Top Stories
നിലമ്പൂര്‍ ഗവ: കോളേജ്‌ സര്‍വകക്ഷി സംഘം മുഖ്യമന്ത്രിയെ കണ്ടു
December 01, 2016

01-Dec-2016

നിലമ്പൂര്‍: യുഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ അനുവദിച്ച നിലമ്പൂര്‍ ഗവ കോളേജ്‌ മാനവേദന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിനു സമീപം പ്രവര്‍ത്തനം ആരംഭിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥിന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം മുഖ്യമന്ത്രി പിണറായി വിജയന്‍, വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്‌ എന്നിവരെ തിരുവന്തപുരത്തെത്തി സന്ദര്‍ശിച്ച്‌ നിവേദനം നല്‍കി. സിപിഎം അടക്കമുള്ള ഇടതുപാര്‍ട്ടികള്‍ വിട്ടുനിന്നപ്പോള്‍ സിപിഐ, ബിജെപി കക്ഷികള്‍ സര്‍വകക്ഷി സംഘത്തില്‍ ഉണ്ടായിരുന്നു. മാനവേദന്‍ സ്‌കൂളിന്‌ നിലവിലുള്ള സ്ഥലത്തുനിന്നും കോളേജിന്‌ സ്ഥലം വിട്ടുനല്‍കുന്നതിനോട്‌ സിപിഎമ്മിന്‌ തുടക്കം മുതല്‍ വിയോജിപ്പ്‌ പ്രകടിപ്പിച്ചിരുന്നു.
നഗരസഭ മുന്‍കൈയെടുത്ത്‌ കോളേജിനാവശ്യമായ 5 ഏക്കര്‍ സ്ഥലം അനുയോജ്യമായ സ്ഥലത്ത്‌ കണ്ടെത്തണമെന്നാണ്‌ സിപിഎം അവശ്യപ്പെടുന്നത്‌. ഇത്‌ അപ്രായോഗികമാണെന്നാണ്‌ നഗരസഭയുടെ നിലപാട്‌. എന്നാല്‍ മാനവേദന്‍ സ്‌കൂള്‍ പരിസരത്തുതന്നെ കോളേജ്‌ തുടങ്ങണമെന്ന യുഡിഎഫ്‌ നിലപാടിനോട്‌ അനുകൂല നിലപാടാണ്‌ സിപിഐക്കുള്ളത്‌.
കോളേജ്‌ തുടങ്ങിയ ശേഷം അനുയോജ്യമായ സ്ഥലം കണ്ടെത്തിയാല്‍ അപ്പോള്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്നാണ്‌ സിപിഐ നിലപാട്‌. ഒരു കാരണ വശാലും നിലമ്പൂരിനനുവദിക്കപ്പെട്ട കോളേജ്‌ നഷ്ടപ്പെടരുതെന്ന വാദവും ഇവര്‍ ഉന്നയിക്കുന്നുണ്ട്‌. നഗരസഭയില്‍ ഭൂരഹിതരായ 370 ഓളം കുടുംബങ്ങള്‍ നിലവിലുള്ള സാഹചര്യത്തില്‍ കോളേജിനായി പുതിയ സ്ഥലം കണ്ടെത്തുക അപ്രായോഗികമാണെന്നാണ്‌ യുഡിഎഫ്‌ നിലപാട്‌.
കോളേജ്‌ കാര്യത്തില്‍ യുഡിഎഫ്‌ അനുകൂല നിലപാടാണ്‌ ബിജെപിക്കുമുള്ളത്‌. വ്യാപാരി സംഘടനാ പ്രതിനിധകളും സര്‍വകക്ഷി സംഘത്തിലുണ്ടായിരുന്നു. നഗരസഭാ വൈസ്‌ ചെയര്‍മാന്‍ പിവി ഹംസ, സ്റ്റാംന്റിംഗ്‌ കമ്മറ്റി ചെയര്‍മാന്‍മാരായ ശ്രീജ ചന്ദ്രന്‍, എ. ഗോപിനാഥ്‌, പാലോളി മെഹബൂബ്‌, ഷേര്‍ളിമോള്‍, കൂടതെ വ്യാപാരി പ്രതിനിധികളായ വിനോദ്‌ പി. മേനോന്‍, യു നരേന്ദ്രന്‍, കെ സഫറുള്ള, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായി സിപിഐ ലോക്കല്‍ സെക്രട്ടറി പി.എം ബഷീര്‍, ബിജെപി ജില്ലാ സെക്രട്ടറി കെസി വേലായുധന്‍, ജനകീയ കൂട്ടായ്‌മ കണ്‍വീനര്‍ ജോസ്‌ കെ അഗസ്‌റ്റിന്‍, കേരളാ കോണ്‍ഗ്രസ്‌ ജേക്കബ്‌ ജില്ലാ സെക്രട്ടറി ബിനോയ്‌ പാട്ടത്തില്‍ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

Share this post: