Top Stories
തദ്ദേശ സ്ഥാപനങ്ങളില്‍ വിവിധ പരിപാടികള്‍
December 09, 2016

09-Dec-2016
മലപ്പുറം : ഹരിത കേരളം പരിപാടിയുടെ ഭാഗമായി ജില്ലയിലെ ത്രതില പഞ്ചായത്തുകളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. വളാഞ്ചേരി നഗരസഭയില്‍ സോഷ്യല്‍ ഫോറസ്‌ട്രി ഡിവിഷന്റെ കീഴില്‍ തിരുമംഗലത്ത്‌ മനയ്‌ക്കിലെ പാപ്പനശ്ശേരി കാവ്‌ സംരക്ഷണ പ്രവൃത്തികള്‍ ആരംഭിച്ചു. ജൈവവേലി നിര്‍മാണം, വൃക്ഷതൈ നടല്‍ എന്നിവക്കും തുടക്കമായി. താനൂര്‍ നഗരസഭയില്‍ റിസോഴ്‌സ്‌ റിക്കവറി സെന്റര്‍ ഉദ്‌ഘാടനം ചെയ്‌തു. കോട്ടക്കല്‍ നഗരസഭയില്‍ കിണര്‍ റീചാര്‍ജിങും മലപ്പുറം നഗരസഭയില്‍ ലഹരി വിമുക്ത ക്യാംപയിനും തുടങ്ങി. ആവശ്യമില്ലാത്ത ഇലക്‌ട്രോണിക്‌ ഉപകരണങ്ങള്‍ പരസ്‌പരം കൈമാറുന്നതിനായി പെരിന്തല്‍മണ്ണ നഗരസഭയില്‍ സ്വാപ്പ്‌ ഷോപ്പ്‌ തുടങ്ങി.
വേങ്ങരയില്‍ ഹരിത കേരളം പദ്ധതിയുടെ ബ്ലോക്ക്‌തല ഉദ്‌ഘാടനം ബ്ലോക്ക്‌ പരിസരം വൃത്തിയാക്കി പ്രസിഡന്റ്‌ മുഹമ്മദ്‌ അസ്‌ലു നിര്‍വഹിച്ചു. വൈസ്‌ പ്രസിഡന്റ്‌ ബുഷ്‌റ മജീദ്‌, സ്റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍മാരായ മുഹമ്മദലി അഞ്ചുകണ്ടന്‍, സി.കെ കോയാമു, ഷരീഫ പുള്ളാട്ട്‌, ബ്ലോക്ക്‌ അംഗങ്ങള്‍, മലപ്പുറം എ.ഡി.സി (ജനറല്‍) പ്രീതിമേനോന്‍, എം.ജി.എന്‍.ആര്‍.ഇ.ജി.എ വേങ്ങര ബ്ലോക്ക്‌ കോഡിനേറ്റര്‍ മന്‍സൂര്‍, ബ്ലോക്ക്‌ പഞ്ചായത്ത്‌ ജീവനക്കാര്‍, എം.പി.കെ.ബി.വൈ ഏജന്റുമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു. ഹരിത കേരളവുമായി ബന്ധപ്പെട്ട്‌ പഞ്ചായത്ത്‌ തോറും എം.ജി.എന്‍.ആര്‍.ഇ.ജി.എ.യുടെ ആഭിമുഖ്യത്തില്‍ മഴക്കുഴി നിര്‍മ്മാണം, കിണര്‍നിര്‍മ്മാണം, തടയണനിര്‍മ്മാണം എന്നിവ നടപ്പിലാക്കുന്നു.
കൊണ്ടോട്ടിയില്‍ ബ്ലോക്ക്‌ തല ഉദ്‌ഘാടനം ചെറുകാവ്‌ ഗ്രാമ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ നടന്നു. മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസില്‍ ഉള്‍പ്പെടുത്തി ചങ്ങനശ്ശേരി മൂലത്തോട്‌ തടയണ നിര്‍മാണം പ്രവൃത്തി ടി.വി ഇബ്രാഹിം എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ നസീറ അധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷെജിനി, ബ്ലോക്ക്‌ വൈസ്‌ പ്രസിഡന്റ്‌ അബ്‌ദുള്‍കരീം ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍മാരായ രോഹില്‍ നാഥ്‌, സെറീന ഹസീബ്‌, ബ്ലോക്ക്‌ മെമ്പര്‍ അപ്പുട്ടി, പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ജലീല്‍, വാര്‍ഡ്‌ മെമ്പര്‍ കെ.പി.ഉണ്ണി പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ബ്ലോക്ക്‌ ഓഫീസ്‌ ജീവനക്കാര്‍ ബ്ലോക്ക്‌ ഓഫീസുംപരിസരവും ശുചീകരിച്ചു. പെരിന്തല്‍മണ്ണ എം.ഇ.എസ്‌ മെഡിക്കല്‍ കോളെജില്‍ പച്ചക്കറി നട്ടുകൊണ്ട്‌ ടി.എ അഹമ്മദ്‌ കബീര്‍ എം.എല്‍. എ ഉദ്‌ഘാടനം ചെയ്‌തു. അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഒ. കേശവന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ മുഹമ്മദ്‌ വാക്കേത്ത്‌, എം.ഇ.എസ്‌ കോളെജ്‌ ചീഫ്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ ലുക്ക്‌മാന്‍, ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ ടി.കെ റഷീദലി, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പെട്ടമണ്ണ റീന, കൃഷി ഡെപ്യൂട്ടി ഡയറക്‌ടര്‍ എന്‍.യു സദാനന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share this post: