Top Stories
പൊരുതി നേടിയവള്‍ എറിഞ്ഞ്‌വീഴ്‌ത്തിയ സ്വര്‍ണ്ണത്തിന്‌ പത്തരമാറ്റ്‌
December 05, 2016

04-Dec-2016

തേഞ്ഞിപ്പാലം: മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം പോലും നിഷേധിക്കപ്പെട്ടിടത്ത്‌ നിന്ന്‌ കോടതിവിധിയുടെ ബലത്തില്‍ റീട്രയലലില്‍ പങ്കെടുത്ത്‌ ഇരിങ്ങാലക്കുട ജി എം ജി എസ്‌ എസ്‌ വിദ്യാര്‍ത്ഥിനി എറിഞ്ഞ്‌ വീഴ്‌ത്തിയ സ്വര്‍ണ്ണത്തിന്‌ പത്തരമാറ്റ്‌. ഹൈക്കോടതിയുടെയും മാധ്യമങ്ങളുെടയും ഇടപെടലിനെത്തുടര്‍ന്ന്‌ അറുപതാമത്‌ കേരള സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ മാറ്റുരച്ച പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥിനി മരിയ തോമസ്‌ ആണ്‌ കടുത്ത സമ്മര്‍ദ്ദത്തിനിടയിലും സീനിയര്‍ ഗേള്‍സ്‌ ഷോട്ട്‌പുട്ടില്‍ സ്വര്‍ണ്ണം നേടി മികവിനൊത്ത പ്രകടനം കാഴ്‌ച വെച്ചത്‌. കേരള സ്റ്റേറ്റ്‌ സ്‌പോര്‍ട്‌സ്‌ കൗണ്‍സിലിന്റെ ബാനറില്‍ തേഞ്ഞിപ്പാലം കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി സിന്തറ്റിക്‌ സ്റ്റേഡിയത്തില്‍ ഫീല്‍ഡിലിറങ്ങിയ മരിയ കടുത്ത സമ്മര്‍ദ്ദത്തിനിടയിലും തന്റെ ഏറ്റവും മികച്ച ദൂരമായ 9.91 മീറ്റര്‍ ദുരത്തേക്ക്‌ ഷോട്ട്‌ എറിഞ്ഞെത്തിച്ചു. കഴിഞ്ഞ രണ്ട്‌ വര്‍ഷങ്ങളില്‍ ഷോട്ട്‌ പുട്ടില്‍ രണ്ടാം സ്ഥാനം കൊണ്ട്‌ തൃപ്‌തിപ്പെടേണ്ടിവന്നതിലുള്ള നിരാശ മരിയ ഇത്തവണ സുവര്‍ണനേട്ടത്തോടെയാണ്‌ മാറ്റിയെടുത്തത്‌. കഴിഞ്ഞവര്‍ഷത്തെ തനിയാവര്‍ത്തനം പോലെ ഡിസ്‌കസ്‌ ത്രോയില്‍ ഇത്തവണയും വെങ്കലം നേടിയ ഈ വിദ്യാര്‍ത്ഥിനി ഇനി ജാവലിന്‍ ത്രോയില്‍ കൂടി മത്സരിക്കാനുണ്ട്‌.

വോളിബോള്‍ താരമായ മരിയ സ്റ്റേറ്റ്‌ സ്‌കൂള്‍ വോളിബോള്‍ ചാംപ്യന്‍ഷിപ്പില്‍ മാറ്റുരച്ചതോടെ കഴിഞ്ഞ മാസം 23 ന്‌ നടന്ന റവന്യൂ ജില്ലാ കായികമേളയില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വന്നിരുന്നു. ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിന്‌ മുമ്പ്‌ മരിയ ഉള്‍പ്പെടെ നാല്‌ താരങ്ങള്‍ അധികൃതരുമായി ബന്ധപ്പെടുകയും എ ഇ ഒയുടെ അനുമതിയോടെ റീട്രയലില്‍ പങ്കെടുത്താല്‍ മതിയെന്ന മറുപടി ലഭിക്കുകയും ചെയ്‌തു. 24 ന്‌ നടന്ന റീട്രയലില്‍ പങ്കെടുത്ത മരിയ ഒന്നാംസ്ഥാനത്തിന്‌ അര്‍ഹയായെങ്കിലും ഡി ഡി യുടെ പ്രത്യേക ഉത്തരവില്ലാതെ സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ പങ്കെടുക്കാനാവില്ലെന്നായിരുന്നു അധികൃതരുടെ വാദം. ഡി ഡി യ്‌ക്ക്‌ അപേക്ഷ നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും മറുപടി ലഭിക്കാതെ വന്നതോടെ ഹൈക്കോടതിയെ സമീപിച്ച്‌ അനുകൂല ഉത്തരവ്‌ നേടിയെടുത്തു. എന്നാല്‍ ഹൈക്കോടതി ഉത്തരവിന്റെ റീട്രയല്‍ നടത്താതെ സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന്റെ സംഘാടകര്‍ പരീക്ഷിച്ചതോടെ വിഷയം മാധ്യമശ്രദ്ധനേടി. തുടര്‍ന്നാണ്‌ മത്സരം തുടങ്ങുന്നതിന്‌ ഏതാനും സമയം മുമ്പ്‌ മാത്രം മരിയയ്‌ക്കും മൂന്ന്‌ താരങ്ങള്‍ക്കും റീട്രയല്‍ നടത്തി ഫൈനല്‍ റൗണ്ടിലേക്ക്‌ പ്രവേശനം നല്‍കുകയായിരുന്നു. തന്റെ അഞ്ചാമത്തെ ത്രോയിലാണ്‌ മരിയ സ്വര്‍ണ്ണക്കുതിപ്പ്‌ നടത്തിയത്‌. ദീപിക ദിനപത്രത്തില്‍ സര്‍ക്കുലേഷന്‍ മാനേജരായ കണ്ണൂര്‍ നടുകില്‍ മഞ്ഞളാങ്കല്‍ ബിനോയ്‌-സിജ ദമ്പതികളുടെ മകളാണ്‌ മരിയ. ഇളയസഹോദരനായ ജോര്‍ജ്ജിന്‌ ചേച്ചിയെപ്പോലെ വോളിബോളിലാണ്‌ കമ്പമെങ്കില്‍ നസ്‌റ്റോറിന്‌ അത്‌ലറ്റിക്‌സിനോടാണ്‌ ഇഷ്‌ടമെന്ന്‌ മരിയ സാക്ഷ്യപ്പെടുത്തുന്നു.

Share this post: