25, April 2016
താനൂര്‍ : താനൂര്‍ മണ്ഡലം എല്‍ഡിഎഫ്–ഐഎന്‍എല്‍ സ്വതന്ത്ര സ്ഥാനാര്‍ഥി വി അബ്ദുറഹിമാന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വി എസ് അച്യുതാനന്ദന് ഞായറാഴ്ച താനൂരില്‍ എത്തി. രാവിലെ പത്തരയോടെ താനൂര്‍ മുനിസിപ്പല്‍ ഓഫീസ് പരിസരത്തെ മൈതാനത്തില്‍ നടന്ന പൊതുയോഗത്തില്‍ അദ്ദേഹം വി.അബ്ദുറഹിമാന് വേണ്ടിയും തിരൂരങ്ങാടി മണ്ഡലം എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി നിയാസ് പുളിക്കലത്തിനു വേണ്ടിയും അദ്ദേഹം വോട്ട് അഭ്യര്‍ഥിച്ചു. അക്രമം കൊണ്ട് ഇടതുമുന്നണിയെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്ക് മെയ് 16ന് താനൂരിലെ ജനങ്ങള്‍ വോട്ട് ചെയ്ത് മറുപടി നല്‍കണമെന്ന് വി.എസ് ആഹ്വാനം ചെയ്തു.
താനൂര്‍ നിയോജകമണ്ഡലം എല്‍ഡിഎഫ് ചെയര്മാന് ടി കെ മരക്കാരുകുട്ടി യോഗത്തില്‍ അധ്യക്ഷനായിരുന്നു. താനൂര്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി അബ്ദുറഹിമാന്, തിരൂരങ്ങാടി മണ്ഡലം എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി നിയാസ് പുളിക്കലകത്ത്, സിപിഐ എം ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍, സംസ്ഥാന കമ്മിറ്റി അംഗം പി നന്ദകുമാര്‍, കുഞ്ഞു മീനടത്തൂര്‍, എ പി സുബ്രഹ്മണ്യന്, എന്‍സിപി ജില്ലാ പ്രസിഡന്റ് ടി എന്‍ ശിവശങ്കരന്, അഡ്വ. റഹൂഫ്, എന്‍സിപി മണ്ഡലം പ്രസിഡന്റ് മേപ്പുറത്ത് ഹംസു, കെ പുരം സദാനന്ദന്, നാഷണല്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് സി പി വഹാബ്, എ പി സിദ്ധിഖ് തുടങ്ങിയവര്‍ സംസാരിച്ചു. എല്‍ഡിഎഫ് മണ്ഡലം കണ്‍വീനര്‍ ഇ ജയന് സ്വാഗതം പറഞ്ഞു. താനൂര്‍ നിയോജകമണ്ഡലം സ്ഥാനാര്‍ഥി വി അബ്ദുറഹിമാന് ഷാളണിയിച്ചാണ് വിപ്ളവനായകനെ സ്വീകരിച്ചത്. തിരൂരങ്ങാടി നിയോജകമണ്ഡലം എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി നിയാസ് പുളിക്കലകത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വെബ് സൈറ്റിന്റെ ഉദ്ഘാടനവും വി എസ് നിര്‍വഹിച്ചു.