Top Stories
നിലമ്പൂരില്‍ വീണ്ടും എക്‌സൈസ് ലഹരി വേട്ട, തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍
July 18, 2017

18-Jul-2017
നിലമ്പൂര്‍: നിലമ്പൂരില്‍ വീണ്ടും എക്‌സൈസ് ലഹരി വേട്ട, തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍. എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തേ തുടര്‍ന്ന് നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നടത്തിയ പരിശോധനയിലാണ് ദിണ്ടുഗല്‍ ഓട്ടച്ഛത്രം സ്വദേശി ശിവകുമാര്‍(22) പിടിയിലായത്.
ഇയാളില്‍ നിന്നും വില്‍പനക്കായി കൊണ്ടുവന്ന നാലു കിലോ കഞ്ചാവും നിലമ്പൂര്‍ എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ കെ ടി സജിമോനും സംഘവും പിടികൂടി. കഴിഞ്ഞ ദിവസം ലഹരിക്കായി ഉപയോഗിക്കുന്ന നൈട്രസപ്പാം ഗുളികകളുമായി പിടിയിലായ കോഴിക്കോട് സ്വദേശികളായ യുവാക്കളില്‍ നിന്നാണ് കഞ്ചാവുമായി എത്തുന്ന ശിവകുമാറിനെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്. ഇതേ തുടര്‍ന്ന് എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗവും നിലമ്പൂര്‍ റെയ്ഞ്ച് പാര്‍ട്ടിയും റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. ട്രാവലിംഗ് ബാഗില്‍ കഞ്ചാവുമായെത്തിയ ശിവകുമാര്‍ എക്‌സൈസിന്റെ വലയിലാകുകയായിരുന്നു. നിലമ്പൂരില്‍ ഇയാള്‍ മുന്‍പും കഞ്ചാവ് എത്തിച്ചു നല്‍കിയിട്ടുണ്ടെന്ന് മൊഴി നല്‍കി. കോട്ടക്കല്‍, കാടാമ്പുഴ ഭാഗങ്ങളില്‍ നിരവധി തവണ കഞ്ചാവ് എത്തിച്ചു നല്‍കുന്ന പ്രധാന കണ്ണികളില്‍ ഒരാള്‍ കൂടിയാണിയാള്‍. തമിഴ്‌നാട് ഉസിലംപട്ടിയില്‍ നിന്നുമാണ് ഇയാള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവ് എത്തിക്കുന്നത്.
പ്രിവന്റീവ് ഓഫീസര്‍ ഷിജുമോന്‍, ബിജു പി എബ്രഹാം, കെ രാജേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ എസ് അരുണ്‍കുമാര്‍, കെ ഹംസ, രാജന്‍ നെല്ലിയായി, ഇ ഷീന എന്നിവരും സംഘത്തിലുണ്ടായിരുന്നു. നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Share this post: