Top Stories
പുതിയ അദ്ധ്യയന വര്‍ഷത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളെത്തി മേഖലയുടെ അഭിമാനമായി സര്‍ക്കാര്‍ വിദ്യാലയം
June 02, 2017

02-Jun-2017

നിലമ്പൂര്‍: പുതിയ അദ്ധ്യയന വര്‍ഷത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളെത്തി മേഖലയുടെ അഭിമാനമായി സര്‍ക്കാര്‍ വിദ്യാലയം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയോളം പേരാണ് ഇത്തവണ നിലമ്പൂര്‍ വീട്ടിക്കുത്തിലെ സര്‍ക്കാര്‍ വിദ്യാലയത്തെ അക്ഷരസുകൃതം നുണയാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. 2016-17 വര്‍ഷത്തില്‍ 1,2,3,4 ക്ലാസ്സുകളിലായി 135 കുട്ടികളും പ്രീ പ്രൈമറിയില്‍ 28 പേരും ഉണ്ടായിരുന്ന ഈ വിദ്യാലയത്തില്‍ ഈ അദ്ധ്യയനവര്‍ഷം തുടക്കത്തില്‍ മാത്രം നാലു ക്ലാസ്സുകളിലേക്കുമായി 163 കുട്ടികളും പ്രീ പ്രൈമ റിയില്‍ 54 കുട്ടികളും ആയിക്കഴിഞ്ഞു. രണ്ടു വര്‍ഷം മുന്‍പ് സ്‌കൂളുമായി ബന്ധപ്പെട്ട് പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ഉള്‍പ്പെടുത്തി അധ്യാപകരും ഭാരവാഹികളും നടത്തിയ ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ മാറ്റം നേടാനായത്. ഈ വര്‍ഷത്തെ ക്ലസ്റ്റര്‍ തല പ്രവേശനോത്സവവും ഇവിടെയാണ് നടന്നത്.

നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീജ ചന്ദ്രന്‍, കൗണ്‍സിലര്‍ ചാലില്‍ ഉണ്ണി, പി.ടി.എ പ്രസിഡന്റ് വി.വാസുദേവന്‍, പ്രധാനാദ്ധ്യാപകന്‍ അബ്ദുള്‍ അസീസ് ഇല്ലിക്കണ്ടി, എസ്.എം.സി ചെയര്‍മാന്‍ സി.വിനോദ്, എസ്.എസ്.ജി ചെയര്‍മാന്‍ പി.രാജീവ്, എന്‍.വേലുക്കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. നിലമ്പൂര്‍ എസ്.ഐ മനോജ് പറയട്ട സ്‌കൂളിലെത്തി ബോധവത്കരണ ക്ലാസ്സെടുത്തു. മുത്തൂറ്റ് നല്കിയ പുസ്തകങ്ങള്‍ എന്‍.വേലുകുട്ടി സ്‌കൂളിനുവേണ്ടി ഏറ്റുവാങ്ങി. പി.ടി.എ യുടെ ആഭിമുഖ്യത്തില്‍ വിവിധ അക്ഷരങ്ങളുടെ ആകൃതിയില്‍ ജിലേബി പാകം ചെയ്തു നല്കിയാണ് കുട്ടികളെ സ്‌കൂളിലേക്ക് സ്വീകരിച്ചത്.

Share this post: