Top Stories
നിലമ്പൂരില്‍ ഡെങ്കിപ്പനി വ്യാപകം ആശങ്ക വേണ്ടെന്ന്‌ മെഡിക്കല്‍ സൂപ്രണ്ട്‌
June 05, 2017

05-Jun-2017
നിലമ്പൂര്‍: ഈ വര്‍ഷം നിലമ്പൂര്‍ മേഖലയില്‍ മഴയുടെ തുടക്കത്തില്‍തന്നെ ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്നതായി നിലമ്പൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ട്‌ ഇന്‍ ചാര്‍ജ്‌ ഡോ സി ഹമീദ്‌. 24 പേര്‍ ഡെങ്കിപ്പനിബാധിതരായി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുണ്ട്‌. എന്നാല്‍ ആരുടെയും നില ഗുരുതരമല്ല. കുട്ടികളുടെ വാര്‍ഡില്‍ അഞ്ചുപേരും ചികിത്സയിലുണ്ട്‌. പോത്തുകല്ല്‌, എടക്കര, വഴിക്കടവ്‌ പഞ്ചായത്തുകളില്‍പെട്ട പാലേമാട്‌, പാതിരിപ്പാടം, മുണ്ടേരി, ഭൂദാനം മേഖലകളിലാണ്‌ ഡെങ്കിപ്പനി കൂടുതലായി റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുള്ളത്‌. 145 ബെഡുകളാണ്‌ ആശുപത്രിയില്‍ ഉള്ളതെങ്കിലും 300 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്‌. പ്രതിദിനം 1255നും 1500നുമിടയില്‍ രോഗികളാണ്‌ ഒപിയില്‍ എത്തിക്കൊണ്ടിരിക്കുന്നത്‌. മഴക്കാലം ആരംഭിച്ച സാഹചര്യത്തില്‍ കൂടുതല്‍ ജീവനക്കാരുടെ ആവശ്യമുണ്ട്‌. കഴിഞ്ഞ മഴക്കാലത്ത്‌ കൂടുതല്‍ പേരെ നിയോഗിച്ചിരുന്നു. ഇക്കുറിയും ഇതുണ്ടാവുമെന്നാണ്‌ പ്രതീക്ഷ. ചൊവ്വാഴ്‌ച ഡി എം ഒ വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ ഇക്കാര്യം ഉന്നയിക്കും. ഡങ്കിപ്പനി തടയാന്‍ കൊതുകു നശീകരണം അനിവാര്യമായതിനാല്‍ കൊതുകുകള്‍ വളരാതിരിക്കാന്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും കൊതുകുകള്‍ക്കെതിരെയുള്ള യുദ്ധമാണ്‌ ഇത്തരം രോഗങ്ങള്‍ തടയുന്നതിനുള്ള മാര്‍ഗമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പൂര്‍ണസഹകരണത്തോടെ മാത്രമേ മഴക്കാല രോഗങ്ങള്‍ തടയാനാവൂ അതിനാല്‍ എല്ലാവരും ആരോഗ്യവകുപ്പുമായി സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

Share this post: