29, March 2016
തിരുവനന്തപുരം :അടുത്ത മാസം നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ളപ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ റഫറന്‍സ് കൈപ്പുസ്തകമായ “കേരളനിയമസഭ തെരെഞ്ഞെടുപ്പ് – 2016”പ്രസിദ്ധീകരിച്ചു. പുസ്തകത്തിന്റെ പ്രകാശനം സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ശ്രീ. ഇ.കെ.മാജി ഐ.എ.എസ്.തിരുവനന്തപുരത്ത് നിര്‍വഹിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍,തിരുവനന്തപുരം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. നീതുസോണ പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. അഡീഷണല്‍ സി.ഇ.ഒ. ശ്രീ. സാബു പോള്‍ സെബാസ്റ്റ്യന്‍, പി.ഐ.ബി. അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീ. എന്‍. ദേവന് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
നിയമസഭാ തെരെഞ്ഞെടുപ്പ് – 2016 ഒറ്റനോട്ടത്തില്‍, 2011 ലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ രേഖാചിത്രം, ജില്ല തിരിച്ചുള്ള വോട്ടിംഗ് ശതമാനം വോട്ടര്‍ മാരിലെ ആണ്- പെണ് അനുപാതം, പാര്‍ട്ടി തിരിച്ചുള്ള സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍, വനിതാ സ്ഥാനാര്‍ത്ഥികള്‍, സ്ഥാനാര്‍ത്ഥികളുടെ പ്രായമനുസരിച്ചുള്ള വിഭജനം, സ്ഥാനാര്‍ത്ഥികളും വോട്ട് നിലവാരവും, തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാതൃകാ പെരുമാറ്റച്ചട്ടം, 2016 ലെ നിയമസഭ തെരഞ്ഞെടുപ്പിനുള്ള വരണാധികാരികളെ സംബന്ധിച്ച വിശദ വിവരങ്ങള്‍ തുടങ്ങിയവ ഈ കൈപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.