത്തിന്‌ നിയോഗിക്കുന്നത്‌ അനുവദിക്കരുതെന്ന്‌ മഞ്ചേരി ജില്ലാ സെഷന്‍സ്‌ കോടതിയില്‍ അഭിഭാഷകന്‍ ഹര്‍ജി നല്‍കി. കൊല്ലപ്പെട്ട മാവോയിസ്റ്റ്‌ പ്രവര്‍ത്തകരുടെ മൃതദേഹം ജാഫര്‍ മാലിക്കായിരുന്നു ഇന്‍ക്വസ്റ്റ്‌ നടത്തിയിരുന്നു. എന്നാല്‍ ചട്ടവിരുദ്ധമായാണ്‌ ഇന്‍ക്വസ്റ്റ്‌ നടത്തിയത്‌. ഭരണഘടനയുടെ 141 ാം അനുച്ഛേദം അനുശാസിക്കുന്ന രീതിയില്‍ ഇന്‍ക്വസ്റ്റ്‌ നടത്താന്‍ ആര്‍ഡിഓ തയ്യാറായില്ല. ബന്ധുക്കളെ കാണിച്ചതിന്‌ ശേഷം മാത്രമെ ഇന്‍ക്വസ്റ്റ്‌ നടത്താവൂ എന്ന 2014 സെപ്‌തംബര്‍ 23ന്‌ ചീഫ്‌ ജസ്റ്റിസ്‌ ആര്‍ എം ലോധി അദ്ധ്യക്ഷനായ സുപ്രീംകോടതി പ്രത്യേക ബഞ്ചിന്റെ നിര്‍ദ്ദേശം പാലിക്കാതെ ആരെയോ രക്ഷിക്കാനായാണ്‌ ജാഫര്‍ മാലിക്ക്‌ ശ്രമിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1995 മുതല്‍ 97 വരെയുള്ള കാലയളവില്‍ നൂറിലധികം വ്യാജ ഏറ്റുമുട്ടലുകള്‍ മഹാരാഷ്‌ട്രയില്‍ നടന്നിട്ടുണ്ട്‌. ഇത്തരം ഏറ്റുമുട്ടലുണ്ടാകുന്ന പക്ഷം ഉത്തരവാദികളായ പൊലീസ്‌ ഉദ്യോഗസ്ഥര്‍ മറുപടി പറയണമെന്നും പൊലീസ്‌ കര്‍ശനമായി പാലിക്കേണ്ട 16 നിര്‍ദ്ദേശങ്ങള്‍ പ്രത്യേക ബെഞ്ച്‌ അക്കമിട്ട്‌ വിവരിക്കുകയും ചെയ്‌തിരുന്നു. ഇത്‌ ഉദ്ദരിച്ചാണ്‌ അഡ്വ. പി എ പൗരന്‍ മഞ്ചേരി കോടതിയില്‍ ഹരജി നല്‍കിയത്‌.
നിലമ്പൂര്‍ സംഭവം ഏറ്റുമുട്ടലിലുണ്ടായ കൊലപാതകമല്ല, പകരം പ്രതികളെ എവിടെ നിന്നോ പിടിച്ചു കൊണ്ടു വന്ന്‌ വ്യാജ ഏറ്റുമുട്ടല്‍ തിരക്കഥയുണ്ടാക്കി അതി ദാരുണമായി കൊലപ്പെടുത്തുകയായിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.

Share this post: