Top Stories
നട്ടെല്ലുള്ള ജീവനക്കാര്‍ക്ക്‌ തൊഴിലെടുക്കാന്‍ കഴിയാത്ത സാഹചര്യമാണ്‌ കേരളത്തില്‍: പി ടി അജയ്‌മോഹന്‍
July 20, 2017

20-Jul-2017
പൊന്നാനി: നട്ടെല്ലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ തൊഴിലെടുക്കാന്‍ കഴിയാത്ത സാഹചര്യമാണ്‌ കേരളത്തിലെന്ന്‌ കെപിസിസി സെക്രട്ടറി പി ടി അജയ്‌മോഹന്‍. പൊന്നാനിയില്‍ നടന്ന 43ാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച്‌ നടന്ന പൊതുയോഗം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷത്തിന്റെ കുഴലൂത്തുകാരായി മാറിയിരിക്കുകയാണ്‌ എന്‍ജിഒ യൂണിയനുകാര്‍. യുഡിഎഫ്‌ ഭരിച്ചപ്പോഴും ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ക്കായി പോരാടിയവരാണ്‌ എന്‍ജിഒ അസോസിയേഷന്‍ പ്രവര്‍ത്തകര്‍. മാഫിയകള്‍ക്ക്‌ വേണ്ടിയാണ്‌ ഇടതുസര്‍ക്കാര്‍ നിലകൊള്ളുന്നത്‌. ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നവരെ സ്ഥലം മാറ്റുകയാണിപ്പോള്‍. പനിപിടിച്ച്‌ കേരളം വിറയ്‌ക്കുമ്പോള്‍ നടത്തുന്ന നഴ്‌സുമാരുടെ സമരത്തിന്‌ പരിഹാരം കാണാന്‍ കഴിയുന്നില്ല. ചെയ്യുന്ന ജോലിക്ക്‌ അംഗീകാരം നല്‍കണം. എല്ലാ ജീവനക്കാരെയും അഴിമതിക്കാരാക്കുകയാണ്‌ ഈ സര്‍ക്കാരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണൂര്‍ മുന്‍ ഡിസിസി പ്രസിഡന്റ്‌ കെ സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. എല്‍ഡിഎഫ്‌ അധികാരത്തില്‍ കയറുമ്പോള്‍ പറഞ്ഞ മുദ്രാവാക്യത്തില്‍ ഒന്നുപോലും നിറവേറ്റാന്‍ ഇതുവരെ പിണറായിക്ക്‌ കഴിഞ്ഞിട്ടില്ല. വര്‍ദ്ധിച്ച്‌ വരുന്ന വിലക്കയറ്റത്തേക്കുറിച്ച്‌ പിണറായിയോ കൊടിയേരിയോ ഇതുവരെ ഒരക്ഷരം പോലും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്‍ജിഒ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്‌ വി പി ദിനേഷ്‌ അധ്യക്ഷത വഹിച്ചു. യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്ഥാന സെക്രട്ടറി സിദ്ദിഖ്‌ പന്താവൂര്‍, കെഎസ്‌യു മുന്‍ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എ എം രോഹിത്‌, വാര്യത്ത്‌ ചന്ദ്രവല്ലി, ടി കെ അഷ്‌റഫ്‌, എന്‍ എ ജോസഫ്‌, സുരേഷ്‌ പൊല്‍പ്പാക്കര, പുന്നക്കല്‍ സുരേഷ്‌, സി ജോസഫ്‌, അബ്ദുള്‍ ലത്തീഫ്‌, കെ പി ജാഫര്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം കോലോത്ത്‌ ഗോപാലകൃഷ്‌ണന്‍ സ്വാഗതവും ജില്ലാ ട്രഷറര്‍ സി വിഷ്‌ണുദാസ്‌ നന്ദിയും പറഞ്ഞു.

Share this post: