02-Jun-2017
നിലമ്പൂര്‍: പൊതു വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുവാനുള്ള ഊര്‍ജ്ജിത ശ്രമങ്ങള്‍ ഫലം കാണുന്നു. ഈ വര്‍ഷം സര്‍ക്കാര്‍ സ്കൂളുകളിലേക്ക് പ്രവേശനം തേടിയെത്തുന്ന കുട്ടികളുടെ എണ്ണത്തിലുള്ള വര്‍ധനവ് വ്യക്തമാക്കുന്നു. പല സ്കൂളുകളിലും വേണ്ടത്ര അടിസ്ഥാന സൗകര്യം ഒരുക്കാത്തതാണ് കുട്ടികള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെടാനിടയാക്കിയത്. 106 വര്‍ഷത്തെ പാരമ്പര്യമുള്ള ചന്തക്കുന്ന് ഗവ എല്‍പി സ്കൂളില്‍ പ്രീപ്രൈമറിക്ക് കഴിഞ്ഞ വര്‍ഷം 195 കുരുന്നുകളായിരുന്നത് ഇക്കുറി 217 ആയി. ഒന്നാം ക്ലാസില്‍ 112 ആയിരുന്നത് ഇക്കുറി 124 ആയി. രണ്ടാം ക്ലാസില്‍ 111ഉം മൂന്നാം ക്ലാസില്‍ 123ഉം നാലാം ക്ലാസില്‍ 151 വിദ്യാര്‍ത്ഥികളും നിലവിലുണ്ട്. നിലമ്പൂര്‍ ഐഎംഎ ബ്രാഞ്ച് പ്രസിഡന്‍ഡും അകമ്പാടം ഫാത്തിമ ഹോസ്പിറ്റലിന്റെ എംഡിയുമായ ഡോ എം കെ റഫീഖ് തന്റെ മകനായ ബെന്‍ഹറിന് എല്‍കെജി പ്രവേശനം ഉറപ്പാക്കിയത് ഈ സ്കൂളില്‍ തന്നെയാണ്. പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് ശരിയായ അറിവിന്റെ വഴി തെളിയിക്കാന്‍ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് കഴിയുന്നതിന്റെ പകുതി പോലും മറ്റു മേഖലകളിലെ വിദ്യാലയങ്ങള്‍ക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ ആലോചിച്ചെടുത്ത ഉചിതമായ തീരുമാനത്തിന്റെ ഫലമായാണ് മകനെ പൊതുവിദ്യാലയത്തില്‍ ചേര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു. അഡ്മിഷന് തേടിയെത്തുന്ന പലരേയും സ്കൂളില്‍ ആവശ്യമായ ക്ലാസ് മുറികളും അടിസ്ഥാന സൗകര്യങ്ങളുമില്ലാത്തതിനാല്‍ മടക്കി വിടേണ്ടി വരുന്ന സാഹചര്യം വേദനാജനകമാണെന്ന് പ്രധാനാധ്യാപിക കെ ടി അന്നമ്മ പറഞ്ഞു. ഇക്കാര്യത്തില്‍ അധികൃതര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സ്കൂളുകളില്‍ ലൈബ്രറിയും സ്മാര്‍ട് ക്ലാസ് റൂമുകളും കമ്പ്യൂട്ടര്‍ ലാബും ഒരുക്കിയിരിക്കുന്നതാണ് കുട്ടികളെയും രക്ഷിതാക്കളെയും ഇങ്ങോട്ട് ആകര്‍ഷിക്കുന്നത്.