Top Stories
നിരവധി മോഷണ കേസുകളിലെ പ്രതി അറസ്റ്റില്‍
November 24, 2016

24-Nov-2016
പെരിന്തല്‍മണ്ണ: മലപ്പുറം, പാലക്കാട്‌, കോഴിക്കോട്‌ ജില്ലകളിലായി പതിനഞ്ചോളം മോഷണക്കേസുകളില്‍ പ്രതിയും ജയില്‍ശിക്ഷ അനുഭവിച്ച്‌ പുറത്തിറങ്ങിയയാളുമായ കരുവാരക്കുണ്ട്‌ സ്വദേശി പുഴക്കല്‍ സന്തോഷ്‌ ബാബു (38) എന്ന രംഗനെ പെരിന്തല്‍മണ്ണ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. പെരിന്തല്‍മണ്ണ ഡി വൈ എസ്‌ പി എം പി മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ സി ഐ സാജു കെ എബ്രഹാം, എസ്‌ ഐ പ്രമോദും പെരിന്തല്‍മണ്ണ ടൗണ്‍ ഷാഡോ പൊലീസും നടത്തിയ വാഹനപരിശോധനയിലാണ്‌ മോഷ്‌ടിച്ച ബൈക്കുമായി രംഗന്‍ പൊലീസിന്റെ വലയിലാവുന്നത്‌.

രംഗനെ ചോദ്യം ചെയ്‌തതില്‍ കഴിഞ്ഞ ഒക്‌ടോബര്‍ മാസത്തില്‍ തൃത്താലയില്‍ വെച്ച്‌ തിരുവേഗപ്പുറ സ്വദേശിയായ യുവാവിന്റെ മോട്ടോര്‍സൈക്കിളും മുകളില്‍ വെച്ചിരുന്ന ബാഗും പണവും കവര്‍ച്ച ചെയ്‌തതായി പൊലീസിനോടു സമ്മതിച്ചു. മോഷ്‌ടിച്ച ബൈക്കില്‍ കറങ്ങിനടന്ന്‌ റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്നകാറുകളില്‍ നിന്നും പണവും മറ്റും കവര്‍ച്ച നടത്തുന്നതാണ്‌ സന്തോഷ്‌ ബാബുവിന്റെ രീതി. അറസ്റ്റ്‌ ചെയ്‌ത ശേഷം പൊലീസ്‌ കസ്റ്റഡിയില്‍ കൂടുതല്‍ ചോദ്യം ചെയ്‌തതില്‍ കോഴിക്കോട്‌ ജില്ലയിലെ മടവൂര്‍ നിസ്‌കാരപള്ളിയുടെ മുന്‍വശത്ത്‌ നിര്‍ത്തിയിരുന്ന ഹീറോ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ഉടമസ്ഥര്‍ പള്ളിയില്‍ നിസ്‌ക്കരിക്കുവാന്‍പോയ സമയത്ത്‌ മോഷ്‌ടിച്ചതായും രംഗന്‍ പൊലീസിനോടു സമ്മതിച്ചു.

മോഷണക്കേസില്‍ രണ്ട്‌ വര്‍ഷത്തോളം ജയില്‍ശിക്ഷ അനുഭവിച്ച്‌ പുറത്തിറങ്ങിയ പ്രതി ഇറങ്ങിയതിന്റെ അടുത്തദിവസം തന്നെയാണ്‌ തൃത്താലയില്‍ നിന്നും ബൈക്ക്‌ മോഷ്‌ടിച്ചത്‌. സന്തോഷ്‌ ബാബുവിന്റെ പേരില്‍ മണ്ണാര്‍ക്കാട്‌, ശ്രീകൃഷ്‌ണപുരം, വടക്കാഞ്ചേരി,
പെരിന്തല്‍മണ്ണ, തളിപ്പറമ്പ്‌, മഞ്ചേരി, പരപ്പനങ്ങാടി, തിരുവമ്പാടി, പേരാമ്പ്ര പൊലീസ്‌ സ്റ്റേഷനുകളിലായി 15 ഓളം മോഷണക്കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌.

പ്രതിയുടെ പേരില്‍ രണ്ട്‌ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തതായും പെരിന്തല്‍മണ്ണ ജെ എഫ്‌ സി എം കോടതിയില്‍ ഹാജരാക്കി റിമാന്റ്‌ ചെയ്‌തു.

Share this post: