Top Stories
ദേശീയ പാത വികസനം : റിപ്പോര്‍ട്ട്‌ സര്‍ക്കാരിന്‌ സമര്‍പ്പിച്ചു
June 01, 2017

01-Jun-2017
മലപ്പുറം : ദേശീയ പാത വികസനത്തിന്‌ ബന്ധപ്പെട്ട കണ്‍സള്‍ട്ടന്‍സി തയ്യാറാക്കിയ രൂപ രേഖയില്‍ നിര്‍ദ്ദേശങ്ങളും ആവശ്യങ്ങളും ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട്‌ തുടര്‍ നടപടികള്‍ക്കായി സര്‍ക്കാരിന്‌ കൈമാറിയതായി ജില്ലാ കലക്‌ടര്‍ അമിത്‌ മീണ അറിയിച്ചു. കണ്‍സള്‍ട്ടന്‍സി നിര്‍ദ്ദേശിച്ച രൂപരേഖയില്‍ രണ്ടിടത്ത്‌ മാത്രമാണ്‌ ജില്ലാഭരണകൂടം ജനപ്രതിനിധികളുടെ ആവശ്യപ്രകാരം മാറ്റം ആവശ്യപ്പെട്ടിരിക്കുന്നത്‌. ദേശീയ പാത ഇടിമുഴിക്കല്‍ ഭാഗത്ത്‌ പടിഞ്ഞാറ്‌ 500 മീറ്റര്‍ മാറി സമാന്തര പാതയാണ്‌ ഉദ്ദേശിച്ചിരുന്നത്‌. എന്നാല്‍ ഇവിടെ ജനസാന്ദ്രത കൂടിയതിനാല്‍ പൊതുജനങ്ങളുടെ പ്രതിഷേധത്തിന്‌ കാരണമാവുമെന്നും പാതയുടെ ദിശാമാറ്റം ആവശ്യമില്ലെന്നും ചേലേമ്പ്ര ഗ്രാമ പഞ്ചായത്ത്‌ ആവശ്യപ്പെട്ടിരുന്നു. കൊളപ്പുറം ഭാഗത്ത്‌ ഇതെ പോലെ 400 മീറ്റര്‍ ദൂരത്തേക്കുള്ള മാറ്റമായിരുന്നു ഉദ്ദേശിച്ചിരുന്നത്‌. ഇവിടെയും മാറ്റം വേണ്ടെന്ന്‌ ജനപ്രതിനിധികളുടെ വികാരം ദേശീയ പാത വിഭാഗത്തെ അറിയിച്ചിട്ടുണ്ട്‌. എന്നാല്‍ ഇത്‌ സംബന്ധിച്ച അന്തിമ തീരുമാനം ദേശീയപാതാ വിഭാഗത്തിന്റെതായിരിക്കും.

ദേശിയ പാത വരുമ്പോള്‍ തേഞ്ഞിപ്പലം വില്ലേജ്‌ ഓഫിസ്‌ കെട്ടിടം പൂര്‍ണമായും നഷ്‌ടപെടും. പകരം സ്ഥലം വിലേജില്‍ നല്‍കാനില്ലെന്ന്‌ അറിയിച്ചിട്ടുണ്ട്‌. ആയതിനാല്‍ നിലവില്‍ ദേശീയ പാതാവിഭാഗത്തിന്റെ കൈവശം തേഞ്ഞിപ്പലം വില്ലേജിലുള്ള സ്ഥലം വിട്ടു നല്‍കണമെന്ന്‌ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. തെന്നല വില്ലേജ്‌ ഓഫിസ്‌, പഞ്ചായത്ത്‌ ഓഫിസ്‌, ക്യഷി ഭവന്‍ എന്നിവ ദേശീയ പാത വരുന്നതോടെ മാറ്റേണ്ടിവരും ആയത്‌ തെന്നലയില്‍ ദേശീയ പാതയുടെ കൈവശമുള്ള സ്ഥലത്തേക്ക്‌ മാറ്റണമെന്നും ആവശ്യപ്പെട്ടു. ദേശീയ പാതയുടെ മധ്യവര നിര്‍ണയിക്കുന്ന പ്രവര്‍ത്തികള്‍ തുടങ്ങാനും സ്ഥലമേറ്റെടുക്കുന്നതിന്‌ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ലഭ്യാക്കാനും ജില്ലാ കലക്‌ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. റിപ്പോര്‍ട്ട്‌ പഠിച്ച ശേഷം ആവശ്യമായ നിര്‍ദ്ദേശങ്ങളോടെ സര്‍ക്കാര്‍ ഇത്‌ ദേശീയപാത വിഭാഗത്തിന്‌ കൈമാറും.

Share this post: