Top Stories
ടി. ഭാസ്‌കരന്‍ ചാരിതാര്‍ഥ്യത്തോടെ പുതിയ പദവിയിലേയ്ക്ക്
April 09, 2016

TBhaskaran-Collector-Malappuram09, April 2016
മലപ്പുറം : ജില്ലയില്‍ എട്ട് മാസത്തെ സേവനത്തിനു ശേഷം ടി. ഭാസ്‌കരന്‍ ജില്ലാ കലക്ടറുടെ പദവി ഒഴിയുന്നത് തികഞ്ഞ ചാരിതാര്‍ഥ്യത്തോടെയാണ്. എട്ട് വര്‍ഷം നടപ്പാക്കാനെടുക്കുമായിരുന്ന പല കാര്യങ്ങളും ദ്രുതഗതിയില്‍ ചെയ്ത് തീര്‍ത്തത് മലപ്പുറത്തിന് നേട്ടമായി . ജില്ലയിലെ നിരവധി വികസന പദ്ധതികള്‍ക്കു വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പ് ചുരുങ്ങിയ കാലത്തിനുള്ളില്‍ പൂര്‍ത്തിയാക്കി. പയ്യനാട് ഒലിപ്പുഴ ബൈപ്പാസിനും കഞ്ഞിപ്പുര- മൂടാല്‍ ബൈപ്പാസിനും മുന്‍കൂര്‍ പണം നല്കി സ്ഥലം ഏറ്റെടുത്തതും എളങ്കൂരില്‍ കെ.എസ്.ഇ.ബി.ക്കും തിരൂരില്‍ മലയാളം സര്‍വകലാശാലക്കും മൂര്‍ക്കനാട് മില്‍മ പ്ലാന്റിനും ഭൂമി ഏറ്റെടുക്കാനായതും നേട്ടങ്ങളാണ്. 2015-16 സാമ്പത്തിക വര്‍ഷം ലാന്‍ഡ് റവന്യൂ, റവന്യൂ റിക്കവറി പിരിവുകളില്‍ ജില്ലയ്ക്ക് വന്‍ നേട്ടമുണ്ടായി. ലാന്‍ഡ് റവന്യൂ പിരിവില്‍ 107.88 ശതമാനവും റിവന്യൂ റിക്കവറിയില്‍ 99.08 ശതമാനവും നേട്ടം കൈവരിക്കാനായി. റവന്യൂ റിക്കവറി ഇനത്തില്‍ 25,54,64,083 രൂപയും ലാന്‍ഡ് റവന്യൂ ഇനത്തില്‍ 30,02,81,673 കോടിയുമടക്കം 55,57,45,756 രൂപയാണ് കഴിഞ്ഞ വര്‍ഷം പിരിച്ചെടുത്തത്. ദേശീയ സമ്പാദ്യ പദ്ധതിയിലും ലോട്ടറി വില്‍പ്നയിലും ജില്ല ഒന്നാം സ്ഥാനത്തെത്തി. ഓട്ടിസം, സെറിബ്രല്‍ പള്സിസ, മള്‍ട്ടിപ്പ്ള്‍ ഡിസോഡര്‍ തുടങ്ങിയ വെല്ലുവിളികള്‍ നേരിടുന്ന ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജില്ലാ കലക്ടര്‍ ചെയര്‍മാനായ നാഷണല്‍ ട്രസ്റ്റ് ആക്ട് പ്രകാരമുള്ള ലോക്കല്‍ ലെവല്‍ കമ്മിറ്റി നിയമപ്രകാരമുള്ള രക്ഷിതാക്കളെ അനുവദിച്ചതും മറ്റ് ആനുകൂല്യങ്ങള്‍ നല്‍കിയതും ഈ കാലയളവിലാണ്. മുഖ്യമന്ത്രിയുടെ പൊതുജന പരാതിപരിഹാര സംവിധാനമായ സുതാര്യകേരളത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിലും സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ അവസരോചിതമായി ഇടപെട്ട് പരിഹരിക്കുന്നതിലും കലക്ടറുടെ പ്രവര്‍ത്തനം മികച്ചതായിരുന്നു. കലക്ടറെ സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് വെബ്കാം വഴി ഫോട്ടോ സഹിതമുള്ള ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തി. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കലക്ടറേറ്റില്‍ പ്ലാസ്റ്റിക്, പേപ്പര്‍ കപ്പുകളുടെ ഉപയോഗം നിരോധിച്ചു. 2015 ജൂലൈ 22 നാണ് ടി. ഭാസ്‌കരന്‍ ജില്ലാ കലക്ടറായി ചുമതലയേറ്റത്. രജിസ്‌ട്രേഷന്‍ ഐ.ജി., പട്ടികജാതി വകുപ്പ് ഡയറക്ടര്‍, ഹൗസിങ് കമ്മീഷനര്‍ ആന്‍റ് ഹൗസിങ് ബോര്‍ഡ്. സെക്രട്ടറി, ജലനിധി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍, നിര്‍മിതി മാനെജിങ് ഡയറക്ടര്‍ തുടങ്ങിയ ചുമതലകള്‍ വഹിക്കുന്നതിനിടെയാണ് മലപ്പുറത്ത് കലക്ടറായി നിയമിതനായത്. സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ മാനെജിങ് ഡയറക്ടറായാണ് പുതിയ നിയമനം. മലപ്പുറത്ത് നേരത്തെ തഹസില്‍ദാര്‍, ഹുസൂര്‍ ശിരസ്തദാര്‍, ഡെപ്യൂട്ടി കലക്ടര്‍, പെരിന്തല്മയണ്ണ സബ് കലക്ടര്‍ തസ്തികകളില്‍ പ്രവര്‍ത്തിച്ചിരുന്നു. സ്‌റ്റേറ്റ് കോപ്പറേറ്റീവ് ബാങ്ക് മാനെജിങ് ഡയറക്ടര്‍, സ്‌റ്റേറ്റ് ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി, തിരുവനന്തപുരം കോര്‍പറേഷന്‍ സെക്രട്ടറി തുടങ്ങിയ തസ്തികകളിലും പ്രവര്‍ത്തിച്ചു. വയനാട്, ഇടുക്കി ജില്ലകളില്‍ കലക്ടറായിരുന്നു. കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയാണ് സ്വദേശം.

Share this post: