Top Stories
ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ സ്‌കൂള്‍ ഗൈംസ് ഹാന്റ് ബാള്‍ മത്സരത്തില്‍ കേരളത്തിന്റെ ഗോള്‍ വലയം കാക്കുന്നത് മലപ്പുറത്തുകാരന്‍
December 21, 2016

21-Dec-2016

മലപ്പുറം: ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ സ്‌കൂള്‍ ഗൈംസ് ഹാന്റ് ബാള്‍ മത്സരത്തില്‍ കേരളത്തിന്റെ ഗോള്‍ വലയം കാക്കുന്നത് പൂക്കോട്ടൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി പ്ലസ്ടു കൊമേഴ്‌സ് വിദ്യാര്‍ത്ഥി സി മുഹമ്മദ് ഫര്‍സിന്‍.
കഴിഞ്ഞ നാല് വര്‍ഷമായി ജില്ലാ, സംസ്ഥാനതല ഹാന്റ് ബാള്‍ മത്സരങ്ങളില്‍ ഫര്‍സിന്‍ സജീവ സാന്നിദ്ധ്യമാണ്. കഴിഞ്ഞ മാസം കാസര്‍ഗോഡ് ജില്ലയിലെ ഉപ്പളയില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ ഗെയിംസ് – ഹാന്റ് ബോള്‍ മത്സരത്തില്‍ കേരളത്തിന്റെ വലകാത്ത ഫര്‍സിന് കണ്ണൂരില്‍ നടന്ന നോര്‍ത്ത് സോണ്‍ ഹാന്റ് ബോള്‍ മത്സരത്തിലും, തൃശൂരില്‍ നടന്ന ഹാന്റ് ബോള്‍ അസോസിയേഷന്‍ ജൂനിയര്‍ വിഭാഗം മത്സരത്തിലും ജില്ലയുടെ ഗോള്‍വലയം കാത്തത് മുഹമ്മദ് ഫര്‍സീനായിരുന്നു.
2015ല്‍ പാലക്കാട്ട് നടന്ന സംസ്ഥാന സ്‌കൂള്‍ ഗെയിംസ് ഹാന്റ് ബോള്‍ മത്സരത്തില്‍ മലപ്പുറം ജില്ല ചാമ്പ്യന്മാരായപ്പോഴും ജില്ലയുടെ ഗോള്‍ പോസ്റ്റ് കാത്തത് ഫര്‍സിനായിരുന്നു. പൂക്കോട്ടൂര്‍ പള്ളിപ്പടിയിലെ ചോലയില്‍ മൊയ്തീന്‍ – ഫാത്തിമ ദമ്പതികളുടെ മകനായ ഫര്‍സിന്‍ കായികാധ്യാപകരായ വിനയന്‍, മ്രുനീര്‍ എന്നിവരുടെ ശിക്ഷണത്തിലാണ് ഹാന്റ്‌ബോള്‍ രംഗത്ത് ചുവടുറപ്പിച്ചത്.
അടുത്ത ആഴ്ച ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ സ്‌കൂള്‍ ഗെയിംസ് – ഹാന്റ് ബോള്‍ മത്സരത്തില്‍ കേരളത്തിന്റെ വലകാക്കേണ്ട മുഹമ്മദ് ഫര്‍സിന്‍ ഇപ്പോള്‍ അതിനുള്ള തീവ്രപരിശീലനത്തിലാണ്. പൂക്കോട്ടൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടന്ന അനുമോദന യോഗം ഫര്‍സിന് യാത്രയയപ്പ് നല്‍കി. പ്രിന്‍സിപ്പാള്‍ എം സി അബ്ദുറസാഖ് യോഗം ഉദ്ഘാടനം ചെയ്തു. ഹാരിസ് ടി, മുസ്തഫ, ഷമീര്‍, എ മെഹബൂബ്, എ. സന്തോഷ്, മണികണ്ഠന്‍ പി., നിഷ ടി.എം., മുഹമ്മദ് റാഫി പി, റഹൂഫ് സി.കെ. തുടങ്ങിയവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി സി കെ മൊയ്തീന്‍ കുട്ടി സ്വാഗതവും ലത നന്ദിയും പറഞ്ഞു.

Share this post: