Top Stories
പുല്ലങ്കോട്‌ ചേനപ്പാടി വനമേഖലയില്‍ മാവോവാദികളെ കണ്ടെന്ന്‌
December 13, 2016

mao-search13-Dec-2016
മലപ്പുറം: പുല്ലങ്കോട്‌ ചേനപ്പാടി വനമേഖലയില്‍ മാവോവാദികളെ കണ്ടെന്ന്‌. ഊര്‍ജിതമായ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിരച്ചില്‍ സംഘത്തില്‍ മാധ്യമ പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ചു. പുല്ലങ്കോട്‌ എസ്റ്റേറ്റ്‌ തൊഴിലാളിയായ രന്ദീപാണ്‌ രണ്ടു പേരെ കണ്ടത്‌. രണ്ടു പേരുടെയും മുതുകില്‍ വലിയ ബാഗുണ്ടായിരുന്നതായി തൊഴിലാളി പറഞ്ഞു. ഇന്നലെ രാവിലെ 7.30നാണ്‌ സംഘത്തെ കണ്ടത്‌. തൊഴിലാളി ബഹളം വെച്ചപ്പോള്‍ സംഘം കൈ കൊണ്ട്‌ ആംഗ്യം കാണിച്ചു. വിവരമറിയിച്ചയുടനെ വന്‍ പോലിസ്‌ സംഘം സ്ഥലത്തെത്തി തിരച്ചില്‍ നടത്തി. നിലമ്പൂര്‍ സി ഐ സുനില്‍പുളിക്കല്‍ പാണ്ടിക്കാട്‌ സി ഐ യൂസുഫ്‌ കാളികാവ്‌ എസ്‌ ഐ സുരേഷ്‌ ബാബു എന്നിവരുടെ നേതൃത്വത്തിലാണ്‌ തിരച്ചില്‍ നടത്തിയത്‌. ഭീകര വിരുദ്ധ സേന തണ്ടര്‍ബോള്‍ട്ട്‌ എന്നീ സേനാംഗങ്ങളാണ്‌ തിരച്ചില്‍ നടത്തിയത്‌. 10 കിലോമീറ്ററോളം ഉള്‍വനത്തില്‍ അരിച്ചുപൊറുക്കിയെങ്കിലും ആരെയും കണ്ടെത്താനായില്ല. ഉച്ചക്ക്‌ 2.30ന്‌ തിരച്ചില്‍ നിര്‍ത്തി സംഘം മലയിറങ്ങി.
ചേനപ്പാടി മേഖലയില്‍ നേരത്തെയും മാവോവാദികളെ കണ്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. കരുളായി വെടിവെപ്പിനു ശേഷം പോലീസ്‌ പുല്ലങ്കോട്‌ മേഖലയില്‍ അതീവ ജാഗ്രതയിലാണ്‌. മാവോവാദികളുടെ തിരിച്ചടിക്ക്‌ ഏറെ സാധ്യതയുള്ള മേഖലയാണ്‌ പുല്ലങ്കോടെന്ന്‌ ഇന്‍റലിജന്‍സ്‌ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ ജാഗ്രത നിര്‍ദ്ദേശം. ഇതിന്റെ ഭാഗമായി മേഖലയിലെ ആദിവാസി കോളനികളില്‍ പോലീസ്‌ സംഘം വിവരം ലഭിക്കുന്നതിന്‌ നടപടി സ്വീകരിച്ചിരുന്നു. ചേനപ്പാടി കോളനിക്ക്‌ മുകളില്‍ അതീവ ദുര്‍ഘടമായ സൈലന്റ്‌ വാലി മലനിരകളാണ്‌. ഇത്‌ തിരച്ചിലിനും ഏറെ പ്രയാസമുള്ള മേലെയാണ്‌. ചേനപ്പാടി കാടഞ്ചേരി നാല്‍പ്പത്‌ സെന്റ്‌ എന്നിവിടങ്ങളിലാണ്‌ നേരത്തെ ആയുധധാരികളെ കണ്ടെത്തിയിരുന്നത്‌. കഴിഞ്ഞവര്‍ഷം ഇതേ മേഖലയില്‍ രണ്ടു ദിവസം സര്‍വ്വ സന്നാഹങ്ങളുമായി തിരച്ചില്‍ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി മേഖലയിലെ പോലീസ്‌ സ്റ്റേഷനുകള്‍ക്ക്‌ സായുധ സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു.

Share this post: