Top Stories
തൃപ്പനച്ചി പി.എച്ച്.സി., വളമംഗലം ആയുര്വേദ ഡിസ്പെന്സറി കെട്ടിങ്ങള് നവീകരിക്കും
June 16, 2016

15, June 2016
മലപ്പുറം : സന്സദ് ആദര്ശ് ഗ്രാമ് യോജന പദ്ധതിയില് ഉള്പ്പെടുത്തി പുല്പ്പറ്റ ഗ്രാമപഞ്ചായത്തിലെ തൃപ്പനച്ചി പ്രാഥമികാരോഗ്യ കേന്ദ്രം, വളമംഗലം ആയുര്വേദ ഡിസ്പെന്സറി എന്നിവയുടെ കെട്ടിടങ്ങള് നവീകരിക്കും. ഇ. അഹമ്മദ് എം.പി.യുടെ പ്രാദേശിക വികസന ഫണ്ടില് നിന്ന് യഥാക്രമം 4.9 ലക്ഷം, നാല് ലക്ഷം വീതം ചെലവഴിച്ചാണ് നവീകരണം പൂര്ത്തിയാക്കുക. പഞ്ചായത്തിലെ പുല്പ്പറ്റ, വളമംഗലം, പൂക്കുളത്തൂര് ജി.എല്.പി. സ്കൂളുകളില് സ്മാര്ട്ട് ക്ലാസ് റൂമുകള് സ്ഥാപിക്കും. ചാലിക്കല് അങ്കണവാടി കെട്ടിട നിര്മാണത്തിന് ആറ് ലക്ഷം രൂപയും എം.പി. ഫണ്ടില് നിന്ന് അനുവദിക്കും. ജില്ലയിലെ പുല്പ്പറ്റ, നന്നമ്പ്ര ഗ്രാമപഞ്ചായത്തുകളില് സന്സദ് ആദര്ശ് ഗ്രാമ് യോജന നടത്തിപ്പ് സംബന്ധിച്ച് ആര്.ആര്. ഡെപ്യൂട്ടി കലക്ടര് പി.വി. നളിനിയുടെ അധ്യക്ഷതയില് കലക്ടറേറ്റില് നടന്ന യോഗം വില്ലേജ് ഡവലപ്പ്മെന്റ് പ്ലാനില് ഉള്പ്പെടുത്തിരിക്കുന്ന പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തി. വിവിധ കേന്ദ്ര/സംസ്ഥാനാവിഷ്കൃത പദ്ധതികളുമായുള്ള സംയോജന പുരോഗതിയും നിലവിലുള്ള അവസ്ഥയും വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികള് വിശദീകരിച്ചു. പദ്ധതി പ്രവര്ത്തനങ്ങള് വേഗത്തിലാക്കാനും സ്വകാര്യ- ബഹുജന പങ്കാളിത്തം ഉറപ്പുവരുത്താനും യോഗം തീരുമാനിച്ചു. ഇ. അഹമ്മദ് എം.പി.യുടെ പ്രതിനിധി പി. കോയക്കുട്ടി, ജനപ്രതിനിധികള്, ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഓഫീസര് പി.ഡി. ഫിലിപ്, അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര് ടി.പി. ഹൈദരലി, ഉദ്യോഗസ്ഥര് തുടങ്ങിയവര് പങ്കെടുത്തു.

Share this post: